Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഫ്രീക്കന്‍' പ്രേക്ഷകസുഖം നല്‍കിയത്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇന്നലെ നടന്ന 'ഫ്രീക്കന്‍' നാടകം എല്ലാ ആസ്വാദകര്‍ക്കും ഒരേ വാര്‍പ്പില്‍ തീര്‍ത്ത സന്ദേശമായിരിക്കില്ല Article, Kasaragod, Kerala, School-Kalolsavam, Top-Headlines, Trending, Kanhangad,Article about Darama Freaken
അസ്ലം മാവിലെ

(www.kasargodvartha.com 29.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇന്നലെ നടന്ന 'ഫ്രീക്കന്‍' നാടകം എല്ലാ ആസ്വാദകര്‍ക്കും ഒരേ വാര്‍പ്പില്‍ തീര്‍ത്ത സന്ദേശമായിരിക്കില്ല നല്‍കിയിരിക്കുക. അങ്ങിനെ ഒരാസ്വാദനം നല്‍കുന്നതും ശരിയല്ലല്ലോ. അരങ്ങൊരുക്കിയ കലാവിരുത് മുതല്‍ ഫ്രീക്കന്‍ കാഴ്ചാനുഭവം നല്‍കിത്തുടങ്ങി. ഏറ്റവും ചടുലമായി അവതരിപ്പിക്കേണ്ട കുട്ടി തന്നെ മുഖ്യകഥാപാത്രമായി പ്രേക്ഷകരുടെ മനവും കവര്‍ന്നു.

നിലവിലുള്ള സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിലേക്ക് ഒളിയമ്പെയ്താണ് നാടകം തുടങ്ങുന്നതും തുടരുന്നതും പര്യവസാനിക്കുന്നതും. ഏകശിലാ സംസ്‌കാരവും ഏകകക്ഷീ അധികാരവും തുടങ്ങി സര്‍വ്വ ഒറ്റമുഖ ശാഠ്യങ്ങള്‍ക്കും ഒറ്റക്കണ്ണന്‍ പ്രതിഭാസങ്ങള്‍ക്കും നേരെ  നാനാത്വഭാരതം (ജനത)  പ്രകടിപ്പിക്കുന്ന പ്രതിഷേധശബ്ദമാണ് കുഞ്ഞുമക്കള്‍ അവരുടെ പരിമിതികള്‍ക്കകത്ത് നിന്ന് ഫ്രീക്കനിലൂടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ചത്.

ഒരു സ്‌കൂള്‍ പശ്ചാത്തലത്തില്‍ നിന്നാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെച്ചു തുടങ്ങിയത്. കര്‍ക്കശക്കാരനും വെള്ള ജുബ്ബക്കാരനുമായ അധ്യാപകനും അധ്യാപകനെ അരയ്ക്ക് മുകളില്‍ അനുകരിക്കുന്ന വെള്ളക്കുപ്പായക്കാരുമായ കുട്ടികളും നല്ല നാടകവായന സുഖം തരുന്നുണ്ട്.

മതിലില്‍ തൂക്കിയ യൂണിഫോം തന്നെ തലയില്ലാത്ത മനുഷ്യര്‍ ആര്‍ക്കോ വേണ്ടി തൂങ്ങിയാടുന്നതു പോലെയാണ് പ്രേക്ഷകന് ഒറ്റനോട്ടത്തില്‍ തോന്നുക. അതൊരു അടിച്ചേല്‍പ്പിക്കലിന്റെ പ്രതീകമായിരുന്നു. നമുക്കിഷ്ടമില്ലാത്തത് ധരിപ്പിക്കാനുള്ള (വസ്ത്രമായാലും നിയമ ശാസനകളായാലും) അധികാരികളുടെ പണ്ടുക്കും പണ്ടേ തുടങ്ങിയ ശ്രമങ്ങള്‍ നമുക്കാ നാടകമാസ്വദിക്കുമ്പോള്‍ കണ്‍മുന്നില്‍ മിന്നി മറയും.

ഫ്രീക്കന്‍ പയ്യന്‍ മാത്രമാണ് അപവാദം. അവന്‍ തോന്നുമ്പോള്‍ വന്നും തോന്നിയത് ധരിച്ചും, (നമുക്ക്) തോന്നേണ്ടതു പറഞ്ഞും കൊണ്ടേയിരുന്നു. ഉച്ചയൂണിന് എത്തിയത് പോലും പേടിച്ചല്ല, പേടിച്ചവന്റെ കുപ്പായച്ചെലവിലാണ്. അധ്യാപകന്റെ -  അധികാരിയുടെ - കണ്ണുരുട്ടലുകള്‍ ഫ്രീക്കന്റെ ആത്മവിശ്വാസത്തിന് വീര്യം നഷ്ടപ്പെടുത്തിയതേയില്ല, മറിച്ച് അവന്റെ നിലപാടുകള്‍ക്കും ശരികള്‍ക്കും ഇടപെടലുകള്‍ക്കും ആത്മവീര്യം നല്‍കിക്കൊണ്ടേയിരുന്നു. ആവശ്യമുള്ളപ്പോഴൊക്കെ ഫ്രീക്കന്‍ അധികാരിയുടെ - അധ്യാപകന്റെ - മുറ്റത്ത് എത്തി. അവന്റെ മുഖം മാത്രം പ്രസന്നമായിരുന്നു, ബാക്കിയുള്ളവരൊക്കെ അധ്യാപകന്റെ ചൂരലിനെ പേടിച്ചു പനി പിടിച്ചു കൊണ്ടേയിരുന്നു,

തുറന്ന ചര്‍ച്ചക്ക് മതിലെഴുതുന്ന അധികാരിയുടെ ആസ്ഥാനകലാകാരനും (ആസ്ഥാന ബുജിക്കും) സംസ്‌ക്കാരം എന്ന മതിലെഴുത്തിലെ വാക്കിന് ലളിത സാരം പറഞ്ഞു കൊടുക്കുന്നതും ഫ്രീക്കന്‍ തന്നെയാണ്. നിറക്കൂട്ടുള്ള കുപ്പിവളകള്‍ വില്‍ക്കുന്ന വാണിഭക്കാരന്, സാധാരണക്കാരന് വേണ്ടി പാടിത്തിമര്‍ത്ത മണിയുടെ ജനകീയ വായ്പ്പാട്ടുകള്‍ പാടി വൈവിധ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ക്കറ്റിംഗ് തന്ത്രം പറഞ്ഞു കൊടുക്കുന്നതും ഫ്രീക്കന്‍ തന്നെ. ഒറ്റ ബ്രാന്‍ഡല്ല എന്നുറപ്പുവരുത്തിയാണ് ഫ്രീക്കന്‍ അതിന് തുനിയുന്നതും.

അസംസ്തൃപ്തരായ ശിഷ്യരുടെ - പ്രജകള്‍ - മുന്നില്‍ അതിലും അസ്വസ്ഥനായ അധികാരി അവസാനം രോഗസ്ഥനാകുന്നു. അയാളുടെ  ചികിത്സക്ക് വഴിയൊരുക്കാന്‍ ശിപായി സഹായം തേടുന്നതാകട്ടെ ഫ്രീക്കനെയും. 'ഫ്രീക്കന്‍ മോഡല്‍' ദിവ്യനെ ഒരുക്കി ഫ്രീക്കന്‍ ടച്ചുള്ള മരുന്ന് നിര്‍ദേശിക്കുവാന്‍ അരങ്ങൊരുക്കുന്നതിലും ഫ്രീക്കന്റെ  ഇടപെടലുണ്ട്.

വൈവിധ്യങ്ങളും വൈജാത്യമുള്ളിടത്തേ മാനവിക സംസ്‌ക്കാരങ്ങള്‍ പടര്‍ന്നു പന്തലിക്കുകയുള്ളൂ. അതിന്റെ സ്വാതന്ത്ര്യ പുലരിയാണ് ഈ തലമുറയിലുണ്ടാകേണ്ടതെന്ന സന്ദേശം സ്വാതന്ത്ര്യദിനമൊരുക്കി ഫ്രീക്കന്‍ നല്‍കുന്നു. ഉടുക്കാനും കഴിക്കാനും കുടിക്കാനും ആടാനും പാടാനും പറയാനും സംസാരിക്കാനും ഭരണകൂടവും അധികാരികളുമല്ല അജണ്ട നിശ്ചയിക്കേണ്ടതെന്നും വസ്ത്രവും ഭക്ഷണവും പാനീയവും കലയും ഭാഷവും തെരഞ്ഞെടുക്കാനുള്ള അവകാശം പൗരന്റെതാണെന്നു, ജയിക്കാനല്ല തോല്‍ക്കാനുള്ള മനസാണ് എല്ലാവര്‍ക്കും ഉണ്ടാകേണ്ടതെന്നും നാടകം ഓര്‍മിപ്പിക്കുന്നു.

ഫ്രീക്കന്‍ എന്ന് പറയാന്‍ എളുപ്പമാണ്. അതാകാന്‍ നമുക്കാവതുണ്ടോ എന്നത് സ്വയം ഒന്നുകുറമുപ്പത് വട്ടം ചോദിക്കേണ്ട ആദ്യ ചോദ്യങ്ങളില്‍ ഒന്നാണ്. തന്റെ കുപ്പായം - വൈവിധ്യങ്ങള്‍ ആകാശം തീര്‍ത്ത വര്‍ണ്ണശലഭക്കുപ്പായം - അധികാരിക്കും അധ്യാപകനും ധരിപ്പിച്ചേ ഫ്രീക്കന്‍ കളം വിട്ടുള്ളൂ. അധികാരിയുടെ മൊഴിഭാഷയും ശരീരഭാഷയും മാറ്റാനും മറന്നതുമില്ല.


വര്‍ത്തമാനകാലത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലില്‍ ഏറെ പ്രസക്തമായ നാടകം. കാണേണ്ട നാടകം. ഫ്രീക്കന്‍ പയ്യനായി അരങ്ങില്‍ വന്ന കുട്ടിയെ ഉമ്മ വെക്കാന്‍ തോന്നി, അത്രയും നന്നായിരുന്നു കുഞ്ഞു നാടകകലാകാരന്റെ അഭിനയം.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kasaragod, Kerala, School-Kalolsavam, Top-Headlines, Trending, Kanhangad,Article about Darama Freaken
  < !- START disable copy paste -->