Join Whatsapp Group. Join now!
Aster MIMS 10/10/2023

സൗജന്യമായി നീന്തല്‍ പഠിപ്പിക്കാന്‍ ഈ വര്‍ഷവും മുഹമ്മദ് കുഞ്ഞി സജീവമായി തന്നെയുണ്ട്; ദൗത്യത്തിന് 30 വയസ്, ആഗ്രഹമുള്ള കുട്ടികള്‍ ഇശല്‍ ഗ്രാമത്തിലേക്ക് വരൂ...

മൊഗ്രാല്‍ ഗ്രാമത്തില്‍ നീന്തലറിയാത്തവര്‍ ഉണ്ടാകരുത്, ഇതൊരു നീന്തല്‍ ഗ്രാമമായി അറിയപ്പെടണം, നാളെ നല്ല നീന്തല്‍ താരങ്ങളെ Kasaragod, Kerala, news, Mogral, Mogral puthur, Swimming, Mohammed Kunhi ready to study Swimming for children
മൊഗ്രാല്‍: (www.kasargodvartha.com 17.07.2019) മൊഗ്രാല്‍ ഗ്രാമത്തില്‍ നീന്തലറിയാത്തവര്‍ ഉണ്ടാകരുത്, ഇതൊരു നീന്തല്‍ ഗ്രാമമായി അറിയപ്പെടണം, നാളെ നല്ല നീന്തല്‍ താരങ്ങളെ ഈ ഗ്രാമത്തില്‍ നിന്ന് വാര്‍ത്തെടുക്കണം ഈ ഉദ്ദേശത്തോടെ തുടങ്ങിയതാണ് മൊഗ്രാലിലെ എം എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനം. 1990ല്‍ തുടങ്ങി വെച്ച ഈ ദൗത്യത്തിനു ഇപ്പോള്‍ 30 വയസായിരിക്കുകയാണ്.

നീണ്ട മൂന്ന് പതിറ്റാണ്ടിന്റെ പരിശ്രമത്തിലൂടെ മുഹമ്മദ് കുഞ്ഞി ഇതിനകം 3000ത്തോളം കുട്ടികള്‍ക്കു നീന്തല്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിന്നോടൊപ്പം എല്ലാവര്‍ക്കും നീന്തലറിയുന്ന ഗ്രാമമായി മൊഗ്രാലിനെ മാറ്റാനുമായിരുന്നു മുഹമ്മദ് കുഞ്ഞിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് മൊഗ്രാല്‍ സ്‌കൂളിലെ നൂറുകണക്കിന് കുട്ടികള്‍ ദിവസവും മുഹമ്മദ് കുഞ്ഞിയെ തേടി മൊഗ്രാല്‍ കണ്ടത്തില്‍ പള്ളികുളത്തില്‍ എത്തുന്നത്. സ്‌കൂള്‍ പഠന സമയം കഴിഞ്ഞുള്ള ഒഴിവുവേളയിലും, ഒഴിവു ദിവസങ്ങളിലുമാണ് കുട്ടികള്‍ മുഹമ്മദ് കുഞ്ഞിയെ തേടി നീന്തല്‍ പരിശീലനത്തിനായി സമയം വിനിയോഗികുന്നത്.


കുളത്തിലും, പുഴയിലും നീന്തിത്തുടിക്കുന്ന ബാല്യം അന്യമായ ന്യൂ ജനറേഷനു നീന്തലിന്റെ പാഠങ്ങള്‍ അഭ്യസിച്ചു കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് പിന്നിട്ട് പരിശീലകനായി ശ്രദ്ധേയനാവുകയാണ് മൊഗ്രാലിലെ കലാകാരന്‍ കൂടിയായ എം എസ് മുഹമ്മദ് കുഞ്ഞി. കുളത്തില്‍ ഊളിയിടുന്ന  കുട്ടികുറുമ്പന്മാര്‍ക്ക് നടുവില്‍ സുരക്ഷാവലയം തീര്‍ത്തു മുഹമ്മദ് കുഞ്ഞി ഉണ്ടാകും കുളത്തിന് നടുവില്‍. സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ കുട്ടികള്‍ പള്ളികുളത്തിലേക്ക് പാഞ്ഞെത്തും. മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ പരിശീലനം അറിഞ്ഞു ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിന് കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം മൊഗ്രാലില്‍ എത്താറുണ്ട്.

മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ കടപ്പുറത്താണ് താമസം. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച മുഹമ്മദ് കുഞ്ഞി ചെറിയ പ്രായത്തില്‍ ഉപ്പയോടൊപ്പം കടലിനോട് കൂട്ടുകൂടിയാണ് വളര്‍ന്നത് തന്നെ. പതിനാറാം വയസ്സില്‍ നീന്തല്‍ പരിശീലനകനുമായി. തുടര്‍ന്നിങ്ങോട്ട് മുറിയാതെ തുടര്‍ന്ന പരിശീലനം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇപ്രാവശ്യം മഴ ലഭിക്കാതായതോടെ കുളത്തില്‍ വെള്ളം നിറയാന്‍ വൈകിയത് ഈ വര്‍ഷത്തെ പരിശീലനവും വൈകാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂണ്‍ പകുതിയോടെ പരിശീലനം തുടങ്ങുമായിരുന്നു. ഈ  പ്രാവശ്യം ജൂലൈ 20ന് തുടങ്ങാനാണ് തീരുമാനം.

നീന്തല്‍ പരിശീലനത്തിന്റെ മൂന്ന് പതിറ്റാണ്ടു പിന്നിടുമ്പോള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും മുഹമ്മദ് കുഞ്ഞിക്ക് ഒരാഗ്രഹമുണ്ട്. മൊഗ്രാല്‍ പ്രദേശത്തു ആധുനിക സജീകരണങ്ങളോട് കൂടിയുള്ള ഒരു നീന്തല്‍കുളം, ശാസ്ത്രീയമായ പരിശീലനം ഇതിനായുള്ള ശ്രമത്തിലാണ് മുഹമ്മദ് കുഞ്ഞി. മൊഗ്രാല്‍ ദേശീയ വേദി പ്രവര്‍ത്തകനായ മുഹമ്മദ് കുഞ്ഞി നല്ലൊരു കലാകാരന്‍ കൂടിയാണ്. കോല്‍ക്കളി, ദഫ്, ബാന്‍ഡ് മേള സംഘവും അദ്ദേഹത്തിനുണ്ട്. ഇതിന്റെ പരിശീലകന്‍ കൂടിയാണ് മുഹമ്മദ് കുഞ്ഞി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mogral, Mogral puthur, Swimming, Mohammed Kunhi ready to study Swimming for children
  < !- START disable copy paste -->