Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത് ഇറക്കാനുള്ള മൂന്നാം ശ്രമത്തിനിടെ; 20 അടി നീങ്ങിയാല്‍ പതിക്കുമായിരുന്നത് കുഴിയില്‍, ദുബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയിറങ്ങും

മംഗളൂരുവില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത് ഇറക്കാനുള്ള മൂന്നാം ശ്രമത്തിനിടെ. റണ്‍വേയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ Kasaragod, Kerala, news, Mangalore, Top-Headlines, National, Mangaluru: Disaster was lurking just 20 feet away from skidded aircraft
മംഗളൂരു: (www.kasargodvartha.com 01.07.2019) മംഗളൂരുവില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത് ഇറക്കാനുള്ള മൂന്നാം ശ്രമത്തിനിടെ. റണ്‍വേയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ വിമാനം 200 മീറ്ററോളം സഞ്ചരിച്ചാണ് വെള്ളമൊഴുകിപ്പോകാന്‍ ഉപയോഗിച്ച കുഴിയില്‍ നിന്നത്. 20 അടി നീങ്ങിയിരുന്നുവെങ്കില്‍ വലിയ കുഴിയിലേക്കാണ് വിമാനം പതിക്കുമായിരുന്നത്. ഭാഗ്യം കൊണ്ടാണ് ദുരന്തം സംഭവിക്കാതെ രക്ഷപ്പെട്ടത്. വിമാനം കുഴിയില്‍ പതിച്ചിരുന്നെങ്കില്‍ 2010 ലുണ്ടായ വിമാന ദുരന്തം വീണ്ടും ആവര്‍ത്തിക്കുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. 2010 മെയ് 22നാണ് രാജ്യത്തെ തന്നെ നടുക്കിയ വിമാന ദുരന്തം മംഗളൂരുവില്‍ സംഭവിച്ചത്. അന്ന് 158 പേരാണ് ദാരുണമായി മരിച്ചത്. ഇതില്‍ 52 പേര്‍ മലയാളികളായിരുന്നു.

ഞായറാഴ്ച വൈകിട്ട് 5.40 മണിയോടെയാണ് മംഗളൂരു വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. വിമാനത്തില്‍ 183 യാത്രക്കാരാണ് ഉണ്ടായിരുന്നു. പൈലറ്റിന്റെ മനസാന്നിധ്യം ഒന്നു കൊണ്ടുമാത്രമാണ് വിമാനം പെട്ടെന്നു തന്നെ നിര്‍ത്താന്‍ കഴിഞ്ഞത്. റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം മണ്ണില്‍ പുതഞ്ഞ് നില്‍ക്കുകയായിരുന്നു. പൈലറ്റുമാരടക്കം ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇറക്കുന്ന സമയം വേഗത കുറച്ച് കൂടിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. വൈകിട്ട് 5.32 നാണ് ആദ്യം വിമാനം ഇറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിന് സാധിച്ചില്ല. 5.42 ന് വീണ്ടും ശ്രമം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

'വിമാനം ഇറക്കുന്നതിനിടെ ഉഗ്രശബ്ദമാണ് ഉണ്ടായത്. വലിയ ശബ്ദം കേട്ട് യാത്രക്കാരെല്ലാം പരിഭ്രാന്തരായി. ഒരു നിമിഷം 2010 ലെ വിമാന ദുരന്തം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തിയതായി വിമാനത്തിലെ യാത്രക്കാരിയായിരുന്ന കാസര്‍കോട് ബന്തടുക്ക സ്വദേശിനി അശ്വിനി പറഞ്ഞു.

അപകടമുണ്ടായ സാഹചര്യത്തില്‍ മംഗളൂരുവില്‍ വിമാനമിറക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. ദുബൈയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനമടക്കം ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇതുമൂലം ജെറ്റിലുണ്ടായിരുന്ന നിരവധി യാത്രക്കാരും യാത്രക്കാരെ സ്വീകരിക്കാനായി മംഗളൂരു വിമാനത്താവളത്തിലെത്തിയവരും എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായി. പലരും പിന്നീട് ബസ് പിടിച്ചും മറ്റുമാണ് വീടുകളിലെത്തിയത്.

ഇതിനു പിന്നാലെ മംഗളൂരുവിലേക്കുള്ള എല്ലാ വിമാനങ്ങളും സമയക്രമത്തില്‍ മാറ്റം വരുത്തി. ദുബൈയില്‍ നിന്നും മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ഇക്കാര്യം യാത്രക്കാരെ മൊബൈലിലൂടെ സന്ദേശമായി അറിയിക്കുകയുമായിരുന്നു. ദുബൈയില്‍ നിന്നും മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിയതിന് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയതുമായി ബന്ധമില്ലെന്നും മംഗളൂരുവില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും വിമാനഗതാഗതം പൂര്‍വ്വസ്ഥിതിയിലാണെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി വി റാവു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ദുബൈയില്‍ നിന്നും തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന ഐ എക്‌സ് 384 നമ്പര്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. യു എ ഇ സമയം ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് വിവരം ലഭിച്ചത്. ഈ വിമാനം മൂന്നു മണിയോടെ പുറപ്പെട്ടു. സന്ധ്യയോടെ വിമാനം മംഗളൂരുവിലെത്തിച്ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mangalore, Top-Headlines, National, Mangaluru: Disaster was lurking just 20 feet away from skidded aircraft
  < !- START disable copy paste -->