Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്തിനു രാജ്യത്തിനും വേണ്ടി മത്സരിച്ച ഇരുന്നൂറോളം സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ ഒരു കായികതാരമുണ്ടിവിടെ; പ്രായം 50 കഴിഞ്ഞിട്ടും സര്‍ക്കാരുകള്‍ കനിയുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു

Article, Kookanam-Rahman, Story, Job, Gold medel, Society, Girls, Womens, Payyannur, Story of my footsteps - 114 ഔന്നത്യങ്ങളിലേക്കെത്തുന്ന സാധാരണക്കാരെ സമൂഹവും സര്‍ക്കാരും വേണ്ടത്ര പരിഗണന നല്‍കുന്നില്ല. ചില മേഖലയില്‍ അത്തരം വ്യക്തികള്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അനുമോദനവുമായി നാട്ടുകാരുണ്ടാവും.
കൂക്കാനം റഹ്മാന്‍ / നടന്നു വന്നവഴി ഭാഗം-114

ഔന്നത്യങ്ങളിലേക്കെത്തുന്ന സാധാരണക്കാരെ സമൂഹവും സര്‍ക്കാരും വേണ്ടത്ര പരിഗണന നല്‍കുന്നില്ല. ചില മേഖലയില്‍ അത്തരം വ്യക്തികള്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അനുമോദനവുമായി നാട്ടുകാരുണ്ടാവും. അനുമോദനങ്ങളുടെ പെരുമഴ കഴിഞ്ഞാല്‍ പിന്നെ അവരെ തിരിഞ്ഞുനോക്കാന്‍ സമൂഹം മനസുകാണിക്കാറില്ല. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും പുരസ്‌ക്കാരങ്ങളും സമ്മാനങ്ങളും നേടുന്നവര്‍ക്ക് ബന്ധപ്പെട്ട രാജ്യഭരണാധികാരികള്‍ നേട്ടം കൊയ്തവരുടെ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി തരപ്പെടുത്തിക്കൊടുക്കാറുണ്ട്. ഇതേപോലുളള നേട്ടം കൊയ്യാന്‍ ഇനി വരുന്ന തലമുറയ്ക്ക് പ്രചോദനമേകാനാണ് ഇത്തരം നടപടികള്‍ സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്.

പയ്യന്നൂരിനടുത്ത് മൂരിക്കൊവ്വല്‍ എന്ന പ്രദേശത്തു താമസിക്കുന്ന സരോജിനിയെന്ന ഒരു നാടന്‍ സ്ത്രീയുടെ നേട്ടങ്ങളും, അവര്‍ ഇന്നനുഭവിക്കുന്ന പ്രയാസങ്ങളും നമ്മള്‍ അിറയേണ്ടതാണ്. മുപ്പത്തിയഞ്ച് വയസുകഴിഞ്ഞവര്‍ക്കായി നടത്തുന്ന മാസ്റ്റേര്‍സ് അത്‌ലറ്റിക്ക് മീറ്റില്‍ വിജയപരമ്പര നേടിയ ഒരു സ്ത്രീയാണ് സരോജിനി. തന്റെ നാല്പതാമത്തെ വയസില്‍ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കുള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല നടത്ത മത്സരത്തില്‍ വെറുതെ ഒന്നു മത്സരിച്ച് നോക്കി. അന്ന് അയ്യായിരം മീറ്റര്‍ നടത്തത്തില്‍ സരോജിനി ഒന്നാമതായി തിളങ്ങി. അവിടുന്ന് തുടങ്ങിയതാണ് സരോജിനിയുടെ ഓട്ട-നടത്ത മത്സരത്തില്‍ പങ്കാളിയാവാനും വിജയം നേടാനുമുള്ള അവസരങ്ങള്‍ തേടിയുള്ള പോക്ക്.

എട്ടു മക്കളില്‍ ആറാമതായി ജനിച്ച സരോജിനി ദാരിദ്രാവസ്ഥയിലാണ് ജീവിച്ചുവന്നത്. പഠന കാലത്ത് പോലും പണി ചെയ്യേണ്ടി വന്ന അവസ്ഥയിലായിരുന്നു സരോജിനി. അതുകൊണ്ടു തന്നെ പത്താം ക്ലാസിനപ്പുറം കടക്കാന്‍ അവര്‍ക്കായില്ല. (പലപ്പോഴും അവസരങ്ങള്‍ സരോജിനിയെ തേടിയെത്തിയിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാഹിത്യ സമാജം പരിപാടിയില്‍ പാടിയ പാട്ടുകേട്ട് പ്രസ്തുത സ്‌കൂളിലെ പാട്ടുകാരനായ ജീവനക്കാരന്‍ സരോജിനിയെ പ്രോത്സാഹിപ്പിച്ചു. മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ആകൃഷ്ടയായ സരോജിനി കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ ഗാനമേള അവതരിപ്പിച്ചു വലിയ വീടുകളില്‍ സംഘടിപ്പിക്കുന്ന വിവാഹം, കാതുകുത്ത്, തുടങ്ങിയ വേളകളില്‍ സരോജിനിയുടെ സാന്നിധ്യം ശ്രദ്ധേയമായി. കുറേകാലം അങ്ങിനെ ജീവിച്ചുവന്നു. പാട്ടിന്റെ കോലാഹലത്തില്‍ പത്താം ക്ലാസ് ജയിക്കാന്‍ പറ്റാതെ പോയതില്‍ സരോജിനി ഇന്ന് ദുഃഖിക്കുന്നു.

പയ്യന്നൂരില്‍ 2010ല്‍ പങ്കാളിയായ മാസ്റ്റേര്‍സ് മീറ്റിന്റെ ഹരം സരോജിനിയെ വിടാതെ പിടികുടി. പിന്നീട് സംസ്ഥാന -ദേശീയ -അന്തര്‍ദേശീയ തലങ്ങളില്‍ മത്സരത്തില്‍ പങ്കെടുത്ത് വിജയക്കൊടി പാറിക്കാന്‍ സരോജിനിക്ക് സാധിച്ചു. തനി ഗ്രാമീണ സ്ത്രീയായി നാടന്‍ പണി ചെയ്തു ജീവിച്ചുവന്ന സരോജിനി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബംഗളൂരു, ഗോവ, ഹൈദരബാദ്, മൈസൂര്‍, ജയ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളിലും സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടി. നാട്ടുകാരുടെയും അഭ്യുദയാകാംക്ഷികളുടെയും പ്രോത്സാഹനവും സഹകരണവും മൂലം ചൈന, ജപ്പാന്‍, ബ്രസീല്‍, പാരിസ്, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്താന്‍ സരോജിനിക്ക് സാധിച്ചിട്ടുണ്ട്.

800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടത്തിലും 5000 മീറ്റര്‍ നടത്തത്തിലുമാണ് സരോജിനി സമ്മാനത്തിനര്‍ഹത നേടിയിട്ടുള്ളത്. ഇരുനൂറോളം സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയ സരോജിനിക്ക് നാട്ടുകാര്‍ നല്‍കിയ മെമന്റോകളും മറ്റും സൂക്ഷിക്കാന്‍ ഇടമില്ലാതെ വിഷമിക്കുകയാണ്. ഇനിയും മെമന്റോകള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതേയെന്ന അപേക്ഷയും സരോജിനി മുന്നോട്ടുവെച്ചു.

അമ്പത്തൊന്നുകാരിയായ സരോജിനി വിവാഹത്തെക്കുറിച്ച് ചിന്തിച്ചേയില്ല ഇതേവരെ. ജീവിതം ഇങ്ങിനെ മുന്നോട്ടു പോയാല്‍ മതിയെന്ന ധാരണയാണ് സരോജിനിക്ക്. ഇത്രയും കാലം ജീവിതം കഷ്ടിച്ചു മുന്നോട്ടു നീങ്ങി. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഇത്രയൊക്കെ അംഗീകാരം നേടിയിട്ടും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ജീവിതം മുന്നോട്ടുകൊണ്ടു പോകാനുള്ള ഒരു മാര്‍ഗവും തുറന്നു തന്നില്ല. സംസ്ഥാനത്തിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും കായികരംഗത്ത് മത്സരിച്ചു വിജയിച്ചവരെ സര്‍ക്കാര്‍ തലത്തില്‍ ഏതെങ്കിലും വകുപ്പില്‍ ജോലിയും മറ്റും നല്‍കുക പതിവാണ്. അതുകൊണ്ടാണ് സരോജിനിയും അതാഗ്രഹിച്ചു പോയത്.

സരോജിനിക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി ലഭ്യമാവാതിരിക്കാന്‍ കാരണങ്ങള്‍ പലതുമുണ്ട്. വയസ് അമ്പത് കഴിഞ്ഞു. പത്താം തരം തോറ്റതാണ് എന്നൊക്കെയാണത്. പക്ഷേ അവര്‍ നേടിയ നേട്ടങ്ങള്‍ ആ പ്രായത്തിനും വിദ്യാഭ്യാസത്തിനും യോജിച്ചതാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഒരുകായിക താരമെന്ന നിലയില്‍ സരോജിനിക്ക് അനുയോജ്യമായ ഒരു സര്‍ക്കാര്‍ ജോലി തരപ്പെടുത്തിയാല്‍, ഇത്തരം മേഖലകളില്‍ മുന്നേറാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന കാര്യം വിസ്മരിക്കരുത്.

കൂലിപ്പണിയെടുത്തും, തന്റെ സ്വതസിദ്ധമായ കഴിവ് പ്രകടിപ്പിച്ചു കൊണ്ടുള്ള പാട്ടുപാടിയും ജീവിച്ചു വരവെയാണ് കായിക രംഗത്തും തനിക്കുള്ള പ്രതിഭ പ്രകടിപ്പിക്കാന്‍ അവസരം കിട്ടിയത്. തനിഗ്രാമീണ സ്ത്രീയായത് കൊണ്ടാണോ പിന്തുണക്കാന്‍ പിടിപാടില്ലാത്ത അവസ്ഥ കൊണ്ടാണോ പരിഗണിക്കപ്പെടാതെ പിന്തള്ളപ്പെട്ടുപോകുന്നതെന്ന് സരോജിനി പരിതപ്പിക്കുന്നു.

ഇപ്പോള്‍ ന്യൂനപക്ഷക്ഷേമ പദ്ധതിയുടെ പയ്യന്നുര്‍ പ്രാദേശിക കേന്ദ്രത്തില്‍ ദിവസവേദനത്തില്‍ തുപ്പു ജോലി ചെയ്യുന്നുണ്ട്. ജീവിതത്തിന്റെ ഇരുതല മുട്ടിക്കാന്‍ ആ വരുമാനം കൊണ്ട് സാധ്യമല്ല. മാടായിക്കാവിലും പരിസരത്തും പോയി ലോട്ടറി വില്‍പനയിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് അരിഷ്ടിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റുന്നുണ്ടെന്ന് രാജ്യാന്തരങ്ങളില്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയം വരിച്ച സരോജിനി എന്ന നടത്ത - ഓട്ടക്കാരി പറയുന്നു.

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അപേക്ഷ കൊടുത്ത് ഇന്നല്ലെകില്‍ നാളെ ഒരു സര്‍ക്കാര്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കികയാണ് സരോജിനി. എന്തുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ലായെന്ന ചോദ്യത്തിന് സരോജിനിക്ക് കൃത്യമായ ഉത്തരമുണ്ട്. സ്വന്തം വീടില്ല. സുരക്ഷിതമായ ജീവിതമാര്‍ഗമില്ല, എന്നെ പോലുളളവര്‍ക്ക് ഒറ്റയാന്‍ ജീവിതമാണ് ഗുണകരമെന്ന് തോന്നുന്നു. ആ കാര്യത്തെക്കുറിച്ച് ഒരു ടെന്‍ഷനുമില്ല. വിവാഹിതയായാല്‍ ആ ടെന്‍ഷനും കൂടി ഉണ്ടാവും. ഇതാണ് സുഖകരമെന്നു തോന്നുന്നു. ബാധ്യതയില്ലാത്ത ജീവിതം. എങ്കിലും കൊതിച്ചു പോകാറുണ്ട് സമപ്രായക്കാരായ കൂട്ടുകാരുടെ കുടുംബ ജീവിതം കാണുമ്പോള്‍...

ഇപ്പോഴത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വഴിവിട്ട പോക്കിന് കാരണമെന്തെന്ന് സരോജിനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന അന്വേഷണത്തിന് രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും പ്രത്യേകിച്ച് അമ്മമാരുടെ മേല്‍നോട്ടമില്ലായ്മയുമാണ് കുട്ടികള്‍ തെറ്റായ വഴിക്ക് നീങ്ങാന്‍ ഇടയാക്കുന്നത്. കായിക രംഗത്തോ കലാരംഗത്തോ ചുവടുറപ്പിക്കാന്‍ പ്രേരിപ്പിച്ചാല്‍ കുട്ടികളുടെ മനസ് തെറ്റിലേക്ക് വ്യതിചലിച്ച് പോവാതിരിക്കും. സരോജിനി പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kookanam-Rahman, Story, Job, Gold medel, Society, Girls, Womens, Payyannur, Story of my footsteps - 114