Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ ജലക്ഷാമത്തെ കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്രപ്രതിനിധി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി; ജലശക്തി അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ സമഗ്രമായ ജലനയം രൂപീകരിക്കണമെന്ന് ജനപ്രതിനിധികള്‍

ചെറതും വലുതുമായ 12 നദികള്‍ ഒഴുകുന്ന ജില്ലയില്‍ ഭൂഗര്‍ഭജല വിതാനം ദിനംപ്രതി കുറഞ്ഞുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഭൂഗര്‍ഭജല വിതാനം kasaragod, news, Kerala, Report, water, Issue
കാസര്‍കോട്: (www.kasargodvartha.com 06.07.2019) ജലശക്തി അഭിയാന്‍ പദ്ധതി പ്രകാരം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ കേന്ദ്രപ്രതിനിധി അശോക് കുമാര്‍ സിങ് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി സംവദിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ ജില്ലയിലെ ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാര്‍, പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.


രാജ്യത്ത് രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന 255 ജില്ലകളിലൊന്നാണ് കാസര്‍കോടെന്നും പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള സാധ്യതകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രപദ്ധതി പ്രകാരം കേരളത്തില്‍ നിന്നും കാസര്‍കോട്, പാലക്കാട് ജില്ലകളെയാണു തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസംനടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ പ്രകാരം, ജില്ലയിലെ ജലസ്രോതസുകളെയും മഴവെള്ളത്തെയും സംഭരിച്ചു ജലസംരക്ഷണം നടത്തുകയും കൃഷിയാവശ്യത്തിനായുള്ള അശാസ്ത്രീയവും അനിയന്ത്രിതവുമായ ജലചൂഷണം തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജലവിനിമയത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തി ജില്ലയില്‍ സമഗ്രമായ ജലനയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രപ്രതിനിധിയെ ജനപ്രതിനിധികള്‍ ബോധ്യപ്പെടുത്തി. ജില്ലയിലെ നദികളില്‍ ശാസ്ത്രീയമായ സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ചില മേഖലകളിലെ ഭൂമിശാസ്ത്രപരമായ ചരിവുമൂലം നദികളിലെ വെള്ളം പെട്ടെന്നുതന്നെ ഒലിച്ചു പോവുന്നു. ഇതു തടഞ്ഞുനിര്‍ത്താന്‍ സംവിധാനം വേണമെന്നു ജനപ്രതിനിധികള്‍ പറഞ്ഞു.

മഞ്ചേശ്വരം ബ്ലോക്കില്‍ ഉദ്യോഗസ്ഥരുടെ അഭാവം കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യമുണ്ടെന്ന് അഭിപ്രായമുയര്‍ന്നു. മേഖലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കടലില്‍ നിന്നും വെള്ളം ശുദ്ധീകരിച്ച് ഗാര്‍ഹികാവശ്യത്തിനും കൃഷിക്കും വിതരണം ചെയ്യാനുള്ള സംവിധാനത്തെ കുറിച്ച് ആലോചിക്കണമെന്നും വലിയ തുകയും സാങ്കേതികവിദ്യയും ആവശ്യമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ചര്‍ച്ചയില്‍ ആവശ്യ മുയര്‍ന്നു. നെല്‍കൃഷി വെള്ളം തടഞ്ഞു നിര്‍ത്തി ഭൂമിയിലേക്ക് ഇറക്കിവിടുന്നതിന് ഏറെ സഹായകരമായതിനാല്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനായി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും ജനപ്രതിനിധികള്‍ മുന്നോട്ടുവച്ചു.

ഒരു പ്രദേശത്തെ തന്നെ വരണ്ട നിലയിലേക്കു തള്ളിവിടുന്ന അക്കേഷ്യ മരങ്ങള്‍ നീക്കം ചെയ്യുന്നതിനായി അധികൃതര്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും പിഡബ്ല്യൂഡി, സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമികളില്‍ നിന്നും ഇവ മുറിച്ചു മാറ്റാന്‍ പഞ്ചായത്തുകള്‍ക്കു പരിമിതിയുണ്ടെന്നും ജനപ്രതിനിധികള്‍ അറിയിച്ചു. വനമേഖലകളിലെ കുളങ്ങളും തോടുകളും ജലസ്രോതസുകളും സംരക്ഷിക്കുന്നതിനു നിയമ തടസങ്ങളുള്ളതിനാല്‍ അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്നു ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ജലചൂഷണത്തിനിടയാക്കുന്ന സ്പ്രിംഗ്ലര്‍ പ്രയോഗം തടഞ്ഞ് ഡ്രിപ് ഇറിഗേഷന്‍ പദ്ധതി പ്രോത്സാഹിപ്പിക്കണം. ഓവുചാല്‍ നിര്‍മാണങ്ങളില്‍ മുഴുവനായും കോണ്‍ക്രീറ്റ് ചെയ്യുന്നതു മഴവെള്ളം ഞൊടിയിടയില്‍ ഒഴികിപ്പോകുന്നതിന് ഇടയാക്കുന്നതിനാല്‍ താഴ്ഭാഗം ഒഴിവാക്കി ഇരുവശങ്ങളില്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.

യോഗത്തില്‍ ജലശക്തി അഭിയാന്‍ ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍, എഡിഎം ഇന്‍ചാര്‍ജ് പി ആര്‍ രാധിക, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, അസിസ്റ്റന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് അശോക് കുമാര്‍ സിങിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ചെമ്മനാട്, ബദിയടുക്ക, പൈവളിഗെ ഗ്രാമപഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു. ഈ പ്രദേശങ്ങളിലെ ജല ലഭ്യതയിലുള്ള പ്രശ്‌നങ്ങളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

Related News: കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭ ജലം തീരുന്നു; മുന്‍കരുതലില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തം, പഠനത്തിന് കേന്ദ്ര സംഘമെത്തും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Report, water, Issue, Union representative reached Kasargod for evaluated Groundwater issue