ബാബരി മസ്ജിദ്‌-രാമജന്മഭൂമി കേസിലെ വിധി: കാസര്‍കോട്ട് അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 08.11.2019) ബാബരി മസ്ജിദ്-രാമജന്മഭൂമി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ട് അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മതനിരപേക്ഷതക്കും മതസൗഹാര്‍ദത്തിനും പേരുകേട്ട കാസര്‍കോട് ജില്ലയില്‍ വിധിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഛിദ്രശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ടെന്നും അതിനായി മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്തേര, ഹോസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സി ആര്‍ പി സി 144 പ്രകാരം വെള്ളിയാഴ്ച മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അതിനായി ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയാറാകണമെന്നും സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണെന്നും ഇതിനായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നവംബര്‍ 11ാം തീയതി രാത്രി 12 മണി വരെ തുടരുന്നതാണെന്നും അറിയിച്ചു. സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുന്മെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ആളുകള്‍ കൂട്ടം കൂടുന്നതും ആയുധം കൈവശം വെക്കുന്നതും പ്രകടനവും പൊതുയോഗവും നടത്തുന്നതും കടുത്ത ശിക്ഷാനടപടികള്‍ക്ക് കാരണമാകും. ജില്ലാ സംസ്ഥാന കലോത്സവങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും കലക്ടര്‍ വ്യക്തമാക്കി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, under section 144, District Collector, Babri case verdict: police declared curfew in 5 station areas
Previous Post Next Post