ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്തു; കുടിവെള്ള വിതരണം തുടങ്ങിയതോടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി എളുപ്പപണി നോക്കി കുടിവെള്ളം മുട്ടിച്ചു, റോഡും പോയി, കുടിവെള്ളവുമില്ല, നാട്ടുകാര്‍ ദുരിതത്തില്‍, എല്ലാം ശുഭം

ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്തു; കുടിവെള്ള വിതരണം തുടങ്ങിയതോടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി എളുപ്പപണി നോക്കി കുടിവെള്ളം മുട്ടിച്ചു, റോഡും പോയി, കുടിവെള്ളവുമില്ല, നാട്ടുകാര്‍ ദുരിതത്തില്‍, എല്ലാം ശുഭം

കാസര്‍കോട്: (www.kasargodvartha.com 25.06.2019) ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. കുടിവെള്ള വിതരണം തുടങ്ങിയതോടെ പൈപ്പ് പൊട്ടി റോഡും തകര്‍ന്നു, ചെളിക്കുളവുമായി. വിവരമറിഞ്ഞെത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പൊട്ടിയ സ്ഥലം നന്നാക്കാതെ കുടിവെള്ള വിതരണം തടഞ്ഞുവെച്ച് പോയി. ഇതോടെ കുടിവെള്ളമില്ലാതെ നാട്ടുകാര്‍ തീരാദുരിതത്തിലായി. തളങ്കര തെരുവത്ത് ഹൊന്നമൂലയില്‍ നിന്നും കൊറക്കോട് ഭാഗത്തേക്ക് പ്രവേശിക്കുന്ന റോഡിലെ നിരവധി കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.

ഒന്നര മാസം മുമ്പാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ഈ പ്രദേശത്തെ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് നിത്യസംഭവമായിരുന്നു. പൈപ്പുകള്‍ പൊട്ടുമ്പോള്‍ സ്ഥലത്തെത്തുന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തകരാര്‍ നന്നാക്കി പോകുന്നതല്ലാതെ ദ്രവിച്ച പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഒന്നര മാസം മുമ്പ് നഗരസഭ റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. വേനല്‍കാലത്ത് വെള്ളമില്ലാത്തതിനാല്‍ ബാവിക്കരയില്‍ നിന്നുള്ള കുടിവെള്ള വിതരണം മാസങ്ങളോളം നിലച്ചിരുന്നു. ഈ സമയത്താണ് റോഡ് പ്രവര്‍ത്തി നടത്തിയത്.

കാലവര്‍ഷമെത്തിയതോടെ കുടിവെള്ള വിതരണം പുനരാരംഭിച്ചു. ഈ സമയത്താണ് കോണ്‍ക്രീറ്റ് ചെയ്ത റോഡിനടിയിലെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് വെള്ളം പാഴാകാന്‍ തുടങ്ങിയത്. ഇതോടെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കുടിവെള്ള വിതരണം തടസപ്പെടുത്തി പോവുകയുമായിരുന്നു. പൈപ്പ് നന്നാക്കാന്‍ റോഡ് പൊളിക്കേണ്ടതുണ്ടെന്നും ഇതിന് നഗരസഭയുടെ അനുമതി വേണമെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ പ്രദേശവാസികള്‍ കുടിവെള്ളം കിട്ടാതെ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. എത്രയും പെട്ടെന്ന് കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുടിവെള്ള പൈപ്പ് തകരാര്‍ പരിഹരിക്കണമെങ്കില്‍ ഒന്നര മാസം മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത റോഡ് പൊട്ടിപ്പൊളിക്കണം. പൈപ്പ് മാറ്റി സ്ഥാപിക്കാതെ അതിനുമുകളിലേക്ക് കോണ്‍ക്രീറ്റ് ചെയ്ത നടപടിക്കെതിരെയും നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്. എല്ലാത്തിനും ഉടന്‍ പരിഹാരം കാണുമെന്നാണ് നഗരസഭ അധികൃതരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും അറിയിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Theruvath, Thalangara, Water authority, No Drinking water for Honnamoola natives
  < !- START disable copy paste -->