Join Whatsapp Group. Join now!
Aster MIMS 10/10/2023

പരപ്പ മുണ്ടത്തടം ക്വാറി ഉടമക്കും കുടുംബത്തിനും പറയാനുണ്ട് കാര്യങ്ങള്‍

വെള്ളരിക്കുണ്ട് പരപ്പ മുണ്ടത്തടത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിക്കും ക്രഷറിനുമെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ക്വാറി Kasaragod, Kerala, news, parappa, Family, Press meet, Vellarikundu, Parappa Mundathadam Quarry owner and Family to media.
കാസര്‍കോട്: (www.kasargodvartha.com 28.06.2019) വെള്ളരിക്കുണ്ട് പരപ്പ മുണ്ടത്തടത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിക്കും ക്രഷറിനുമെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ക്വാറി അടച്ചിടേണ്ടി വന്നാല്‍ കോടിക്കണക്കിനു രൂപ വായ്പ എടുത്ത് വ്യവസായ സംരംഭം തുടങ്ങിയ ഞങ്ങളുടെ കുടുംബം കടക്കെണിയിലായി ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാകുമെന്നും ക്രഷര്‍ ഉടമയും കുടുംബവും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിവിധ ബാങ്കുകളില്‍ നിന്നും ക്രഷറിനും ക്വാറിക്കും വേണ്ടി എടുത്തിട്ടുള്ള 8.75കോടി രൂപ തിരിച്ചടക്കാനാവാതെ ഇതിനായി പണയം വച്ച വീടും പറമ്പും ജപ്തിചെയ്തു ഇറക്കിവിടുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്ന് ഉടമകള്‍ പറഞ്ഞു.

സര്‍ക്കാരിന്റെയും അതുമായി ബന്ധപ്പെട്ട എല്ലാവിധ ഏജന്‍സികളുടെയും നിയമാനുസരണമുള്ള അനുമതി വാങ്ങിച്ചുകൊണ്ടാണ് 2013 മുതല്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇതോടനുബന്ധിച്ച് ക്രഷര്‍ യൂണിറ്റും സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. കഴിഞ്ഞ ആറു വര്‍ഷമായി ക്വാറിക്കെതിരെ യാതൊരുവിധ പരാതിയോ ആരോപണങ്ങളോ പരിസരവാസികളോ നാട്ടുകാരും ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ക്രഷര്‍ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്താണ് സാധുജന പരിഷത്ത് എന്ന സംഘടനയുടെ പേരില്‍ ചിലര്‍ സമരവുമായി രംഗത്ത് വന്നത്.

35 വര്‍ഷമായി പൊതുമരാമത്ത് കരാര്‍ ജോലികള്‍ ചെയ്തും കഠിനാധ്വാനത്തിലൂടെയും സമ്പാദിച്ച സര്‍വ്വസ്വവും ഇതുമൂലം നഷ്ടപ്പെടുകയാണ്. കേരളത്തിലെ ക്രഷറുകളെ തകര്‍ത്ത് വടക്കന്‍ ജില്ലകളില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ നോക്കുന്ന കാസര്‍കോട് അതിര്‍ത്തിയോടു ചേര്‍ന്ന കര്‍ണാടകയിലെ ക്രഷര്‍ ലോബിയുടെയും മറ്റ് ബാഹ്യ ശക്തികളുടെയും ഇടപെടലും പ്രേരണയുമാണ് പെട്ടെന്നുള്ള ഈ സമരത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും ക്വാറി ഉടമ പറഞ്ഞു. നാട്ടിലെ ചെറിയ ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിച്ചും ഹൃദയ സ്പര്‍ശിയായ വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിച്ചുമാണ് സമരപന്തലില്‍ ആളുകളെ ഇരുത്തിയത്. വ്യവസായം തകര്‍ക്കാന്‍ നോക്കുന്നവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന സമരക്കാര്‍ക്ക് നിജ സ്ഥിതിയും പ്രശ്നത്തിന്റെ ഗൗരവവും അറിയാതെയാണ് ഏതാനും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ആളുകളും ചില സംഘടനകളും പിന്തുണ പ്രകടിപ്പിക്കുന്നത്. ഇവരെല്ലാം യാഥാര്‍ത്യം മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ക്ക് മുണ്ടത്തടത്തുള്ള 50 ഏക്കര്‍ സ്ഥലത്തില്‍ 12 ഏക്കറോളം സ്ഥലത്താണ് 12 വര്‍ഷത്തേക്ക് കരിങ്കല്‍ ഖനനം നടത്താന്‍  അനുമതി നേടിയത്. ഇപ്പോള്‍ ഖനനം ചെയ്യുന്ന സ്ഥലത്തുനിന്നും അരകിലോമീറ്ററിനു അപ്പുറമാണ് രണ്ടു വീടുകള്‍ നിലവിലുള്ളത്. മറ്റുവീടുകളെല്ലാം ഒരു കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഖനനം മൂലം ഈ പ്രദേശത്തുള്ള വീടുകള്‍ എല്ലാം തകര്‍ന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. കടുത്ത വേനലും മഴക്കുറവും കാരണം നാട്ടിലാകെ കുടിവെള്ളം കിട്ടാത്ത അവസ്തയാണുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. വറ്റാത്ത പുഴകളും നീരുറവകളും പോലും  ഈ വര്‍ഷം വറ്റിവരണ്ടിട്ടുണ്ട്. ഈ യാഥാര്‍ത്യം നിലനില്‍ക്കുമ്പോള്‍ ഖനനം നിമിത്തമാണ് മുണ്ടത്തടത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകുന്നത് എന്ന വാദം വിചിത്രമാണ്.


ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്, എക്സ്പ്ലോസ്സിവ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കളക്ടര്‍ ചെയര്‍മാനായ പാരിസ്ഥിതിക സമിതി, ഡയറക്ടര്‍ ഓഫ് മൈന്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ്, അഗ്നി ശമനസുരക്ഷാ സേന, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നീ ഏജന്‍സികളുടെയെല്ലാം വ്യക്തമായ അനുമതികളോടെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതും ക്രഷര്‍ നിര്‍മ്മാണം ആരംഭിച്ചതും. ബന്ധപ്പെട്ട ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ സാറ്റലൈറ്റ് സംവിധാനം വഴി മാസങ്ങള്‍ നീണ്ട വിദഗ്ദ പഠനവും പരിശോധനയും നടത്തിയതിനു ശേഷമാണ് ഈ വ്യവസായത്തിനു അനുമതി നല്‍കിയിട്ടുള്ളത്.

മുണ്ടത്തടം ക്വാറിയില്‍ നിലവില്‍ ക്രഷര്‍ യൂണിറ്റില്‍ ഉത്പാദനം തുടങ്ങിയിട്ടില്ല. ഒരു പരീക്ഷണം പോലും നടത്താതെ പൊടിപടലങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും കാരണം ജീവിക്കാന്‍  കഴിയുന്നില്ല എന്നു പ്രചരിപ്പിക്കുന്നത് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ക്വാറി വ്യവസായത്തിനെതിരെ തിരിച്ചു വിടാനുള്ള ഗൂഡാലോചനയാണ്. ജില്ലയിലെ വ്യവസായങ്ങള്‍ തകര്‍ക്കാനും നാടിന്റെ വികസനം തടസ്സപ്പെടുത്താനുമുള്ള സ്പോണ്‍സേര്‍ഡ് സമരമാണ് ഇവിടെ നടക്കുന്നത്. മൈനിംഗ് റൂള്‍ അനുസരിച്ചാണ് ഖനനത്തിനു അനുമതി തന്നിട്ടുള്ളത്. തികച്ചും ശാസ്ത്രീയമായും എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് മൈനിംഗ് എഞ്ചിനീയറുടെയും ബ്ലാസ്റ്റ്മാന്റെയും നേതൃത്വത്തില്‍ ഖനനം നടത്തുന്നത്. സുരക്ഷിതത്വവും മലിനീകരണം ഒഴിവാക്കുന്നതിനും വേണ്ടി മെഷീനറികളെല്ലാം കെട്ടിടത്തിന്റെ ഉള്ളിലാണ് സ്ഥാപിക്കുന്നത്.

ചില നിക്ഷിപ്ത താത്പര്യക്കാര്‍ ക്വാറിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും പോലീസ് സംരക്ഷണം ഉറപ്പ് വരുത്തി 2019 മാര്‍ച്ച് 29 നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സമരം നടക്കുന്ന ഘട്ടത്തില്‍ മെയ് 28ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡി. വൈ. എസ്. പി യുടെ നേതൃത്ത്വത്തില്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ ജിയോളജി, റവന്യൂ, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്തരെയും സമരക്കാരുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പട്ടികവിഭാഗ കോളനിക്കടുത്ത് ക്വാറിയും ക്രഷറും പറ്റില്ലെന്നും ഇവ അടച്ച് പൂട്ടണമെന്നുള്ള ഒറ്റ അജണ്ടയില്‍ ഇറങ്ങിപ്പോകുകയാണ് സമരക്കാര്‍ ചെയ്തതെന്ന് ഉടമ പറഞ്ഞു.

 

കോളനിക്കാരുടെ വിഷയങ്ങളോ കുടിവെള്ള പ്രശ്നമോ പാരിസ്ഥിതിക പ്രശ്നങ്ങളോ ഒന്നും തന്നെ ഉന്നയിക്കാന്‍ അന്ന് സമരക്കാര്‍ തയ്യാറായില്ല.  അതിനുശേഷം സ്ഥലം സന്ദര്‍ശിച്ച റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജൂണ്‍ 11നു കളക്ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ കളക്റ്ററുടെ തീരുമാന പ്രകാരം താല്‍കാലികമായി ഖനനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതോടെ ഏറെക്കാലം കൊണ്ട് പടുത്തുയര്‍ത്തിയ വ്യവസായ സ്വപ്നമാണ് മരവിച്ചുപോകുന്നത്. മുടക്കുമുതലിന്റെ വായ്പ ഇനത്തില്‍ മാസംതോറും 24 ലക്ഷത്തില്‍പരം രൂപയാണ് ബാങ്കുകളില്‍ തിരിച്ചടക്കേണ്ടിവരുന്നത്. ഇന്നത്തെ നിലയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാന്‍ പറ്റാത്തതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതുമാണെന്ന് ഉടമ പറഞ്ഞു.



 ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത് നൂറിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതിനു സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും ഉടമ അഭ്യര്‍ത്തിച്ചു. കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ മരണത്തെത്തുടര്‍ന്ന് വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടുന്ന ഈ സാഹചര്യത്തില്‍ തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വ്യവസായ വകുപ്പ് മന്ത്രി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോടിയേരി ബാലകൃഷണന്‍, ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇവരെല്ലാം അനുഭാവ പൂര്‍വ്വം ഈ വിഷയം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സി. നാരായണന്‍, (മാനേജിംഗ് പാര്‍ട്ട്ണര്‍, സീയെന്‍ സ്റ്റോണ്‍ ക്രഷര്‍), ഭാര്യ എ. രമണി (പാര്‍ട്ട്ണര്‍), മക്കളായ സി എന്‍ അനീഷ് കുമാര്‍ (പാര്‍ട്ട്ണര്‍), സി എന്‍ ബിനീഷ് (പാര്‍ട്ട്ണര്‍), സി എന്‍ സിനീഷ് (പാര്‍ട്ട്ണര്‍), മരുമകള്‍ പ്രഗ്യ അനീഷ്, മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, parappa, Family, Press meet, Vellarikundu, Parappa Mundathadam Quarry owner and Family to media.