ദേളി: (www.kasargodvartha.com 18.12.2019) പുതിയ കാലത്ത് മാധ്യമങ്ങളെയും ഭരണകൂടം ഭയപ്പെടുത്തുന്നുവെന്നും പത്രാധിപന്മാരുടെ ശക്തമായ നിലപാടുകളുടെ കുറവ് ഇവര്‍ക്ക് തണലാകുന്നുവെന്നും പ്രശസ്ത പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോള്‍ അഭിപ്രായപ്പെട്ടു. ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബുമായി ചേര്‍ന്ന് നടത്തിയ മാധ്യമ സെമിനാര്‍ ദേളി സ അദിയ്യ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇന്നനുഭവിക്കുന്ന മുഖ്യമായ പ്രശ്‌നം പത്രപ്രവര്‍ത്തന രംഗത്ത് മികച്ച പത്രാധിപരുടെ കുറവാണ്. പോയ കാലത്ത് എണ്ണപ്പെട്ട പത്രാധിപന്മാരുടെ പേരിലാണ് പല പത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഭരണഘടന അക്ഷരങ്ങള്‍ക്കും ചൈതന്യത്തിനുംവേണ്ടി നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഇന്നത്തെ പ്രത്യേക ഇന്ത്യന്‍ സാഹചര്യത്തില്‍ വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സത്യത്തിനുശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ എല്ലാ മാധ്യമങ്ങളും ഭയത്തില്‍ കഴിയുകയാണ്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍, 1952ല്‍ പ്രതിപക്ഷം എന്ന രീതിയില്‍ ഒരു ചെറിയ ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നും പ്രതിപക്ഷം ചെറിയ ഗ്രൂപ്പാണ്. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രതിപക്ഷ നേതാവിന്റെ എല്ലാ അധികാരങ്ങളും അന്ന് എ കെ ജിക്ക് നല്‍കി. മാത്രവുമല്ല, അന്ന് ശക്തമായ നിലപാടുകളുള്ള അച്ചടി മാധ്യമങ്ങളും പത്രാധിപന്മാരും ഉണ്ടായിരുന്നു. എന്നാലിന്ന് ഒരു പത്രത്തിന്റെ പത്രാധിപന്മാര്‍ ആരെന്ന് പോലും അറിയാത്ത അവസ്ഥയാണുള്ളത്. പഴയ പത്രാധിപന്മാര്‍ ജനങ്ങളുടെ മനസ്സറിഞ്ഞ് അവരുടെ ഇഷ്ടങ്ങള്‍ ശക്തമായ നിലപാടുകളായി അവതരിപ്പിച്ചപ്പോള്‍ ഇന്ന് പത്രങ്ങള്‍ക്ക് നിലപാടുകളേ ഉണ്ടാവുന്നില്ല. അടിയന്തരാവസ്ഥക്ക് തുല്ല്യമായ കാലഘട്ടത്തിലൂടെയാണ് ഇന്ന് മാധ്യമലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
സത്യം പറയുക എന്നതാണ് മാധ്യമ ധര്‍മം. എന്നാല്‍ ഇയര്‍ബുക്കു പോലെയും അന്വേഷണ റിപ്പോര്‍ട്ടു പോലെയും മാധ്യമപ്രവര്‍ത്തകന് വാര്‍ത്തകളെഴുതാനാകില്ല. കാലത്തിനെതിരെയുള്ള ഒരു ഓട്ടമാണ് മാധ്യമപ്രവര്‍ത്തകന്റേത്. എവിടെയോ ഇരുന്ന് മഴക്കാറുകള്‍ നിറഞ്ഞ മാനത്ത് നിന്ന് നിലാവ് കാണുമ്പോലെയാണ് മാധ്യമപ്രവര്‍ത്തകന്റെ പ്രവൃത്തി. 14 ദിവസം കഴിഞ്ഞാല്‍ ചന്ദ്രന്‍ വികസിച്ച് വികസിച്ച് പൂര്‍ണചന്ദ്രന്‍ ആകുന്നതുപോലെ മാധ്യമപ്രവര്‍ത്തകന്‍ വാര്‍ത്തകള്‍ സത്യത്തില്‍നിന്ന് കൂടുതല്‍ സത്യത്തിലേക്ക് വികസിപ്പിച്ച് ലോകത്തെ അറിയിക്കുന്നു. എന്നാല്‍, ഇന്ന് പരസ്യക്കാരന്റെ താല്‍പര്യമനുസരിച്ചാണ് മാധ്യമപ്രവര്‍ത്തനം. അക്ഷരവും അതിലെ ചൈതന്യവും തിരിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ അധ്യക്ഷത വഹിച്ചു. തെറ്റായ പ്രവണതകള്‍ ചെറുക്കാന്‍ മാധ്യമലോകം സദാ ജാഗ്രത കാണിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു. നവ മാധ്യമങ്ങള്‍ കുറെയൊക്കെ വാര്‍ത്ത തുറന്ന് പറയുകയും സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്നതില്‍ അല്‍പമെങ്കിലും ആശ്വാസമുണ്ടെന്ന് സിറാജ് കോഴിക്കോട് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി അറയ്ക്കല്‍ പറഞ്ഞു. മാധ്യമ വായനയിന്ന് പത്ര ഉടമയെ കണ്ട് വായിക്കേണ്ട അവസ്ഥയിലാണുള്ളതെന്നും മുസ്തഫ പറഞ്ഞു.
അബ്ദുറഷീദ് മാണിയൂര്‍, കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, പ്രസ്‌ക്ലബ് സെക്രട്ടറി പത്മേഷ്, സാഹിത്യവേദി സെക്രട്ടറി അഷ്റഫ് അലി ചേരങ്കൈ, സാഹിത്യ അക്കാദമി അംഗം വി വി പ്രഭാകരന്‍, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സെബാസ്റ്റ്യന്‍ പോളിനുള്ള ഉപഹാരം എം എ മുഹമ്മദ് വഹാബ് നല്‍കി. മുഹമ്മദ് സഖാഫി തൃക്കരിപ്പൂര്‍ സ അദിയ്യയെക്കുറിച്ച് ആമുഖ ഭാഷണം നടത്തി. സി എല്‍ ഹമീദ് സ്വാഗതവും മുജീബ് കളനാട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, Jamia-Sa-adiya-Arabiya, Seminar, Press Club, Media Seminar held