Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വര്‍ണ്ണക്കപ്പിനെ സ്വീകരിക്കാന്‍ ഒരുങ്ങി കാസ്രോട്ടാര്‍; 32 വയസ് തികയുന്ന സ്വര്‍ണക്കിരീടത്തിന്റെ ചരിത്രമറിയാം

കാഞ്ഞങ്ങാട് നടക്കുന്ന അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ജില്ലയിലേക്ക് എത്തുന്ന സ്വര്‍ണക്കപ്പിന് രാജകീയ സ്വീകരണം നല്‍കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 25 ന് രാവിലെ news, kasaragod, Kanhangad, kalolsavam, Trophy,
കാസര്‍കോട്:(kasargodvartha.com 23.11.2019) കാഞ്ഞങ്ങാട് നടക്കുന്ന അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ജില്ലയിലേക്ക് എത്തുന്ന സ്വര്‍ണക്കപ്പിന് രാജകീയ സ്വീകരണം നല്‍കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 25 ന് രാവിലെ 10 ന് കോഴിക്കോട് നിന്നും ദേശീയപാത വഴി കപ്പ് ജില്ലയിലേക്കെത്തും. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്ന് ജിഎച്ച്എസ്എസ് പിലിക്കോടിന്റെ നേതൃത്വത്തില്‍ പ്രൗഢമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചെറുവത്തൂരിലേക്ക്.


ചെറുവത്തൂരില്‍ ജിഎച്ച്എസ്എസ് കുട്ടമത്തിന്റെയും കൊവ്വല്‍ എയുപിഎസിന്റെയും ഗംഭീര സ്വീകരണത്തോടെ നീലേശ്വരത്തേക്കും നിലേശ്വരത്ത് നിന്നും രാജാസ് സ്‌കൂളിന്റെയും എന്‍ കെ ബി എം സ്‌കൂളിന്റയും സി എച്ച് എം കെ എച്ച് എസ് എസ് കോട്ടപ്പുറത്തിന്റെയും സ്വീകരണത്തോടെ ഹോസ്ദുര്‍ഗിലേക്കും ഹോസ്ദുര്‍ഗില്‍ ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ്, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായ സമാപന സ്വീകരണവും നടക്കും.

അധ്യാപകന്‍ അബ്ദുല്‍ ഹക്കീം തയ്യാറാക്കിയ 'സ്വര്‍ണ്ണക്കപ്പിന്റെ നാള്‍വഴികള്‍' എന്ന ഡൊക്യുമെന്ററി പ്രദര്‍ശനത്തോടെയായിരിക്കും സ്വര്‍ണ്ണക്കപ്പിന് വരവേല്‍പ്പ് നല്‍കുക. പിലിക്കോട്, ചെറുവത്തൂര്‍ കൊവ്വല്‍, നീലേശ്വരം, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളിലാണ് ഡൊക്യുമെന്ററി പ്രദര്‍ശനം.

നൂറ്റിയൊന്ന് പവന്‍ തനിതങ്കത്തില്‍ തീര്‍ത്ത കിരീടം

കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണ കപ്പ് മേളയുടെ പ്രധാന ആകര്‍ഷണമാണ്. ജേതാക്കള്‍ക്കൊപ്പം ആ സ്വര്‍ണ കീരീടത്തില്‍ ഒരു വട്ടം തൊടുക, ആ സ്വര്‍ണകപ്പിനെ മനം നിറയെ ഒന്നു കാണുക. ഏതൊരാളുടേയും ആഗ്രഹമാണ്. ആ ആഗ്രത്തിനു പിന്നില്‍ 101 പവന്‍ തൂക്കം വരുന്ന ആ കപ്പിന്റെ പ്രൗഢി തന്നെയാണ്.

കേരള സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളാവുന്നവര്‍ക്ക് നൂറ്റിയൊന്ന് പവന്‍ തനിതങ്കത്തില്‍ തീര്‍ത്ത കിരീടമാണ് കൈമാറുന്നത്. ഇത്തവണ തുളുമണ്ണില്‍ ആരാണ് സ്വര്‍ണ കപ്പുയര്‍ത്തുക എന്ന കാര്യമാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനു മുമ്പെ സ്വര്‍ണ്ണക്കപ്പിനും പറയാനുണ്ട് ഇമ്മിണി ബല്യ ചരിത്രം.

പന്തുകളിക്കുന്നവര്‍ക്ക് സ്വര്‍ണ്ണക്കപ്പ് കിട്ടുമ്പോള്‍ കലോത്സവ ചാമ്പ്യന്മാര്‍ക്കും വേണ്ടേ.. 1985ല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രജതജൂബിലി കലോത്സവം നടക്കുന്നു. അന്നു പദ്യപാരായണത്തിലും കവിതാ രചനയ്ക്കും അക്ഷരശ്ലോകത്തിനും ജഡ്ജിയായി വന്നത് മഹാകവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍. തൊട്ടടുത്തെ മഹാരാജാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നെഹ്‌റു സ്വര്‍ണ്ണക്കപ്പിനായുള്ള അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്. പന്തുകളിക്കുന്നവര്‍ക്ക് സ്വര്‍ണ്ണക്കപ്പ് കിട്ടുമ്പോള്‍ കലോത്സവ ചാമ്പ്യന്മാര്‍ക്കും അതു കിട്ടേണ്ടേ എന്ന് വൈലോപ്പിള്ളിക്കു തോന്നി. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബിനു മുന്നില്‍ തന്റെ നിര്‍ദ്ദേശം വെച്ചു. കഴിയുമെങ്കില്‍ 101 പവനുള്ള ഒരു സ്വര്‍ണ്ണക്കപ്പ് കലോത്സവത്തിനും ഏര്‍പ്പെടുത്തണമെന്ന്.

വൈലോപ്പിള്ളിയുടെ ആശയം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ സാക്ഷാത്കരിക്കുമെന്ന് ടി എം ജേക്കബ് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത വര്‍ഷത്തെ കലോത്സവം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകള്‍ ഉള്ള തൃശ്ശൂര്‍ നഗരത്തില്‍ വെച്ചായിരുന്നു. മന്ത്രിയും വിദ്യാഭ്യാസ ഡയറക്ടറും തൃശ്ശൂരില്‍ ഉള്ള സ്വര്‍ണ്ണക്കടക്കാരെ ഒരു തേയില സല്‍ക്കാരത്തിന് വിളിക്കുകയും, 101 പവന്റെ സ്വര്‍ണ്ണക്കപ്പിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അതിന്റെ നാലിലൊന്നുപോലും വാഗ്ദാനം ലഭിച്ചില്ല. വാക്ക് പാലിക്കാന്‍ കഴിയാതെ നിരാശനായ മന്ത്രി ആ വര്‍ഷം ജേതാക്കള്‍ക്ക് നടരാജവിഗ്രഹം പ്രതിഷ്ഠിച്ച കപ്പില്‍ ആറു പവന്റെ സ്വര്‍ണ്ണം പൂശി നല്‍കി.

വരുന്ന വര്‍ഷമെങ്കിലും സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തിയേ തീരൂ എന്ന ഉറച്ച തീരുമാനമെടുത്ത മന്ത്രി ടി എം ജേക്കബ് വളരെ നേരത്തെത്തന്നെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അങ്ങനെ സ്വര്‍ണ്ണക്കപ്പിനുള്ള പണം പിരിച്ചെടുത്തു.

കപ്പിന്റെ രൂപകല്‍പ്പന ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍

പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ 'വിദ്യാരംഗ'ത്തിന്റെ ആര്‍ട്ട് എഡിറ്ററായിരുന്ന ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പിന്റെ രൂപകല്‍പ്പന ചെയ്തത്. ശ്രീകണ്ഠന്‍ നായര്‍ കപ്പിന്റെ മാതൃക തയ്യാറാക്കുന്നതിനു മുമ്പ് ഗുരുവായൂരില്‍ വെച്ച് വൈലോപ്പിള്ളിയെ കണ്ടിരുന്നു. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള കപ്പ് നന്നായിരിക്കുമെന്ന് വൈലോപ്പിള്ളി നിര്‍ദ്ദേശിക്കുകയും ചെയ്തു. തൃശ്ശൂരിലെ ബെന്നി ടൂറിസ്റ്റ് ഹോമിലിരുന്ന് കേവലം ഒറ്റ ദിവസം കൊണ്ടാണ് ശ്രീകണ്ഠന്‍ നായര്‍ കപ്പിന്റെ രൂപകല്‍പ്പന തയ്യാറാക്കിയത്.

പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയായിരുന്നു സ്വര്‍ണ്ണക്കപ്പുണ്ടാക്കാന്‍ ടെണ്ടര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ മുത്തുസ്വാമി കോളനിയിലെ ടിവിആര്‍ നാഗാസ് വര്‍ക്‌സിനെയായിരുന്നു കപ്പുണ്ടാക്കാനുള്ള പണി ഏല്‍പ്പിച്ചത്. 101 പവനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോഴേക്കും 117.5 പവനായി. വര്‍ക്‌സ് ഉടമകളായ ടി ദേവരാജനും ചിറ്റപ്പന്‍ വി ദണ്ഡപാണിയുമായിരുന്നു പണിതീര്‍ത്ത കപ്പ് 1987ല്‍ കോഴിക്കോട്ടെത്തിച്ചത്. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാന്‍ ചെലവായത്. അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.

വീട്ടിയില്‍ തീര്‍ത്ത പീഠത്തില്‍

വീട്ടിയില്‍ തീര്‍ത്ത പീഠത്തിലായിരുന്നു 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ടകയ്യില്‍ വലംപിരിശംഖ് പിടിച്ചതുപോലെ സ്വര്‍ണ്ണക്കപ്പ്. തിരുവിതാംകൂര്‍ രാജ്യചിഹ്നത്തെ ഓര്‍മിപ്പിക്കുന്ന രൂപമായിരുന്നു കപ്പിന്. വീട്ടിയില്‍ തീര്‍ത്ത പീഠത്തിനു മുകളില്‍ ഗ്രന്ഥവും, അതിന്റെ മുകളില്‍ കൈ, അതിനും മേലെ ശംഖ്. ഈ ഗ്രന്ഥത്തിലെ അറിവ് എന്നിലേക്ക് പകരണമേ എന്നാണ് സാരം. 1987ല്‍ കോഴിക്കോട് വെച്ചു നടന്ന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടു.

സ്വര്‍ണ്ണകപ്പ് കൈയ്യില്‍ വെയ്ക്കാന്‍ ഒരു ദിവസം

ഗ്രേഡിംഗ് സംവിധാനം വരികയും, പ്രതിഭാ-തിലകം പട്ടങ്ങള്‍ എടുത്തുകളയുകയും ചെയ്തിട്ടും സ്വര്‍ണ്ണക്കപ്പ് ഇന്നും നിലനില്‍ക്കുന്നു. കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണവും ഇതുതന്നെ. ജേതാക്കള്‍ക്ക് ഒരു ദിവസം മാത്രമേ സ്വര്‍ണ്ണക്കപ്പ് കൈവശം വയ്ക്കാനാവൂ. പിന്നീട് പോലീസ് അകമ്പടിയോടെ ജേതാക്കളുടെ ജില്ലാ ട്രഷറിയില്‍ എത്തിക്കുകയും അടുത്ത കലോത്സവം വരെ അവിടെ സൂക്ഷിക്കുകയും ചെയ്യും.
1987ല്‍ കോഴിക്കോട്ട് അവതരിപ്പിച്ച സ്വര്‍ണ്ണക്കപ്പ് ഏറ്റവും കൂടുതല്‍ തവണ നേടാനായതും കോഴിക്കോടിന് തന്നെയാണ്- 16 തവണ. 2009 ല്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി മേളകള്‍ ഒന്നാക്കിയതോടൊപ്പം കപ്പിന്റെ അവകാശികളെ കണ്ടെത്തുന്നതിലും പരിഷ്‌കാരമായി. രണ്ടു വിഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് ഇപ്പോള്‍ കപ്പു നല്‍കുന്നത്.

Keywords:news, kasaragod, Kanhangad, kalolsavam, Trophy, State Kalotsavam: Story of golden trophy