city-gold-ad-for-blogger

വീട്ടമ്മമാരുടെ കൈപ്പുണ്യം ഇനി ടൂറിസ്റ്റുകള്‍ക്കും നുകരാം; ഉത്തരവാദിത്ത ടൂറിസം മിഷന്‍ പുതിയ പദ്ധതി കൊണ്ടുവരുന്നു

തിരുവനന്തപുരം: (www.kasargodvartha.com 18.07.2019) കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ടൂറിസം മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്. 'എക്സ്പീരിയന്‍സ് എത്നിക് കുസിന്‍' എന്ന പേരില്‍ കേരളത്തില്‍ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് ഭരണാനുമതി നല്‍കി. കാസര്‍കോട് ഉള്‍പ്പെടെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപ്പെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുക. കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുക

പദ്ധതിയുടെ ചുരുക്കം

വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയില്‍ കേരളീയ ഭക്ഷണം തയ്യാറാക്കി നല്‍കുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ച് സഞ്ചാരികള്‍ക്കു പരിചയപ്പെടുത്തും. പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും  തൊഴില്‍ നല്‍കുവാന്‍ കഴിയും. ഇതിലൂടെ സംരംഭകരായി മാറുന്നതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരമൊരു പദ്ധതി ഫലപ്രദമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ നടപ്പിലാക്കുവാന്‍ ഉത്തരവാദിത്ത ടൂറിസം മിഷനു സാധിക്കും.

പശ്ചാത്തലം

കേരളത്തിന് ഒരു തനതു ഭക്ഷ്യ സംസ്‌കാരവും പാചക-ഭക്ഷണരീതികളും ഉണ്ട്. എന്നാല്‍ ഈ ശൈലി വ്യാപകമായി തുടച്ചു മാറ്റിക്കൊണ്ട് ഒരു ഫാസ്റ്റ് ഫുഡ് സംസ്‌കാരം കേരളത്തിലുടനീളം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിരവധി ചെറുകിട ഹോട്ടലുകളില്‍ പോലും ഇന്നു കേരളീയമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് തയ്യാറാക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതും. ഒരു നാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ ആ നാടിന്റെ ഭക്ഷണ ക്രമങ്ങളെക്കുറിച്ചറിയാന്‍ തത്പരര്‍ ആയിരിക്കും. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രുചിച്ചറിയുന്നതിനും അവയുടെ പാചകരീതി പഠിക്കുന്നതിനുമായി യാത്ര ചെയ്യുന്ന നിരവധി സഞ്ചാരികളുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഭക്ഷണ ശൈലിയും പ്രോത്സാഹിപ്പിക്കുവാന്‍ പര്യാപ്തമായ ശക്തമായ ഒരു സംവിധാനം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ കുറവാണെന്നു പറയാം. ഒരു നാടിനെ വിനോദ സഞ്ചാര രംഗത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന ബ്രാന്‍ഡിംഗ് ഘടകങ്ങളില്‍ തനതു ഭക്ഷണം ഒരു പ്രധാന ഘടകമാണ്.

പദ്ധതി എങ്ങനെ നടപ്പിലാക്കും?

ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോഡിനേറ്റര്‍മാര്‍ അടങ്ങുന്ന ഒരു സമിതി സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം ആയിരിക്കും അവ ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത്. അതിനായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് അതതു ജില്ലാ തലത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കും. ഒരു രണ്ടംഗ കുടുംബത്തിനു പോലും ഒരു മുഴുദിന ജീവനക്കാരന്റെ / ജീവനക്കാരിയുടെ സഹായത്തോടെ മുപ്പതു പേര്‍ക്കെങ്കിലും കേരളീയ ഭക്ഷണം തയ്യാറാക്കി നല്കുവാനും അതിലൂടെ തങ്ങള്‍ക്ക് സുസ്ഥിരമായ ഒരു വരുമാനം കണ്ടെത്താനുമാവും. എന്നാല്‍ എങ്ങിനെ ഇതു ചെയ്യണം എന്ന കാര്യം സംരംഭകര്‍ക്ക്  വിശദീകരിച്ചു കൊടുക്കും. ഇതിനു വേണ്ടി വരുന്ന മുതല്‍ മുടക്കിന്റെ ഏകദേശ ചിത്രവും അവര്‍ക്ക് നല്‍കും. അതിനു ശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി ഒരു മാസത്തെ സമയവും നല്‍കും. ഈ പദ്ധതിയില്‍  രജിസ്ടര്‍ ചെയ്യുന്ന യൂണിറ്റുകള്‍ നിര്‍ബന്ധമായി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കണം.ഉത്തരവാദിത്ത മിഷന്‍ പരിശോധിച്ച് അംഗീകരിക്കുന്ന ഓരോ സംരംഭകരുടെയും ലൊക്കേഷന്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെടുത്തും.

പദ്ധതി കൊണ്ടുള്ള നേട്ടങ്ങള്‍

1. പ്രത്യക്ഷമായും പരോക്ഷമായും 8000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന 2000 പ്രാദേശിക ഭക്ഷ്യ ശൃംഖല ഒന്നാം ഘട്ടത്തില്‍ രൂപപ്പെടുന്നു. രണ്ടാം ഘട്ടത്തില്‍ ഈ ശൃംഖല കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു പ്രത്യക്ഷമായി തന്നെ തൊഴില്‍ നല്‍കും.
2. കേരളത്തിന്റെ തനതു ഭക്ഷ്യ രുചികള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ അവസരം ലഭിക്കുന്നു.
3. സ്ത്രീശാക്തീകരണത്തെ സഹായിക്കുന്ന പദ്ധതി.
4. ഗ്രാമീണ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
5. ടൂറിസം കൊണ്ടുള്ള നേട്ടങ്ങള്‍ തദ്ദേശവാസികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നു.
6. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത വിവിധ യൂണിറ്റുകള്‍ പ്രത്യേകിച്ച് കരകൗശല യൂണിറ്റുകള്‍, അച്ചാര്‍ യൂണിറ്റുകള്‍, ചിപ്സ് യൂണിറ്റുകള്‍, പപ്പടം യൂണിറ്റുകള്‍, പച്ചക്കറി, പാല്‍, മുട്ട ഉത്പാദന യൂണിറ്റുകള്‍  തുടങ്ങിയവയ്ക്കും വരുമാനം ലഭ്യമാക്കാന്‍ കഴിയുന്നു.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടം ജൂലൈയില്‍ ആരംഭിക്കും. താല്‍പര്യമുള്ള വീട്ടമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും ഈ മാസം 25 നകം സംസ്ഥാന ടൂറിസം വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത ടൂറിസം മിഷന്‍ ഓഫീസിലോ അതതു ജില്ല ടൂറിസം ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയാവുന്നതാണ്. അംഗീകൃത ഹോം സ്റ്റേകള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കാസര്‍കോട് ജില്ലാ കോഡിനേറ്ററുടെ 9847398283 നമ്പറുമായി ബന്ധപ്പെടാം.

വീട്ടമ്മമാരുടെ കൈപ്പുണ്യം ഇനി ടൂറിസ്റ്റുകള്‍ക്കും നുകരാം; ഉത്തരവാദിത്ത ടൂറിസം മിഷന്‍ പുതിയ പദ്ധതി കൊണ്ടുവരുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Tourism, House-wife, Food, Responsible Tourism mission with new project
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia