Join Whatsapp Group. Join now!
Aster MIMS 10/10/2023

തളങ്കരയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ആരും ഇങ്ങോട്ട് വരേണ്ടെന്നാണോ നിങ്ങള്‍ പറയുന്നത്? അധികൃതരുടെ നിസംഗത തുറന്ന്കാട്ടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രകൃതി സൗന്ദര്യം ഏറെയുള്ള പ്രദേശമാണ് തളങ്കര. ഹാര്‍ബറും അഴിമുഖവും Thalangara, kasaragod, Kerala, Top-Headlines, Tourism, Harber, Sea, facebook post about thalankara harbour
കാസര്‍കോട്: (www.kasargodvartha.com 20.06.2019) പ്രകൃതി സൗന്ദര്യം ഏറെയുള്ള പ്രദേശമാണ് തളങ്കര. ഹാര്‍ബറും അഴിമുഖവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണാനും ഒഴിവു സമയങ്ങള്‍ ചെലവഴിക്കാനും നിരവധിയാളുകള്‍ ഇവിടെയെത്താറുണ്ട്. ജില്ലയിലെ വളരെ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ട് കൂടി തളങ്കര ഹാര്‍ബറും അഴിമുഖവും കാസര്‍കോട് നഗരസഭയുടെ പിടിപ്പുകേടുകൊണ്ട് മാലിന്യം കുമിഞ്ഞുകൂടി പ്രദേശവാസികള്‍ക്കും സ്ഥലത്തെ ടൂറിസം വികസനത്തിനും തിരിച്ചടിയായിരിക്കുകയാണ്. ജില്ലയിലെ തന്നെ പല പ്രമുഖ വ്യവസായികളും ഉന്നതരും താമസിക്കുന്ന ഈ പ്രദേശം ഇത്രത്തോളം മലിനമായി കിടക്കുന്നത് സാമൂഹ്യ പ്രവര്‍ത്തകനായ മോഹന്‍ദാസ് വയലാംകുഴി തന്റെ ഫെയ്സ്ബുക്കിലൂടെ ചിത്രങ്ങള്‍ സഹിതം പത്ത് നിര്‍ദ്ദേശങ്ങളും കൂട്ടിച്ചേര്‍ത്തു പോസ്റ്റ് ചെയ്തപ്പോള്‍ വ്യവസായ പ്രമുഖനായ യയ്ഹയ തളങ്കര മുതലായവര്‍ പ്രദേശത്തിന്റെ വികസനത്തിന് സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

മോഹന്‍ദാസ് വയലാംകുഴിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :

ഏറെ പ്രതീക്ഷയോടുകൂടിയാണ് ഇന്ന് വൈകുന്നേരം തളങ്കര ഹാര്‍ബറിനടുത്തുള്ള കുട്ടികളുടെ പാര്‍ക്കിനടുത്തുള്ള അഴിമുഖത്തിനടുത്ത് ഒരു ഫുഡ് ഹബ് തുടങ്ങിയിരിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ വണ്ടിയെടുത്ത് സുഹൃത്തിനെ കൂടി കൂട്ടി പോയത്. കാസര്‍കോട് എന്നും എല്ലാകാര്യങ്ങളും പുറകിലാണെന്നു പലരും പറയുമ്പോഴും ഒട്ടും പുറകിലല്ല എന്ന് കൃത്യമായ കണക്കുകള്‍ നിരത്തി തന്നെ ഞാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്ന് ഈ ഫുഡ് ഹബ് കണ്ടപ്പോള്‍ ഹൃദയം തകര്‍ന്നുപോയി. വളരെ മനോഹരമായ, വിസ്താരമുള്ള കുട്ടികളുടെ പാര്‍ക്കില്‍ കുട്ടികള്‍ക്ക് കളിക്കാനോ അതിന് ആവശ്യമായ ഒന്നും അവിടെ സ്ഥാപിച്ചിട്ടില്ല, മാത്രമല്ല ഒത്തിരി അമ്മമാര്‍ കുട്ടികളെ കൊണ്ട് അവിടെ വന്നത് കണ്ടു. പക്ഷെ ഒരു ശുചിമുറിയും കുഞ്ഞു കുട്ടികള്‍ക്ക് മുലപാല്‍ കൊടുക്കാനാവശ്യമായ സ്ഥലമോ, മഴ വന്നാല്‍ ഒന്ന് കയറിയിരിക്കാനോ ഒരു സ്ഥലമില്ല.

ഇനി ഫുഡ് ഹബിലേക്ക് വരാം. വളരെ നല്ല മനോഹരമായ രീതിയില്‍ ഒരുക്കിയ കിയോസ്‌കില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. പക്ഷെ, തിന്നുകഴിഞ്ഞ സാധനങ്ങളുടെ വേസ്റ്റ് മൊത്തം അവിടെ പറന്നു നടക്കുന്നുണ്ട്. ഓരോ കടയുടെ പിന്നിലും വേസ്റ്റിന്റെ കൂമ്പാരമാണ്. അഴിമുഖത്തിന് വളരെ നല്ല രീതിയില്‍ മതില്‍ കെട്ടി മനോഹരമായ ഇരിപ്പിടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ മാലിന്യങ്ങള്‍ അവിടെയും ഇവിടെയും പറന്നുനടക്കുന്നുണ്ട്. ഇനി തൊട്ടടുത്ത് കടല്‍കരയില്‍ പ്ലാസ്റ്റിക്കിന്റെ കൂമ്പാരമാണ്. പിന്നെ മറ്റു മാലിന്യങ്ങളും. എല്ലാം കൂടി കൊതുകും, ഈച്ചയും മറ്റു രോഗങ്ങള്‍ പരത്താന്‍ ഇത് ധാരാളം മതിയാകും.

പ്രബുദ്ധരായ ഒട്ടേറെപേരുടെ നാടാണ് തളങ്കര. എന്റെ ഒരുപാട് സ്‌നേഹ സൗഹൃദങ്ങള്‍ തളങ്കരയില്‍ ഉണ്ട്. കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന തളങ്കര ഹാര്‍ബര്‍ പരിസരത്തെ മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി കാര്യങ്ങള്‍ നടക്കാന്‍ താമസമെടുക്കും എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ കുറച്ചു നിര്‍ദ്ദേശങ്ങള്‍ :

1. സാമൂഹ്യസംഘടനകള്‍ വഴി സ്ഥലത്തുള്ള അത്യാവശ്യം സഹായിക്കാന്‍ തയ്യാറുള്ള പ്രമുഖരില്‍ നിന്ന് പണം കണ്ടെത്തി മാലിന്യങ്ങള്‍ നീക്കം ചെയ്യാം. കുടുംബശ്രീ ഹരിതസേന, ജില്ലയിലെ സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് & ഗൈഡ്സ്, എന്‍എസ്എസ്  തുടങ്ങിയ വോളണ്ടിയര്‍ സേവനവും തേടാം.

2. പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍, ലയണ്‍സ്, ജേസിഐ പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടകളെ സമീപിച്ചു വേസ്റ്റ് ബിന്‍ സ്ഥാപിക്കുക. കുടുംബശ്രീ ഹരിതസേനയ്ക്ക് ഒപ്പം ജില്ലയിലെ സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍എസ്എസ് തുടങ്ങിയ വോളണ്ടിയര്‍മാരുടെ സഹായവും തേടാം.

3. കാസര്‍കോട് ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലെ ഫണ്ട് ഉപയോഗിച്ചു പാര്‍ക്ക് വിപുലീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണം.

4. ഈ കാര്യങ്ങള്‍ വളരെ സുഖമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജനമൈത്രി പോലീസ്, തൊട്ടടുത്തുള്ള കോസ്റ്റല്‍ പോലീസ്, നഗരസഭ ചെയര്‍മാന്‍, ജില്ലാഭരണകൂടം, ടൂറിസം വകുപ്പ്, നാട്ടിലെ സാമൂഹ്യ സംഘടകള്‍, ക്ലബുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കി കൃത്യമായി പരിശോധന നടത്താനും അപ്പപ്പോഴുള്ള കാര്യങ്ങളില്‍ തീരുമാനം കൈകൊള്ളാനും ഉള്ള ഒരു കോര്‍ ഗ്രൂപ്പ് ഉണ്ടാക്കുക.

5.കേരള സര്‍ക്കാര്‍ ടൂറിസം പ്രോത്സാഹനം നടത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പല പരിപാടിയും കാര്‍ണിവല്‍ ഉള്‍പ്പടെ നടത്താന്‍ ഹാര്‍ബറിന്റെ തൊട്ടടുത്തുള്ള ഉപയോഗ ശൂന്യമായ സ്ഥലവും ഉപയോഗിക്കുക.

6. റോഡിനിരുവശവും കമ്പിയുടെ കൈവരികള്‍ നിര്‍മ്മിച്ചു സുരക്ഷിതമാക്കിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാനും കുറച്ചു കൂടി ഭംഗി കൂട്ടാനും സാധിക്കും. ഇത് പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കാം. അതുവഴി നല്ലൊരു വരുമാനവും ലഭിക്കും.

7. പാര്‍ക്കും കഴിഞ്ഞു 2 കിലോമീറ്ററോളം മനോഹരമായ കണ്ടല്‍ക്കാടുകള്‍ കാണാന്‍ സാധിക്കും. കോണ്‍ക്രീറ്റു കൊണ്ട് നിര്‍മ്മിച്ച മനോഹരമായ റോഡും ഉണ്ട്. ഇതിന്റെ അരികുകള്‍ കമ്പി വേലി കൊണ്ട് മനോഹരമാക്കി ഫൂട്ട് പാത്ത് നിര്‍മ്മിച്ചാല്‍ രാവിലേയും വൈകുന്നേരവും നടക്കാനും ടൂറിസ്റ്റുകള്‍ക്ക് വന്ന് കാഴ്ച്ചകള്‍ കാണാനും ഉപകാരമാകും.

8. ടൂറിസം പദ്ധതിയില്‍ ബോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ചന്ദ്രഗിരിപുഴയേയും അറബി കടലിന്റെ ഭാഗമായ അഴിമുഖവും ബന്ധിപ്പിച്ചു ടൂറിസം വികസനം സാധ്യമാകും. ഇതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രൈവറ്റ് കമ്പനികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ലൈസന്‍സ് നല്‍കി സഹായങ്ങള്‍ വാഗ്ദാനം ചെയ്താല്‍ നീലേശ്വരം വരെ ബോട്ടിങ്ങിന് വേണ്ടി പോകേണ്ടി വരില്ല.

9. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ടൂറിസം സ്ഥലത്തേയും ബന്ധിപ്പിക്കുന്ന പരിപാടികള്‍ പൊതുജന പങ്കാളിത്തത്തോട് കൂടി നടത്തുക.

10. മാലിന്യം കാസര്‍കോട് ജില്ലയുടെ ശാപമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും കാസര്‍കോട് നഗരത്തിന്റെ മൂക്കും മൂലയും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇതിനുവേണ്ടി ശക്തമായ നടപടി ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എടുത്തില്ലെങ്കില്‍ ജില്ലാ ഭരണാധികാരിയായ കലക്ടര്‍ അദ്ദേഹത്തിന്റെ പ്രത്യേക പരമാധികാരം ഉപയോഗിക്കാന്‍ ആര്‍ജ്ജവം കാണിക്കണം എന്നാണ് കാസര്‍കോടിനെ സ്‌നേഹിക്കുന്ന കാസര്‍കോടിനെ അഭിമാനത്തോടെ നെഞ്ചിലേറ്റിനടക്കുന്ന ഒരു കാസര്‍കോടുകാരന്റെ അഭ്യര്‍ത്ഥന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thalangara, kasaragod, Kerala, Top-Headlines, Tourism, Harber, Sea, facebook post about thalankara harbour