Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്പെഷ്യല്‍ സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ 17 ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാല സമരം

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവുംkasaragod, news, Students, Collectorate, March, Dharna, Government, Conference, Teachers, Kerala,
കാസര്‍കോട്: (www.kasargodvartha.com 15.01.2019) മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന സംസ്ഥാനത്തെ സ്പെഷ്യല്‍ സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ ഈ മാസം 17ന് വ്യാഴാഴ്ച കാസര്‍കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

സ്പെഷ്യല്‍ സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ നിരന്തര സമരപോരാട്ടങ്ങള്‍ സംഘടിപ്പിക്കാനുള്ള സ്പെഷ്യല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ സംസ്ഥാനതല യോഗ തീരുമാനമനുസരിച്ചാണ് 17ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സംസ്ഥാനത്തെ 314 സ്പെഷ്യല്‍ സ്‌കൂളുകളുകളെയും ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരെയും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. ഒരേ യോഗ്യതയുള്ള അധ്യാപകര്‍ക്ക് സ്പെഷ്യല്‍ സ്‌കുളുകളില്‍ ലഭിക്കുന്ന വേതനം 4,500 മുതല്‍ 6,500 രൂപ വരെയാണ്.

എന്നാല്‍ തുല്യജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ബഡ്സ് സ്‌കൂളുകളില്‍ 30,650 രൂപ വരെയും ആയമാര്‍ക്ക് 17,325 രൂപയും ലഭിക്കുന്നു. സ്പെഷ്യല്‍ സ്‌കൂളുകളില്‍ ആയമാര്‍ക്ക് 2,500 രൂപ മുതല്‍ 3,500 വരെ മാത്രമാണ് വേതനം. മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി എന്നിവയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത് 6,500 രൂപ മാത്രമാണ്. 

അതേ സമയം ശ്രവണ കാഴ്ച വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രതിവര്‍ഷം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ട്. നൂറില്‍പരം കുട്ടികള്‍ ഉള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം തീരുമാനമെടുക്കുകയുണ്ടായി. തുടര്‍ന്ന് വന്ന ഗവണ്‍മെന്റ് ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും അധികാരത്തില്‍ വന്നാല്‍ അര്‍ഹതയുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരം സ്പെഷ്യല്‍ സ്‌കൂള്‍ മേഖലയുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സാമൂഹ്യനീതി സെക്രട്ടറിയെ 2017 നവംബര്‍ 26ന് ചുമതലപ്പെടുത്തുകയുണ്ടായി. 

തുടര്‍ന്ന് നിയമിച്ച ജയരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കായുള്ള സമഗ്ര പാക്കേജ് 2018 ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അംഗീകരിച്ചുവെങ്കിലും 2018-19 അധ്യയന വര്‍ഷം തീരാറായിട്ടും സമഗ്ര പാക്കേജ് നടപ്പിലാക്കിയിട്ടില്ല.

സമഗ്ര പാക്കേജ് നടപ്പിലാക്കുന്നതിലൂടെ സ്പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്നിരിക്കെ പാക്കേജ് നടപ്പിലാക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നത് പാക്കേജ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

 സ്പെഷ്യല്‍ സ്‌കൂള്‍ സമഗ്ര പാക്കേജ് ഈ അധ്യയന വര്‍ഷം തന്നെ നടപ്പിലാക്കുക, ഇടതുജാനധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി അംഗീകരിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കു,18 വയസ്സിന് മുകളില്‍ പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്ന സ്പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനവും അര്‍ഹമായ തൊഴിലും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 17ന് സംസ്ഥാനത്തെ എല്ലാ ജില്ലാകലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

അനുകൂലമായ തീരുമാനങ്ങള്‍ ഇല്ലെങ്കില്‍ നിയമസഭ ആരംഭിക്കുന്ന ജനുവരി 25 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷാകര്‍തൃ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, സ്പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളായ സിസ്റ്റര്‍ ജിസ്മരിയ, എം.ബി.എം. അഷ്‌റഫ്, ബീന സുകു, സബിത സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Keywords: Collectorate March and Dharna Against Ignorance of Government, Kasaragod, News, Students, Collectorate, March, Dharna, Government, Conference, Teachers, Kerala.