Join Whatsapp Group. Join now!
Aster mims 04/11/2022

പഠനത്തിന് മാത്രമല്ല നടത്തത്തിനും അന്ന് കുറുക്കുവഴികളില്ലായിരുന്നു; ഒരു മാസ്റ്റര്‍ ഡിഗ്രി പിന്നീട് കേള്‍ക്കുന്നത് കാല്‍നൂറ്റാണ്ട് കഴിഞ്ഞാണ്; പഠനകാലവും സാഹചര്യങ്ങളും

2001 ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാകട്ടെ അതിലും വലിയ ഉത്തരവാദിത്വം അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. പട്‌ല വലിയ ജമാഅത്തിന്റെ നേത്യത്വം Article, Aslam Mavile, Malayalam, Education, school, kasaragod, Government, Teacher, Ma aboobacker, gov. collage, digree, master digree, Malayalam article about MA Aboobacker, written by Aslam Mavile part 02
എംഎ മനസ്സു തുറക്കുന്നു 02/ അസ്ലം മാവിലെ

(www.kasargodvartha.com 15.12.2019) 2001 ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാകട്ടെ അതിലും വലിയ ഉത്തരവാദിത്വം അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. പട്‌ല വലിയ ജമാഅത്തിന്റെ നേത്യത്വം. എട്ടൊമ്പത് വര്‍ഷം അത് ഇടവേളയില്ലാതെ തുടര്‍ന്നു. ഒരു സാധാരണക്കാരനായി നിങ്ങള്‍ എം.യെച്ചാനോട് സംസാരിച്ചു നോക്കു, അതേ ടോണില്‍ അദ്ദേഹം നാട്ടുവര്‍ത്തമാനത്തിലുണ്ടാകും. ഒരുപടി ഉയര്‍ന്നു നിങ്ങള്‍ വര്‍ത്തമാനം പറയൂ. ആ താളത്തില്‍ തന്നെ സംഭാഷണത്തിലേര്‍പ്പെടും. നിങ്ങളല്‍പം പരന്ന രാഷ്ട്രീയം പറയൂ, സാമ്പത്തികശാസ്ത്രം പറയൂ, സാമൂഹ്യവിഷയങ്ങള്‍ പങ്ക് വെയ്ക്കൂ. അവിടെ മറ്റൊരു മനുഷ്യന്‍. ഒരു അക്കാഡമിഷ്യന്റെ റോളില്‍ അല്‍പം സമയം ഇരുന്നു നോക്കൂ, ഏറ്റവും അപ്‌ഡേറ്റഡ് വിവരങ്ങളുമായി നിങ്ങള്‍ക്ക് പുറത്തിറങ്ങാം.

പട്‌ല സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് എംഎ. 1947ലെഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ചെറിയ ഓര്‍മ്മ മാത്രം അദ്ദേഹത്തിനുണ്ട്, അന്നദ്ദേഹം മൂന്നാം ക്ലാസ്സില്‍.ജനനം 1940 ല്‍. പിതാവ് അബ്ദുല്‍ ഖാദര്‍, മാതാവ് ഉമ്മാലിയുമ്മ. 1945 മുതല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം. അന്ന് അധ്യാപകര്‍ കുട്ടികളുടെ പിന്നാലെ ഓടി സ്‌കൂളില്‍ ചേര്‍ക്കുന്ന കാലം. വളരെ കുറഞ്ഞ കുട്ടികള്‍. എം. ഇബ്രാഹിം (സാഹിറിന്റെ ഉപ്പ ), എം.പി. അബ്ദുറഹ്മാന്‍ ( കരീമിന്റെ ഉപ്പ ), ഗോപാലഷെട്ടി, സുന്ദരഷെട്ടി തുടങ്ങിയവര്‍ അന്നു സഹപാഠികളായുണ്ട്. അധ്യാപകര്‍ മമ്മുഞ്ഞി മാഷും (ബിഎസ്ടി ഹാരിസിന്റെ മാതൃപിതാവ്) പുത്തപ്പ മാഷും. അന്ന് പ്രദേശം സൗത്ത് കാനറയുടെ ഭാഗമാണല്ലോ. സ്‌കൂള്‍ മീഡിയം തുടക്കം മുതല്‍ കന്നഡയും.

പട്‌ല സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണെങ്കിലും ഇന്ന് കാണുന്ന സ്‌കൂള്‍ പ്രിമൈസിലല്ലായിരുന്നു എം.എ. പഠിച്ചത്. സ്രാമ്പിപ്പള്ളിക്കടുത്ത് നിന്ന് 1900ന്റെ ആദ്യമോ അതല്ല 1800 ന്റ മധ്യത്തിലോ അവസാനമോ തുടങ്ങിയ ഒരു ഏകാധ്യാപക വിദ്യാലയമുണ്ട്. അവിടെയായിരുന്നു ഒന്നു മുതല്‍ അഞ്ച് വരെ അദ്ദേഹം പഠിച്ചത്. ഏകദേശം 120 വര്‍ഷം മുമ്പ് ഈ സ്‌കൂളില്‍ തന്നെയാണ്എന്റെ പിതാമഹന്‍ മമ്മുഞ്ഞി ഉസ്താദ് അറബിക് (ഖുര്‍ആന്‍) അധ്യാപകനായിരുന്നതെന്നത് കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ. മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ സമകാലികനും ആയുര്‍വ്വേദത്തിലെ അവസാന വാക്കായ അഷ്ടാംഗഹൃദയം കാവ്യമൊഴിമാറ്റം നടത്തിയ കവിശ്രേഷ്ടനുമായ പട്‌ലത്ത് കുഞ്ഞി മാഹിന്‍ കുട്ടി വൈദ്യരുടെ വസതിക്ക് തൊട്ടടുത്തായിരുന്നു ഈ പാഠശാല. മറ്റൊരു കാര്യം,എംയെച്ച ഇവിടെ പഠനം പൂര്‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത വര്‍ഷമാണ്, 1950 -1951, അദ്ദേഹത്തിന്റെ പിതാവിന്റെ കൂടി (അന്നത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകരായ മൂന്ന് പേരുടെ സംരംഭം - ഖാദര്‍ ഹാജി, അബ്ദുല്‍ ഖാദര്‍, മമ്മുഞ്ഞി ബാവ) അധീനതയിലുണ്ടായിരുന്ന വിശാലമായ സ്ഥലത്തേക്ക് സ്‌കൂള്‍ മാറ്റുന്നത്. 6 മുതല്‍ 8 വരെ കൊല്ലങ്കാനം കല്ലക്കട്ട സ്‌കൂളില്‍ യുപി പഠനം. അക്കാലങ്ങളില്‍ വാഹന സൗകാര്യമൊന്നുമില്ലല്ലോ, ദിവസവും നടത്തം തന്നെ. 9 മുതല്‍ 11 വരെയുള്ളതാണ് ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍, ഇന്നത്തെ പോലെ 8 ടു 10 അല്ല. കാസര്‍കോട് ബി.ഇ. എം. ഹൈസ്‌കൂളില്‍ നിന്നാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അതിരാവിലെ നടത്തം, തിരിച്ചിങ്ങോട്ടും അതേ നടത്തം. 'പഠിത്തത്തിനു മാത്രമല്ല നടത്തത്തിനും അന്ന് കുറുക്കുവഴികളില്ലായിരുന്നു' -എംഎ സ്വതസിദ്ധമായി ചിരിച്ചു പറഞ്ഞു. ബസുകള്‍ നന്നേ കുറവ്. ടൗണില്‍ പൊയക്കര ബസ്, ശ്രീ ഗോപാലകൃഷ്ണ ബസ് തുടങ്ങി എണ്ണം കുറഞ്ഞ ബസുകള്‍ മാത്രം വല്ലപ്പോഴും സര്‍വ്വീസ് ഓട്ടം കാണും. ഒറ്റപ്പെട്ട നേരങ്ങളില്‍ കാളവണ്ടികളും.

വിഖ്യാതപ്രഭാഷകന്‍ സുകുമാര്‍ അഴിക്കോട് മാഷും പ്രമുഖ തൊഴിലാളി നേതാവും പ്രതിരോധ മന്ത്രിയുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസും മറ്റും പഠിച്ച മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്നാണ് എംയെച്ചാന്റെ പ്രീഡിഗ്രി വിദ്യാഭ്യാസം. 1880 കളില്‍ തന്നെ ഈ കോളേജുണ്ട്. 1955 വരെ മദ്രാസ് യൂനിവേഴ്‌സിറ്റിയുമായിട്ടായിരുന്നു അഫിലിയേഷന്‍. അന്ന് പ്രിഡിഗ്രിയാകട്ടെ ഒരുവര്‍ഷത്തെ കോഴ്‌സും. പട്‌ലയില്‍ കുടുംബവേരുള്ള ഒരു മുസ്ല്യാരായിരുന്നുവത്രെ അദ്ദേഹത്തിന് മംഗലാപുരത്ത് താമസ സൗകര്യം ചെയ്ത് കൊടുത്തത്. അതിന് മുമ്പ് പട്‌ലയില്‍ നിന്നും ഉള്ളാള്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ പോയി മതവിദ്യാഭ്യാസം സ്വായത്തമാക്കാന്‍ വളരെച്ചിലര്‍ മാത്രം പോയിരുന്നെങ്കിലും മുസ്ലിം സമുദായത്തില്‍ നിന്നും ആദ്യമായൊരാളാണ് പട്‌ലയില്‍ നിന്നും ആര്‍ട്‌സ് കോളേജിലേക്ക് പത്തറുപത് കി. മീറ്റര്‍ ദൂരം താണ്ടി പോകുന്നത്.


നല്ല മാര്‍ക്കോടെ പ്രീ ഡിഗ്രി പാസായ എംയെച്ച തുടര്‍ന്നു ഉപരിപഠനത്തിനുള്ള ശ്രമം തുടങ്ങി. കേരളത്തിലാദ്യമായി ഒരു ജനകീയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. ദക്ഷിണ കനറയില്‍ നിന്നും കാസര്‍കോടിനെ പറിച്ചെടുത്ത് കേരളത്തോട് ചേര്‍ത്ത സമയം. കാസര്‍കോട്ടുള്ളവര്‍ പലരും തൃപ്തരല്ല. കിഞ്ഞണ്ണ റൈയെ പോലുള്ളവര്‍ പ്രക്ഷോഭത്തിന് മുന്നിലുണ്ട്. ക്രാന്തദര്‍ശിയും തന്ത്രശാലിയുമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുന്‍കൈ എടുത്ത് പ്രഖ്യാപിച്ചുകളഞ്ഞു - നിര്‍ദ്ദിഷ്ട കാസര്‍കോട് കോളജ് ഈ വര്‍ഷം തന്നെ (1957ല്‍). അന്നത്തെ ധനമന്ത്രിയായിരുന്ന സി. അച്യുതന്‍ മേനോന്‍ ഓഗസ്ത് മാസത്തില്‍ തന്നെ കോളജിന്റെ ഔപചാരികമായ ഉദ്ഘാടനവും (ക്ലാസ്സുകള്‍ തുടങ്ങാതെ) നടത്തി.

ആളുകള്‍ കാണെക്കാണെ 1958 ല്‍ കാസര്‍കോട് ഗവ. ബോര്‍ഡ് സ്‌കൂള്‍ ക്യാമ്പസിലെ രണ്ട് കെട്ടിടങ്ങളില്‍ കോളജാരംഭിച്ചു, ഓടിട്ട രണ്ടു ചെറിയ കെട്ടിടങ്ങള്‍, അതില്‍ രണ്ടേ രണ്ട് ബിരുദ ബാച്ചുകള്‍ - ഇക്കണോമിക്‌സും മാത്തമാറ്റിക്‌സും. ആ ഇക്കണോമിക്‌സ് ആദ്യ ബാച്ചിലെ ഒന്നാം ബെഞ്ചില്‍ പട്‌ലക്കാരനായ എംഎച്ചയുമുണ്ട്. പത്ത് മുപ്പതോളം ഏക്കര്‍ വിസ്തൃതിയുള്ള കുഞ്ഞിമാവിന്‍ കട്ടെയില്‍ പുതിയ കെട്ടിട സമുച്ചയം ഉയരുമ്പോഴേക്കും എംയെച്ച ഡിഗ്രി പഠനവും കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. കോളേജിലെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ പ്രൊഫ. ഗോപാലന്‍ നായരായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. പിന്നിട്ടുള്ള വര്‍ഷങ്ങളിലാണ് ജിയോളജി, കന്നഡ, ഫിസിക്‌സ് തുടങ്ങിയ ബാച്ചുകള്‍ തുടങ്ങിയത്. കോളേജ് അഫിലിയേഷന്‍ ചെയ്തതാകട്ടെ കേരള യൂനിവേഴ്‌സിറ്റിയോടും. (അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇല്ലല്ലോ). എംയെച്ചാന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും കേരള യൂനിവേഴ്‌സിറ്റിയുടെ മുദ്രപതിച്ചതാണ്.

ഈ കാലയളവില്‍ പട്‌ല സ്‌കൂളില്‍ തികച്ചും യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരു പൊളിറ്റിക്‌സ് (കരുനീക്കങ്ങള്‍) നടക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപികരിച്ചതോടെ, പട്‌ല സ്‌കൂളിലെ കന്നഡ മിഡിയം ഒഴിവാക്കി മലയാളം തുടങ്ങാനുള്ള ചരടുവലി പതിവിലും കൂടുതല്‍ സജീവമായി. അന്നത്തെ പ്രാദേശികരാഷ്ട്രിയ നേതൃത്വങ്ങളും പൗരപ്രമുഖരും വളരെ തന്ത്രപരമായി കാര്യങ്ങള്‍ നീക്കി. പ്രസ്തുത വിഷയം യഥാസമയം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിലത് പെടുത്തുയുംഅമ്പത്തിയേഴോടെ കന്നഡ നിര്‍ത്തി മലയാള മാധ്യമത്തില്‍ പഠനവും തുടങ്ങി.

പലരില്‍ നിന്നും ഞാനൊക്കെ പറഞ്ഞു കേട്ടത് ഔക്കന്‍ച്ച എം.എ. പഠിച്ചത് മംഗലാപുരത്തുള്ള കോളേജില്‍ നിന്നാണെന്നായിരുന്നു, പക്ഷെ അബൂബക്കര്‍ സാഹിബ് അത് തിരുത്തി, ഇക്കണോമിക്‌സില്‍ പോസ്റ്റ് ഗ്രാജ്യേഷന്‍ ചെയ്തത് തൃശൂര്‍ ഗുരുവായൂരപ്പന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നായിരുന്നു. 64 ല്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം, അന്ന് മുതല്‍ നാട്ടുകാര്‍ക്ക് എം.എ. അബൂബക്കറായി. അടുത്തവരില്‍ ചിലര്‍ എം.എ. എന്ന് മാത്രം ചുരുക്കുകയും ചെയ്തു.

1964 ല്‍ അദ്ദേഹത്തിന്റെ എം.എ.യ്ക്ക് ശേഷം പിന്നെ ഒരു മാസ്റ്റര്‍ ഡിഗ്രി പട്‌ലയില്‍ കേള്‍ക്കുന്നത് കാല്‍നൂറ്റാണ്ട് കഴിഞ്ഞാണ്. ആ 25 വര്‍ഷത്തിനിടക്കുണ്ടായ ബാച്ചിലര്‍ ഡിഗ്രിക്കാരുടെ എണ്ണവും വളരെ വളരെ കുറവ്. 1990 ആകുമ്പോഴേക്കും എല്ലാം കൂടി അണ്ടര്‍ ഗ്രാജ്യേറ്റ്‌സ് പത്ത് പന്ത്രണ്ടെണ്ണം വരും. (നാം അടയിരിക്കുന്ന സര്‍വ്വേയില്‍ ഇതൊക്കെ കാണും, വിശ്വസിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒന്നു പരിശോധിക്കാം)

( തുടരും)

Related Story: 
നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുമോ ഒരു കാലത്ത് ഇദ്ദേഹം എഴുത്തുകാരനായിരുന്നെന്ന്...?; ഓര്‍മകളുടെ തീച്ചൂളയില്‍ നിന്നും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Aslam Mavile, Malayalam, Education, school, kasaragod, Government, Teacher, Ma aboobacker, gov. collage, digree, master digree, Malayalam article about MA Aboobacker, written by Aslam Mavile part 02