Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇല്ലെന്ന വാദങ്ങള്‍ മുറുകുന്നതിനിടെ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി രംഗത്ത്

എന്‍ഡോസള്‍ഫാന്‍ ഇല്ലെന്ന വാദങ്ങള്‍ മുറുകുന്നതിനിടെ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത Kerala, kasaragod, news, Endosulfan, Endosulfan-victim, Medical-camp, health, Strike, 'Endosulfan Medical camp must be held'
കാസര്‍കോട്: (www.kasargodvartha.com 21.06.2019) എന്‍ഡോസള്‍ഫാന്‍ ഇല്ലെന്ന വാദങ്ങള്‍ മുറുകുന്നതിനിടെ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി രംഗത്ത്. അടിയന്തിരമായി ഈ വിഷയത്തില്‍ റവന്യൂ വകുപ്പുമന്ത്രി ഇടപെടണമെന്നും ജൂണ്‍ 25 മുതല്‍ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ക്യാമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പായി മാറ്റണമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.

2019 ജനുവരി 30 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ അമ്മമാര്‍ നടത്തിയ പട്ടിണിസമരത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടന്ന ഒത്തുതീര്‍പ്പു വ്യവസ്ഥയനുസരിച്ച് ദുരിതബാധിതരെ കണ്ടെത്തുന്നതിനു വേണ്ടി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് തീരുമാനിച്ചിരുന്നു. 2017ല്‍ നടത്തിയ 'മെഡിക്കല്‍ ക്യാമ്പില്‍ ഹര്‍ത്താലിന്റെ ഭാഗമായി പങ്കെടുക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് വീണ്ടുമൊരു മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 2019 ജൂണ്‍ 15ാം തീയ്യതി ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള സെല്‍ യോഗത്തില്‍ ജൂണ്‍ 25 മുതല്‍ ജൂലൈ ഒമ്പത് വരെ എന്‍ഡോസള്‍ഫാന്‍ മുരിതബാധിതരെ കണ്ടെത്തുന്നതിനു വേണ്ടി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് റവന്യൂ വകുപ്പുമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇത് ഭിന്നശേഷിക്കാര്‍ക്ക് മാത്രമുള്ള മെഡിക്കല്‍ ക്യാമ്പാണ് നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം നല്‍കിയതെന്നും അവര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെയും റവന്യൂ വകുപ്പുമന്ത്രി നടത്തിയ പ്രഖ്യാപനത്തയും തള്ളിക്കളഞ്ഞു കൊണ്ട് ജില്ലാ ഭരണകൂടവും കേരള സോഷ്യല്‍ സെക്യുരിറ്റി മിഷനും മുന്നോട്ട് നീങ്ങുന്നതിന്റെ സാംഗത്യം ദുരൂഹമാണ്. ഇത് ദുരിതബാധിതരോട് കാണിക്കുന്ന അനീതിയും തീരുമാനങ്ങളെ അട്ടിമറിക്കുന്ന നിലപാടുകളുമാണ് ഔദ്യോഗിക തലത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്. സെല്ലുയോഗത്തിന്റെ തീരുമാനം നിഷധിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഔദ്യോഗിക സമീപനം ഒഴിവാക്കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പായി ജൂണ്‍ 25 മുതല്‍ നടക്കുന്ന ക്യാമ്പ് മാറ്റണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ഭിന്നശേഷിക്കാരുടെ മെഡിക്കല്‍ റെക്കാര്‍ഡ് മുഴുവന്‍ ജില്ലാ കേന്ദ്രത്തില്‍ ഉണ്ടായിരിക്കെ വീണ്ടും അവരെ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എത്താനാവശ്യപ്പെടുന്നത് പ്രതിക്ഷേധാര്‍ഹമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ മുനിസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, ഗോവിന്ദന്‍ കയ്യൂര്‍, പ്രേമചന്ദ്രന്‍ ചോമ്പാല, കെ ചന്ദ്രാവതി, ജമില എം പി, അനിത കെ, അരുണി കാടകം, ശിവകുമാര്‍ എന്‍മകജെ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. ഷൈനി പി സ്വാഗതവും സമീറ കെ നന്ദിയും പറഞ്ഞു.

അതേസമയം കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊന്നും കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന വിചിത്ര വാദവുമായി കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണി രംഗത്തെത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ മൂലം ആര്‍ക്കും അസുഖം സംഭവിച്ചിട്ടില്ലെന്നും ഇതിനൊന്നും ഒരു ശാസ്ത്രീയ പഠനവും നടത്തിയിട്ടില്ലെന്നുമായിരുന്നു കലക്ടറേറ്റിലേക്ക് മുന്നണി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പടന്നക്കാട് കാര്‍ഷിക കോളജിലെ പ്രൊഫസര്‍ ഡോ. ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബുബുവും ഇതേ വാദം ഉന്നയിച്ചിരുന്നു. ഇത് വ്യാപകപ്രതിഷേധത്തിനിടയാക്കുകയും കലക്ടറെ മാറ്റണെന്ന ആവശ്യം വരെ ഉയരുകയും ചെയ്തിരുന്നു.


Keywords: Kerala, kasaragod, news, Endosulfan, Endosulfan-victim, Medical-camp, health, Strike,  'Endosulfan Medical camp must be held'