Join Whatsapp Group. Join now!
Aster MIMS 10/10/2023

പരീക്ഷയ്ക്ക് കേന്ദ്രം തൃശൂരും പാലക്കാടും അനുവദിച്ച സംഭവത്തില്‍ പിഎസ്‌സിയോട് വിശദീകരണം ആവശ്യപ്പെട്ടു, വീടിനടുത്ത് വരെ റോഡുണ്ടായിട്ടും സ്‌കൂള്‍ ബസ് വരുന്നത് 2 കിലോ മീറ്റര്‍ അകലെ വരെ മാത്രം; കാസര്‍കോട്ട് മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ സിറ്റിംഗില്‍ 39 പരാതികള്‍ കേട്ടു, 11 എണ്ണം തീര്‍പ്പാക്കി

പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പിഎസ്‌സി നടത്തുന്ന പരീക്ഷയ്ക്ക് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൃശൂരും പാലക്കാടും കേന്ദ്രം അനുവദിച്ച സംഭവത്തില്‍ മനുഷ്യാKerala, kasaragod, news, Examination, sitting, psc, District Collector, complaint, Human Rights commission sitting in Kasargod held
കാസര്‍കോട്: (www.kasargodvartha.com 16.07.2019) പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പിഎസ്‌സി നടത്തുന്ന പരീക്ഷയ്ക്ക് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൃശൂരും പാലക്കാടും കേന്ദ്രം അനുവദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ജില്ലയില്‍ തന്നെയോ അല്ലെങ്കില്‍ സമീപ ജില്ലയിലോ പരീക്ഷാ നടത്തിപ്പിനുള്ള സൗകര്യമുണ്ടെന്നിരിക്കേ വളരെ ദൂരെയുള്ള പ്രദേശങ്ങളില്‍ പരീക്ഷാ കേന്ദ്രമനുവദിച്ചത് ഉചിതമല്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ പിഎസ്‌സി സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.

കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. വിദൂര സ്ഥലങ്ങളില്‍ പരീക്ഷ കേന്ദ്രം അനുവദിക്കുന്നത് യാത്രാദുരിതം സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് ജില്ലയില്‍ നിന്നുമുള്ള പ്രാതിനിധ്യം കുറയ്ക്കുമെന്നാണ് പരാതിയില്‍ പറയുന്നു. ഇത് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയെഴുതുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു.

മഹാത്മാ ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്ന മകന് വീട്ടിനടുത്തേക്ക് പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അനുവദിച്ച ബസ് വരാത്തതിനാല്‍ സ്‌കൂളിലേക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന മാതാവിന്റെ പരാതി പരിഗണിച്ചു. ഇവരുടെ താമസ സ്ഥലമായ മഹാലക്ഷ്മിപുരത്തേക്ക് യാത്രായോഗ്യമായ പാതയുണ്ടായിട്ടും രണ്ട് കിലോമീറ്റര്‍ മാറിയുള്ള ചട്ടഞ്ചാല്‍ വരെ മാത്രമാണ് സ്‌കൂള്‍ ബസ് പോവുന്നത്.ഓട്ടോറിക്ഷയില്‍ ഇരുപതുവയസുകാരനായ മകനെ ചട്ടഞ്ചാല്‍ വരെ എത്തിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും സ്‌കൂളില്‍ പോവാതെ വീട്ടിലിരിക്കുന്നത് മാനസിക വിഭ്രാന്തി സൃഷ്ടിക്കുന്നതായും മാതാവ് പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ കളക്ടറോടും പഞ്ചായത്ത് സെക്രട്ടറിയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ച ഭക്ഷണത്തില്‍ ദുര്‍ഗന്ധം വമിക്കുന്നതായുള്ള പരാതിയില്‍ ജില്ലാ സപ്ലൈകോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നെല്ല് സംസ്‌കരിക്കുമ്പോഴുണ്ടായ പാകപ്പിഴവ് മൂലമാണ് പിന്നീട് ഉച്ച ഭക്ഷണത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതെന്ന വിശദീകരണത്തില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. കൂടുതല്‍ വിശദീകരണം ലഭിക്കുന്നതിനായി പയ്യന്നൂര്‍ എഫ്‌സിഐ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണവിതരണം കൂടുതല്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഹൊസ്ദുര്‍ഗില്‍ കസ്റ്റഡിയിലിരിക്കേ ചിത്താരിയിലെ കുഞ്ഞികൃഷ്ണന്‍ ആശുപത്രിയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വാഭാവിക മരണമെന്നാണ് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ കമ്മീഷന്‍ പരേതന്റെ ബന്ധുക്കളോട് പ്രതികരണമാവശ്യപ്പെട്ടു.

ബന്തടുക്കയിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിനെതിരേ വന്ന പരാതിയില്‍ വരുമാന നഷ്ടമുണ്ടാകുമെന്നതിനാല്‍ ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചതായി പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. താരതമ്യേന പ്രശനങ്ങളില്ലാത്ത പ്രദേശത്ത് ഔട്ടലെറ്റിനെതിരേ പരാതി ഉയരുന്നത് ദുരുദ്ദേശപരമാണെന്നും സ്വകാര്യബാറുകളെ സഹായിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സിറ്റിങില്‍ 39 പരാതികള്‍ പരിഗണിച്ചു. ഇതില്‍ പതിനൊന്ന് പരാതികള്‍ തീര്‍പ്പാക്കി. അടുത്ത സിറ്റിങ് ആഗസ്റ്റ് 22നായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Kerala, kasaragod, news, Examination, sitting, psc, District Collector, complaint, Human Rights commission sitting in Kasargod held