Join Whatsapp Group. Join now!
Aster MIMS 10/10/2023

മാധ്യമ പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത സംഭവം വിവാദമാകുന്നു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും, ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ പോലീസ് ചീഫ്, പോലീസിന്റെ പൊതുജനങ്ങളോടുള്ള ഈ രീതി മാറണമെന്ന് സന്തോഷ്

മാധ്യമ പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത സംഭവം വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക മേഖലയില്‍ സജീവ Kasaragod, Kerala, news, Top-Headlines, Social-Media, Media worker, Media worker taken to Police custody with out any reason; Controversy
കാസര്‍കോട്: (www.kasargodvartha.com 03.06.2019) മാധ്യമ പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത സംഭവം വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യവുമായ എം വി സന്തോഷ് കുമാറിനെയാണ് ഞായറാഴ്ച രാത്രി 8.45 മണിയോടെ കാസര്‍കോട് പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത്. പിന്നീട് പോലീസിനു തന്നെ പ്രശ്‌നം പുലിവാലാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് സന്തോഷിനെ നിരുപാധികം വിട്ടയച്ചത്. മുന്‍ കരുതല്‍ അറസ്റ്റ് എന്ന നിലയിലേക്ക് കൊണ്ടു ചെന്നെത്തിച്ച് സന്തോഷില്‍ നിന്നും ഒപ്പിട്ടുവാങ്ങാന്‍ പോലീസ് നീക്കം നടത്തിയെങ്കിലും ശക്തമായി നിലപാട് സ്വീകരിച്ചതോടെ നീക്കത്തില്‍ നിന്നും പോലീസ് പിന്മാറുകയായിരുന്നു. തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞാണ് പിന്നീട് പോകാന്‍ അനുവദിച്ചത്.


രാത്രി 8.45 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് ബിഗ് ബസാറിന് മുന്‍വശം കാര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് സന്തോഷിനെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത്. ഇതേകുറിച്ച് സ്‌റ്റേഷനില്‍ വെച്ചു തന്നെ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തായത്. ഇതിനു പിന്നാലെ പോലീസ് വിട്ടയച്ച ശേഷം നടന്ന സംഭവങ്ങള്‍ വിശദമായി ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു. പോസ്റ്റിന് അനുകൂലമായി നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


 അതേസമയം സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരാളെയും 8.45 മണി സമയത്ത് സാധാരണയായി കസ്റ്റഡിയിലെടുക്കില്ലെന്നാണ് എസ് പി പറയുന്നത്. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് എസ് പി അറിയിച്ചു.

പോലീസിന്റെ പൊതുജനങ്ങളോടുള്ള ഈ രീതി മാറണമെന്ന് സംഭവത്തെ കുറിച്ച് സന്തോഷ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. താന്‍ തമാശയായി മാത്രമേ സംഭവത്തെ കണ്ടിട്ടുള്ളൂ. ഇനിയെങ്കിലും കാസര്‍കോട് പോലീസ് സമചിത്തതയോടെ പെരുമാറണമെന്നും സന്തോഷ് പറഞ്ഞു. പോലീസിനോടുള്ള പ്രതിഷേധമായി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ആരടാ അത് എന്നു ചോദിച്ചാല്‍
ഞാനാടാ എന്ന് പറഞ്ഞാണ് ശീലം
രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്.
സിരയില്‍ നിന്ന് അവസാനത്തെത്തുള്ളി
രക്തം വാര്‍ന്നുപോയാലും
ഇനി മാറ്റാനാകുമെന്ന്
തോന്നുന്നില്ല. മാറ്റാന്‍ മനസ്സുമില്ല.

കാര്യം നിസ്സാരമാണ്, പക്ഷെ,
അത് നിങ്ങളോട് പറയേണ്ടതുണ്ട്.

ഇന്നലെ രാത്രി 8.45ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ബിഗ് ബസാറിന് മുന്നില്‍ കാര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചു നില്‍ക്കെ പാന്റ്സും ഷര്‍ട്ടും ധരിച്ച ഒരാളും അയാള്‍ക്ക് തൊട്ടുപിറകിലായി കാസര്‍കോട് സബ് ഇന്‍സ്പെക്ടറും നടന്നുവരുന്നത് കണ്ടു. അവര്‍ പാര്‍ക്ക് ചെയ്ത കാര്‍ എടുക്കാന്‍ വന്നതാണെന്നാണ് ആദ്യം കരുതിയത്. വീട്ടില്‍പോടാ എന്ന് പറഞ്ഞതോടെ തൊട്ടടുത്തുണ്ടായിരുന്ന നാലഞ്ചുപേര്‍ അവിടെ നിന്നും നടന്നുപോയി. അതോടെ എന്റടുത്ത് വന്ന് മലയാളം പറഞ്ഞാല്‍ മനസ്സിലാകില്ലേ എന്ന് എസ്.ഐ. ചോദിച്ചു. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ടൗണ്‍ എസ്.ഐ. പറയുന്നു വീട്ടില്‍ പോടാ എന്നായി. ഞാന്‍ വീട്ടില്‍ നിന്ന് ഇപ്പോള്‍ വന്നതേയുള്ളു എന്താണ് പ്രശ്നമെന്ന് പറയാതെ എങ്ങനെ പോകുമെന്ന് ചോദിച്ചപ്പോള്‍ എന്നാല്‍ ജീപ്പില്‍ കയറ് എന്ന് മറുപടി. അവര്‍ ബൊലേറോ പൊലീസ് വണ്ടിയുടെ വാതില്‍ തുറന്നു തന്നു, ഞാന്‍ കയറി. കഞ്ചാവ് കേന്ദ്രമാണിതെന്നും പറഞ്ഞാല്‍ മനസ്സിലാകില്ലെന്നുമായി എസ്.ഐയും കൂടെ എനിക്കൊപ്പം ഇരുന്ന മഫ്ടിക്കാരനും. കഞ്ചാവ് പിടിക്കേണ്ടത് ഇങ്ങനെയാണോയെന്ന് എനിക്കറിയാതെ ചോദിച്ചുപോയി. എന്നാല്‍ പഠിപ്പിച്ചു തരൂ എന്നായി. അതും ആകാമെന്ന് ഞാന്‍ പറഞ്ഞു. സ്റ്റേഷനില്‍ എത്തിയതോടെ ജി.ഡി. എഴുത്തുകാരന്റെ മേശക്കു പിറകിലെ ക്രിമിനലുകളെ നിര്‍ത്തുന്ന സ്ഥലത്തേക്ക് മാറി നില്‍ക്കാന്‍ പറഞ്ഞു. ഒരനുഭവമല്ലേ അവിടെ നിന്നു. എന്നെ പിടിച്ചു കൊണ്ടുപോകുന്നതുകണ്ട പത്തിരുപത് പേരെങ്കിലും എന്നെ തുടരെ വിളിക്കുന്നുണ്ടായിരുന്നു. ആരും സ്റ്റേഷനില്‍ വരരുതെന്ന് ഞാന്‍ വിലക്കി. ഇതിനിടയില്‍ ജി.ഡി. ചാര്‍ജുണ്ടായിരുന്ന പൊലീസുകാരന്‍ ഞാന്‍ ഏതോ പത്രക്കാരനാണെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം മഞ്ചേശ്വരത്ത് ജോലി ചെയ്യുമ്പോള്‍ ഞാന്‍ തുടര്‍ച്ചയായി വിളിച്ചിരുന്ന ഓര്‍മ്മ. അങ്ങനെ വീണ്ടും എസ്.ഐയുടെ മുറിയിലേക്ക് വിളിപ്പിക്കപ്പെട്ടു. അതിനിടയില്‍ മഫ്ടിക്കാരന്‍ എസ്.ഐ.യോട് പറയുന്നുണ്ടായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കേസെടുക്കാതെ വിടരുതെന്ന്. അയാള്‍ എ.എസ്.ഐയായ സാക്ഷാല്‍ വേണു ഭഗവാനാണെന്നും അഞ്ചുവര്‍ഷമായി കാസര്‍കോട് ടൗണ്‍സ്റ്റേഷനിലെ മൂത്ത കാരണവരാണെന്നും പിന്നീടാണറിഞ്ഞത്. പക്ഷെ എന്നെ അവിടെ മാന്യമായി ഇരുത്തി എന്താണ് പേര് എന്ന് എസ്.ഐ. ചോദിച്ചു. പിടിച്ചുകൊണ്ടുവന്ന് അരമണിക്കൂറിന് ശേഷം പേര് ചോദിച്ചത് എന്നെ ചിരിപ്പിച്ചു. ജോലിയെന്തെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ജോലിയുമില്ല, പത്രക്കാരന്റെ യാതൊരു ആനുകൂല്യവും വേണ്ടെന്നും ഞാന്‍ പറഞ്ഞു. കാസര്‍കോട് പ്രശ്നമുണ്ടാകുന്ന സ്ഥലമാണെന്നും അതൊന്നും പറഞ്ഞാല്‍ നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാകില്ലെന്നുമായി എസ്.ഐ. 22 വര്‍ഷമായി എനിക്കതറിയാമെന്ന് ഞാന്‍ പറഞ്ഞു. 8.45ന് വീട്ടില്‍ പോകാന്‍ പറയാന്‍ നിങ്ങള്‍ക്കെന്തധികാരമെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ ചില അധികാരമുണ്ടെന്നായി എസ്.ഐ. 144 പ്രഖ്യാപിച്ച സ്ഥലമല്ലല്ലോയെന്നന്വേഷിച്ചു. അതോടെ വീണ്ടും ജീ.ഡി. ചാര്‍ജിന്റെ മേശയ്ക്ക് പിറകിലേക്ക് മാറ്റപ്പെട്ടു. മറ്റൊരു പൊലീസുകാരന്‍ തൊട്ടടുത്ത മുറിയില്‍ കൊണ്ടുപോയി ഇരുത്തി എന്തോ എഴുതാന്‍ തുടങ്ങി. പേരും മേല്‍വിലാസവും മൊബൈല്‍ നമ്പറും ചോദിച്ചു. ഒരാള്‍ വന്നാല്‍ വിടാമായിരുന്നു എന്ന് പറഞ്ഞു. ആരും വരേണ്ടെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ടെന്നായി ഞാന്‍. നിങ്ങളെ ജീപ്പില്‍ ഇവിടെ കൊണ്ടുവന്നതല്ലേ, അപ്പോള്‍ വെറുതെ വിട്ടയക്കുന്നത് മോശമല്ലേയെന്ന് ആ മാന്യനായ പൊലീസുകാരന്‍ പറഞ്ഞു. എനിക്ക് വേറെ പണിയൊന്നുമില്ല ഞാനിവിടെ ഇരുന്നോളാമെന്ന് പറഞ്ഞ് വീണ്ടും ക്രിമിനലുകളെ ഇരുത്തുന്ന ബെഞ്ചില്‍ പോയി ഇരുന്നു. അവിടെ നിന്നാണ് ഞാന്‍ എന്നെ പിടിച്ച വിവരം എഫി.ബി.യില്‍ പോസ്റ്റിയത്.

പുറത്തെവിടെയോ പോയ എസ്.ഐ. അരമണിക്കൂറിന് ശേഷം തിരിച്ചെത്തി. ഒപ്പിട്ടു പോയ്ക്കോളു എന്നു പറഞ്ഞു. ഒപ്പിടണമെങ്കില്‍ എന്താണ് അതിന് മുകളില്‍ എഴുതിയതെന്ന് വായിച്ചുനോക്കണമെന്ന് ഞാന്‍ പറഞ്ഞു. മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് എന്റെ ഒപ്പ് എന്നു മനസ്സിലായി. ഒപ്പിടാന്‍ പറ്റില്ല. കോടതിയില്‍ കൊണ്ടുപോയി ജയിലിലടച്ചോളു എന്ന് പറഞ്ഞ് ഞാന്‍ വീണ്ടും പഴയ ഇരിപ്പിടത്തില്‍ പോയി ഇരുന്നു. അതോടെ നിങ്ങള്‍ പോയിക്കോളൂ എന്നായി എസ്.ഐ. അപ്പോള്‍ ഒപ്പ് വേണ്ടേ. വേണ്ട, നിങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ മാറിയിരിക്കുന്നു എന്ന് പറഞ്ഞു.

കാസര്‍കോട്ടുകാര്‍ മൊത്തം കുറ്റവാളികളല്ലെന്നും തരംനോക്കി കളിക്കണമെന്നും പറഞ്ഞാണ് ഇറങ്ങി വന്നത്.

സത്യം പറയട്ടെ, ഇപ്പോള്‍ പണിയൊന്നുമില്ലാത്തതിനാല്‍ ഒരു ടെന്‍ഷനുമുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് മുമ്പ് പിടിച്ചുകൊണ്ടുവന്ന ഒരാള്‍ ഭാര്യയും രണ്ടു പെണ്‍മക്കളും മാത്രമേ വീട്ടിലുള്ളു എന്നെ കാണാതെ അവര്‍ വിഷമിക്കുമെന്ന് പറഞ്ഞ് വേവലാതിപ്പെടുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി.
പിന്നെ എന്നെ പിടിച്ചുകൊണ്ടുപോയവരെ സ്ഥലം മാറ്റണമെന്നൊന്നും ആരും പറഞ്ഞേക്കല്ലേ, കാരണം ഇതിലും വലുതാണ് വരാനിരിക്കുന്നവര്‍ എന്ന ബോധ്യം ആദ്യം വേണം. വിഷയത്തില്‍ കാസര്‍കോട് കലക്ടറെയും ആരും വലിച്ചിഴക്കരുത്. അദ്ദേഹം അവധിയില്‍ നാട്ടിലാണ്. ഇതിന് പിന്നില്‍ അദ്ദേഹമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതാകാം.

കാസര്‍കോട്ടെത്തുന്ന ഉദ്യോഗസ്ഥരെയൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന ചില വിരുതന്മാരുണ്ട്. എസ്.ഐയെ തെറ്റിദ്ധരിപ്പിച്ചത് മഫ്ടിയിലുണ്ടായിരുന്ന എ.എസ്.ഐ.യാണെന്ന് കരുതുന്നു. ഏതായാലും രണ്ടു മണിക്കൂറോളം സ്റ്റേഷനില്‍ ചെലവഴിക്കേണ്ടിവന്നതിനാല്‍ കൂട്ടുകാരോട് സംസാരിക്കാതിരിക്കാനാവില്ലല്ലോ. പൊലീസ് കോണ്ടുപോയ അതേ സ്ഥലത്തിരുന്ന് കൂട്ടുകാരോട് കഥ പറഞ്ഞ് കഥ പറഞ്ഞ് ദേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടിലെത്തിയത്.

ഇതൊക്കെ ഒരു തമാശയാണ്. എന്നോ എവിടെയോ തീര്‍ന്നുപോകുമായിരുന്ന ജീവിതത്തിന്റെ ബോണസ് അനുഭവിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക്.

പക്ഷെ, വളര്‍ന്നുവരുന്ന തലമുറയോട് അരുത്. അവരുടെ കുഞ്ഞുമനസ്സുകളില്‍ വിഷം കുത്തിവെയ്ക്കരുത്. അവരുടെ സംരക്ഷകരായി, സേവകരായി നില്‍ക്കാന്‍ കാക്കിക്കുപ്പായക്കാര്‍ക്ക് കഴിയണം. വെറുതെ തട്ടിക്കയറരുത്. ആരടാ എന്നു ചോദിച്ചാല്‍ അവരും പറയും ഞാനാടാ എന്ന്. കാരണം അവരും ഞങ്ങളുടെ രക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Media worker, Media worker taken to Police custody with out any reason; Controversy
  < !- START disable copy paste -->