Join Whatsapp Group. Join now!
Aster MIMS 10/10/2023

സാര്‍.. ഞാന്‍ രണ്ടു മാസം ഗര്‍ഭിണിയാണ്.. എനിക്കു പഠിക്കണം, ഈ കുഞ്ഞിനെ ഇല്ലാതാക്കണം; പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍ കേട്ട് തരിച്ചുനിന്ന നിമിഷങ്ങള്‍

അമ്മമാര്‍ക്കുളള ബോധവത്കരണ സെമിനാറില്‍ പങ്കെടുത്തപ്പോഴുളള ഒരു അനുഭവം വായനക്കാരുമായി പങ്കിടുകയാണ്. ജില്ലയിലെ മലയോര മേഖലയിലെ Kookanam-Rahman, Article, Student, Girl, plus-two, The untold story of a plus two girl
കൂക്കാനം റഹ് മാന്‍

(www.kasaragodvartha.com 24.12.2019)  
അമ്മമാര്‍ക്കുളള ബോധവത്കരണ സെമിനാറില്‍ പങ്കെടുത്തപ്പോഴുളള ഒരു അനുഭവം വായനക്കാരുമായി പങ്കിടുകയാണ്. ജില്ലയിലെ മലയോര മേഖലയിലെ സ്‌ക്കൂളിലാണ് പരിപാടി വെച്ചത്. നൂറോളം അമ്മമാര്‍ സെമിനാറില്‍ പങ്കെടുത്തിട്ടുണ്ട്. മുന്‍ ബെഞ്ചിലിരിക്കുന്ന കറുത്ത് മെലിഞ്ഞ ഒരമ്മ തല താഴ്ത്തിപ്പിടിച്ചു ഇടയ്ക്കിടക്ക് കണ്ണ് തുടക്കുന്നുണ്ട്. ക്ലാസിനിടയില്‍ അക്കാര്യം അന്വേഷിച്ചാല്‍ ശരിയാവില്ലായെന്നു കരുതി. എന്റെ ഊഴം കഴിഞ്ഞ ഉടനെ ഞാന്‍ ആ സ്ത്രീയെയും കൂട്ടി വരാന്തയിലേക്ക് വന്നു.

ഒരു ബെഞ്ചിന്റെ ഇരുവശത്തായി ഞങ്ങളിരുന്നു. 'അമ്മയ്ക്ക് എന്താ ഒരു വിഷമം പോലേ?' ഞാന്‍ അന്വേഷിച്ചു. 'ഇന്നത്തെ പെണ്‍കുട്ടികളും അമ്മമാരും അനുഭവിക്കുന്ന പ്രയാസങ്ങളെകുറിച്ച് സാര്‍ സംസാരിച്ചത് കേട്ടപ്പോള്‍ മനസ് പതറിപ്പോയി. ഞാനും ഇതുപോലുളള വേദന അനുഭവിക്കുന്ന ഒരമ്മയാണ് സാര്‍. 'ഞാന്‍ ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അവര്‍ പറഞ്ഞുതുടങ്ങി.

'എനിക്ക് ഒരേയൊരു മകളാണുളളത്. അവളിന്ന് പ്ലസ്ടുവിന് പഠിക്കുകയാണ്. അച്ഛന്‍ ഉപേക്ഷിച്ചുപോയതാണ്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും എനിക്കില്ല. അപേക്ഷിച്ചിട്ടുണ്ട്. ഇതേവരെ കിട്ടിയില്ല. ഒരു നല്ല മനുഷ്യന്‍ അദ്ദേഹത്തിന്റെ തോട്ടത്തില്‍ പണിത ചെറിയൊരു വീട് ഞങ്ങള്‍ക്ക് താമസിക്കാന്‍ സൗജന്യമായി തന്നിട്ടുണ്ട്. ഞാന്‍ രാവിലെ എട്ടരമണിക്ക് തോട്ടത്തില്‍ പണിക്ക് പോകും. വൈകീട്ട് അഞ്ചര മണിയാവുമ്പോള്‍ തിരിച്ചെത്തും.

മകള്‍ക്കുളള ചായയും പലഹാരവും ഒരുക്കികൊടുക്കും. കുളിച്ച് റെഡിയായി വന്ന് യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് യാത്രയാവും. കുന്നിന്‍ ചെരിവിലൂടെ മുക്കാല്‍ മണിക്കൂര്‍ നടന്നുവേണം സ്‌കൂളിലെത്താന്‍. ഞാന്‍ പണികഴിഞ്ഞ് വരുമ്പോഴെക്കും അവളും വീട്ടിലെത്തി എന്നെ കാത്തുനില്‍ക്കും.

ഇക്കഴിഞ്ഞയാഴ്ച ക്ലാസ് ടീച്ചര്‍ എന്നെ നേരിട്ടു വിളിച്ചു. അവള്‍ സ്‌കൂളിലേക്ക് ഇടയ്ക്കിടയ്ക്ക് മാത്രമേ എത്താറുള്ളൂ. എന്താണ് കാരണമെന്ന് അന്വേഷിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എല്ലാ ദിവസവും കൃത്യമായി സ്‌കൂളിലേക്ക് പോവുകയും തിരിച്ചുവരികയും ചെയ്യുന്നുണ്ടല്ലോ ടീച്ചറെ. യൂണിഫോമില്‍ തന്നെ തിരിച്ചു വീട്ടിലെത്തുന്നതും ഞാന്‍ കാണുന്നതല്ലേ.?'

'എന്നാല്‍ എന്തോ കുഴപ്പമുണ്ട്. നിങ്ങള്‍ ഒന്നു ശ്രദ്ധിക്കണം'. ടീച്ചര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ശ്രദ്ധിക്കന്‍ തുടങ്ങി... മോളുടെ അച്ഛന്‍ നല്ലൊരു മദ്യപാനിയായിരുന്നു. അച്ഛന്റെ കൂടെ മദ്യസേവക്കായി ഒരു ദളിത് ചെറുപ്പക്കാരന്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അവര്‍ ഒന്നിച്ച് കൂലി പണിക്ക് പോവാറുണ്ട്. മറ്റ് ശല്യമൊന്നും ഞങ്ങള്‍ക്ക് അതുമൂലം അനുഭവപ്പെട്ടിരുന്നില്ല. പക്ഷേ വീട്ടിലെ ചെലവിനൊന്നും അദ്ദേഹം തരില്ല. എല്ലാം കുടിച്ചു നശിപ്പിക്കും. അതിനെ കുറിച്ച് കയര്‍ത്തു സംസാരിച്ചപ്പോള്‍ ഇറങ്ങി പോയതാണയാള്‍. മോള്‍ക്ക് അഞ്ചോ, ആറോ വയസ്് ആയിക്കാണും അന്ന്. അച്ഛന്‍ പോയതിനുശേഷം ഈ ചെറുപ്പക്കാരന്‍ വീട്ടില്‍ വരാറൊന്നുമില്ല. അവന് ഒരു കണ്ണില്ല, സംസാരിക്കുമ്പോള്‍ വിക്കുണ്ട്, മദ്യത്തിനടിമയാണ്.

ഒരു ദിവസം ഞാന്‍ പണികഴിഞ്ഞ് നേരത്തെ വന്നു. അപ്പോള്‍ ഞാനവനെ വീട്ടിനുളളില്‍ കണ്ടു. ഞാന്‍ ശബ്ദമെടുത്ത് ബഹളം വെച്ചു. അന്നവന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. ഞാന്‍ മകളെ വിളിച്ചിരുത്തി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അറിയുന്നത്. ഒമ്പതാം ക്ലാസുമുതല്‍ അവള്‍ ആ ചെറുക്കനുമായി ഇഷ്ടത്തിലാണ്. ഈ വര്‍ഷം മുതല്‍ അവനുമായി കൂടുതല്‍ അടുപ്പം കാണിക്കാന്‍ തുടങ്ങി. സ്‌കൂളില്‍ പോകാതെ അവനുമായി പലസ്ഥലത്തും കറങ്ങാറുണ്ടെന്നും അവള്‍ തുറന്നു പറഞ്ഞു. അവനുമായുളള അടുപ്പം ഒരു കാരണവശാലും ഒഴിവാക്കാനാവില്ലെന്നു സൂചിപ്പിച്ചു.

ഇതു കേട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി സാര്‍. അവള്‍ക്ക് വേണ്ടിയാണ് സാര്‍ ഞാന്‍ രാവും പകലും കഷ്ടപ്പെടുന്നത്. അച്ഛനില്ലാത്ത ഒരു പ്രയാസവും അവള്‍ക്കുണ്ടാവാതെ ഞാന്‍ ശ്രദ്ധിച്ചു. പഠിച്ചു ഒരു വഴിക്കെത്തിക്കാമെന്നായിരുന്നു എന്റെ മോഹം. അതൊക്കെ പൊലിഞ്ഞുപോയി സാര്‍.

ഇത്രയും ശാരീരിക വൈകല്യമുളള ഒരു ചെറുപ്പക്കാരനെ ഇവളെന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നെനിക്കു മനസ്സിലാവുന്നില്ല. പോരാത്തതിന് ലഹരിക്കടിമയുമാണയാള്‍. ജീവിതം കളഞ്ഞുകുളിക്കല്ലെ മോളെയെന്ന് ഞാനവളെ പലതവണ ഉപദേശിച്ചു. പ്ലസ് വണ്‍ പരീക്ഷ അടുക്കാറായി. പഠിക്കണമെന്നും പരീക്ഷയില്‍ ജയിക്കണമെന്നും അവനുമായുളള അടുപ്പം അവസാനിപ്പിക്കണമെന്നും സ്‌നേഹത്തോടെ പറഞ്ഞുനോക്കി. അവള്‍ കൂട്ടാക്കുന്ന മട്ടില്ല. ഞാനെന്തു ചെയ്യണം സാര്‍.

ഒന്ന് എന്റെ വീട്ടിലേക്ക് വരാന്‍ പറ്റുമോ സാറിന്. മകളെ ഒന്നു കാണാന്‍. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍. ആ പാവപ്പെട്ട അമ്മയുടെ ഉള്ളുരുകിയ സങ്കടം കേട്ടപ്പോള്‍ വീട്ടിലേക്ക് വരാമെന്ന് സമ്മതം മൂളി. സംസാരിക്കാനും യാത്ര ചെയ്യാനും പ്രയാസമുണ്ട് ഇപ്പോള്‍. ഹാര്‍ട്ട് ഓപ്പറേഷനുശേഷം ഇവ രണ്ടും കുറച്ചിരിക്കുകയാണ്. ആരെങ്കിലും കൂട്ടിന് ഒപ്പമുണ്ടാവും യാത്ര ചെയ്യുമ്പോള്‍. ഇന്ന് സുഹൃത്ത് മോഹനനാണ് കൂടെയുളളത്. മോഹനനോടൊപ്പം ആ അമ്മയുടെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു.

പക്ഷേ അമ്മ തടഞ്ഞു. സാര്‍ മാത്രം ഇക്കാര്യമറിഞ്ഞാല്‍ മതി. മറ്റൊരാള്‍ ഇതറിയുന്നത് എനിക്കിഷ്ടമില്ല. അതുകൊണ്ട് സാര്‍ അയാളെ കൂട്ടാതെ വരണം. സാരമില്ല, അദ്ദേഹം അറിയാതെ തന്നെ ഞാന്‍ കാര്യം ശ്രദ്ധിച്ചോളാം. എന്നുറപ്പുകൊടുത്ത് ഞങ്ങള്‍ അവരുടെ വീട്ടിലെത്തി. ചെറിയൊരു ഒറ്റമുറി വീടായിരുന്നു അത്. തൊട്ടടുത്ത് ദളിത് കോളനിയാണ്. പ്രസ്തുത കോളനിയിലെ താമസക്കാരനാണ് ഈ ചെറുപ്പക്കാരന്‍.
മോഹനനെ വീടിനു വെളിയില്‍ കസേരയിട്ടിരുത്തി. ഞങ്ങള്‍ അകത്ത് കടന്നു. മകള്‍ തറയില്‍ വിരിച്ച പായയില്‍ ഇരുന്നു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. കറുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി. കണ്ടാല്‍ തീരെ ആരോഗ്യമില്ല. മുഖത്ത് നല്ല ക്ഷീണമുണ്ട്. അമ്മ എന്നെ അവള്‍ക്ക് പരിചയപ്പെടുത്തികൊടുത്തു.

ക്ലാസിന്റെ കാര്യം പറഞ്ഞു. മോളുടെ കാര്യം ഞാന്‍ സാറിനോട് പറഞ്ഞിട്ടുണ്ട്. ഇത് കേള്‍ക്കേണ്ട താമസം, പുസ്തകങ്ങളൊക്കെ വാരിവലിച്ചിട്ട് അവള്‍ അടുക്കള ഭാഗത്തേക്ക് ഓടി മറഞ്ഞു. മകള്‍ പോയതിനുശേഷം അമ്മ വേറെയൊരു കാര്യവും കൂടി മെല്ലെ പറഞ്ഞു. 'സാര്‍ അവള്‍ക്ക് രണ്ടു മാസമായി മാസമുറ വന്നിട്ട്'. എനിക്ക് ഭയമാകുന്നു സാര്‍. ഇതുകൂടി കേട്ടപ്പോള്‍ ഞാന്‍ ശരിക്കൊന്നു ഞെട്ടി.

'ആവട്ടെ അവളെ ഇങ്ങോട്ടൊന്നു കൂട്ടികൊണ്ടുവരൂ'. അവള്‍ വന്നു. കൂസലന്യേ എന്റെ മുമ്പിലിരുന്നു
'എന്താ മോളേ കാര്യം? എല്ലാം തുറന്നു പറഞ്ഞേ'

'സാറേ  ഞാന്‍ അവനെ ഇഷ്ടപ്പെട്ടുപോയി. കുഴപ്പങ്ങളെല്ലാം അവനുണ്ട്. അതൊക്കെ പൊറുക്കാനും ക്ഷമിക്കാനും ഞാന്‍ തയ്യാറാണ്. സാര്‍ എന്റെ രൂപം കണ്ടില്ലേ.. ഇങ്ങിനെയുള്ളൊരു പെണ്‍കുട്ടി അതിനപ്പുറം ആഗ്രഹിക്കണോ. ചെയ്യരുതാത്ത കാര്യം ഞാന്‍ ചെയ്തുപോയി സാര്‍. രണ്ടു മാസം ഗര്‍ഭിണിയാണ് ഞാന്‍. ഇങ്ങിനെയൊന്നും സംഭവിക്കുമെന്നെനിക്ക് അറിയില്ലായിരുന്നു. സാര്‍ എനിക്കു പഠിക്കണം, പതിനെട്ടു കഴിഞ്ഞേ വിവാഹം നടക്കേണ്ടൂ.. ഈ കുഞ്ഞിനെ ഇല്ലാതാക്കണം...'' അവള്‍ക്ക് പെട്ടന്ന് സങ്കടം വന്നു കരയാന്‍ തുടങ്ങി...

ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എങ്കിലും മനസില്‍ ഇക്കാലത്തെ ഇത്തരം പെണ്‍കുട്ടികളെ കുറിച്ചോര്‍ത്തുപോയി. ദാരിദ്ര്യത്തെ കുറിച്ചും കഷ്ടപ്പെട്ടു വളര്‍ത്തിയവരെ കുറിച്ചും പഠനം മുടങ്ങുന്നതിനെ കുറിച്ചും, ഇഷ്ടപ്പെട്ടവനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ചും ഒന്നും ഭയമില്ലാതായിരിക്കുന്നു. ഇതൊക്കെ നടന്നില്ലെങ്കില്‍ ജീവിതം കയര്‍ തുണ്ടിലോ റെയില്‍പാളത്തിലോ ഹോമിക്കാനും ധൈര്യമുണ്ടവര്‍ക്ക്.

'മോളേ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചില്ലേ.. നിന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതരാനുള്ള സംവിധാനങ്ങള്‍ ഉണ്ടിവിടെ. ആ വഴിക്ക് കുട്ടി നീങ്ങൂ, പഠനം തുടരൂ...''


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kookanam-Rahman, Article, Student, Girl, plus-two, The untold story of a plus two girl    < !- START disable copy paste -->