Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഞങ്ങള്‍ക്ക് അവധിക്കാലം വേണം, അതാസ്വദിക്കാനല്ല, ക്ലാസ് മുറികളിലെ സമ്മര്‍ദ്ദത്തില്‍ നിന്നും ഒരു മോചനം'; ഈ അവധിക്കാലം സ്‌പെഷ്യല്‍ ക്ലാസ്സ് നടത്തി മുഷിപ്പിക്കരുത്

ഇത് ഹൃദയം തൊട്ട് വായിക്കണം. തലച്ചോറിനെ മാറ്റി വെക്കണം. മത്സരലോകത്തെ മറന്നേക്കണം. അവയ്‌ക്കൊന്നും ഇവിടെ ഒരു റോളുമില്ല. പ്ലസ് വണ്ണില്‍ Article, Malayalam, school, Students, class, Aslam Mavile, Minister, sTUDENTS Need X'mas vacation; Malayalam Article by Aslam Mavile
അസ്ലം മാവിലെ

(www.kasargodvartha.com 20.12.2019)
ഇത് ഹൃദയം തൊട്ട് വായിക്കണം. തലച്ചോറിനെ മാറ്റി വെക്കണം. മത്സരലോകത്തെ മറന്നേക്കണം. അവയ്‌ക്കൊന്നും ഇവിടെ ഒരു റോളുമില്ല. പ്ലസ് വണ്ണില്‍ പഠിക്കുന്ന പയ്യനോട് ചോദിച്ചു - അവധിക്കാലം നാളെ മുതലല്ലേ? എന്തുണ്ട് പ്ലാന്‍? അവന്റെ മുഖം വിവര്‍ണ്ണമായി, മറുപടി ഇങ്ങനെ:'അങ്കിള്‍ അത് ഒന്നു മുതല്‍ പത്ത് വരെയുള്ള പിള്ളേര്‍ക്കല്ലേ? ഫലിതം ചേര്‍ത്തു അവന്‍ തുടര്‍ന്നു - 'അവര്‍ക്ക് വേണ്ടിയാണ് സ്‌കൂള്‍ ശരിക്കും അടക്കുന്നത്, ഞങ്ങള്‍ക്ക് സ്‌കൂള്‍ വാതില്‍ ചാരനാണ് ഓര്‍ഡര്‍'

വിഷയത്തിന്റെ മര്‍മ്മത്തിലേക്ക് വരണം. ആര് വരണം? കുറച്ചു മക്കള്‍ക്ക് മാത്രമായി സ്‌കൂള്‍ വാതില്‍ ചാരാനായി ഇറങ്ങിത്തിരിച്ചവര്‍ വരണം. അവര്‍ കുടുസ്സുമാറ്റി കുടുക്കില്ലാത്ത കുപ്പായമിടണം. അവധിയെ കൊല്ലാകൊല ചെയ്യുന്നത് നിര്‍ത്തണം. വര്‍ഷത്തില്‍ വല്ലപ്പോഴും കിട്ടുന്ന ദീര്‍ഘാവധികളെ എന്തിനാണ് നിങ്ങള്‍ മൂക്കും വായും പൊത്തിപിടിച്ചു ശ്വാസം മുട്ടിച്ചും കഴുത്തു ഞെരിച്ചും കൊല്ലുന്നത്? കുട്ടികള്‍ക്ക് ആനന്ദിച്ചാസ്വദിച്ചു തീര്‍ക്കാനുള്ള അവധി ദിനങ്ങളില്‍, തീരാത്ത പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ അവരെ പാഠശാലയിലേക്ക് വിളിച്ചു വരുത്തുന്നതിന്റെ ഔചിത്യമെന്ത്?എന്തൊരു അറുബോറന്‍ ഏര്‍പ്പാടാണ്? അങ്ങനെ പാഠഭാഗങ്ങള്‍ തീര്‍ന്നാല്‍ എന്ത് ഫലമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ?

കുട്ടികള്‍ക്ക് ക്രിസ്തുമസ് അവധി എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ ഉണ്ടെന്ന് പറയുക, ഇല്ലെങ്കില്‍ ഇല്ലെന്നും. ആ ദിവസങ്ങള്‍ മക്കള്‍ ആസ്വദിക്കട്ടെ, അവധി ദിനങ്ങള്‍ മതിമറന്ന് തുള്ളിച്ചാടി ആനന്ദിക്കട്ടെ. പാഠപുസ്തകങ്ങള്‍ക്കും നോട്ടുബുക്കുകള്‍ക്കും തല്‍ക്കാലമവര്‍ അവധി നല്‍കട്ടെ. തൊട്ട് തലേന്ന് തീര്‍ന്ന പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ നിന്നുമല്‍പ്പം അവറ്റങ്ങള്‍ വിടുതി നേടട്ടെ.


ചില നേരങ്ങളില്‍ അധ്യാപകരും രക്ഷാകര്‍തൃ നേതൃത്വങ്ങളും വെറുതെ വെറുപ്പിച്ചു കളയും. അവയില്‍ പെട്ട ഒന്നാണ് ഓണക്കാലത്തും ക്രിസ്മസ് കാലത്തും അവധിദിനങ്ങളില്‍ പിള്ളേരെ സ്‌കൂളില്‍ വരുത്തി പാഠപുസ്തകങ്ങളില്‍ കെട്ടിമറിയാന്‍ നിര്‍ബന്ധിപ്പിക്കുക എന്നത്. യാത്രയെ കുറിച്ച് Robert Louis Stevenson ഒരിടത്ത് പറയുന്നുണ്ട് I travel not to go anywhere, but to go. I travel for travel's sake. The great affair is to move. അവധിക്കാലങ്ങളെ കുറിച്ചും മക്കള്‍ക്ക് ഇതു തന്നെയായിരിക്കാം കുറഞ്ഞത് പറയാനുണ്ടാക - 'ഞങ്ങള്‍ക്ക് അവധിക്കാലം വേണം, അതാസ്വദിക്കാനല്ല. ഈ കെട്ടിപ്പിണഞ്ഞ ക്ലാസ് മുറികളില്‍ നിന്നും പരീക്ഷകളില്‍ നിന്നുമല്‍പം സമാശ്വാസമെങ്കിലും അത് (അവധിക്കാലം) ഞങ്ങള്‍ക്ക് തിരിച്ചു കിട്ടിയേ തീരൂ.'

ചില രക്ഷിതാക്കളുണ്ട്. സ്‌കൂള്‍ അവധി വന്നാല്‍ പത്തുനാള്‍ മക്കളെ സഹിക്കുന്നതെങ്ങിനെ എന്നാലോചിച്ച് വില്ലന്‍പനി പിടിക്കുന്നവര്‍. ഇവര്‍ ചെന്ന് അധ്യാപകരെ ബട്ടറിംഗ് നടത്തി അവധിക്കാലത്ത് സ്‌പെഷല്‍ ക്ലാസ്സ് നടത്തിപ്പിച്ചു കളയും. ആ വരണ്ട (dried) ക്ലാസ്സുകളിലിരിക്കാന്‍ വിധിക്കപ്പെടുന്ന കുട്ടികളുടെ മനസ്സു വായിക്കുന്നത് പോകട്ടെ ഒന്ന് കണ്ണോടിക്കാന്‍ വരെ ഇവരെപ്പോഴെങ്കിലും തയ്യാറാകാറുണ്ടോ? കുട്ടികള്‍ക്കവകാശപ്പെട്ട അവധിക്കാലങ്ങള്‍ അവര്‍ ആസ്വദിക്കട്ടെ. വിദ്യാലങ്ങളിലയച്ചു അവരെ വെറുപ്പിക്കരുത്. ആ പാവങ്ങള്‍ നിങ്ങളെ പ്രാകി പ്രാകി സകല ദേഷ്യവും തീര്‍ക്കും. വെറുതെയല്ല പിള്ളേര്‍ ഗുരുത്വക്കേട് കാണിക്കുന്നത് തന്നെ.

പണ്ടൊക്കെ ഞങ്ങള്‍ അവധിക്കാലങ്ങള്‍ വരാന്‍ മണ്‍ചട്ടിയില്‍ എണ്ണിച്ചുട്ട കല്ലുകള്‍ നിറച്ചു ഓരോ ദിവസം കഴിയുമ്പോഴും ഒരു കല്ലു വീതം എടുത്തെറിഞ്ഞ് കൗണ്ട് ഡൗണ്‍ ചെയ്യുമായിരുന്നു. ആ അവധി ദിവസങ്ങളിലായിരുന്നു ഞങ്ങള്‍ ബന്ധു വീടുകളില്‍ രാപ്പാര്‍ത്തിരുന്നത്, കുട്ടിയും കോലും കളിച്ചിരുന്നത്, കുഞ്ഞുപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ക്ക്, കറുമ്പനും കുറുമ്പനും, ജീവന്‍ നല്‍കിയിരുന്നത്, വായനശാലകള്‍ സജീവമാക്കിയിരുന്നത്, സേവനപ്രവര്‍ത്തനങ്ങളില്‍ നിരതരായിരുന്നത്.

ഇപ്പോഴോ? അവധിക്കാലങ്ങള്‍ വരാതിരിക്കാനാകും മക്കള്‍ പ്രാര്‍ത്ഥിക്കുക. അവധി പ്രഖ്യാപിച്ചു അവധിക്ക് തന്നെ അവധി പറയുന്ന കാലം വന്നിട്ടെന്ത്, വരാതിരുന്നിട്ടെന്ത്? ഈ കുറിപ്പ് വിദ്യാഭ്യാസ വകുപ്പിലെ തലമുതിര്‍ന്നവരിലേക്കെത്തിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമെങ്കില്‍ അവരെത്തിക്കണം. മന്ത്രിയുടെ ശ്രദ്ധയിലും വരണം. മക്കള്‍ക്ക് അനുകൂലമായ തീരുമാനം വിജ്ഞാപനമായി വരണം. അവരുടെ അവധിക്കാലങ്ങള്‍ സമ്പന്നമാകുന്ന വസന്തം തിരിച്ചു വരണം, വര്‍ണ്ണങ്ങള്‍ നിറഞ്ഞ പൂവാടി വീണ്ടും തിര്‍ക്കണം. അവധിക്കാലത്തോടൊപ്പമാണ് എന്റെ മനസ്സ്, അവധിക്കാലം നഷ്ടപ്പെട്ടവരുടെ തപ്ത മനസ്സുകളോടൊപ്പവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Malayalam, school, Students, class, Aslam Mavile, Minister, sTUDENTS Need X'mas vacation; Malayalam Article by Aslam Mavile