Join Whatsapp Group. Join now!
Aster MIMS 10/10/2023

പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, എട്ടംഗ സംഘത്തെ തിരയുന്നു, ഒരാള്‍ വലയില്‍

പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാരനും Kasaragod, Kerala, news, Uduma, Jeep, Police, Attack, Road, New year, ASI attacked by gang in New year day
ഉദുമ: (www.kasargodvartha.com 01.01.2019) പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ കളനാട് ജംഗ്ഷനിലാണ് സംഭവം.

ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ കരിവെള്ളൂരിലെ ജയരാജനാണ് (50) വെട്ടേറ്റത്. തലയ്ക്കും പുറത്തും ഗുരുതരമായി വെട്ടേറ്റ ജയരാജിനെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ എല്ലിന് പൊട്ടലുള്ളതിനാല്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. പോലീസ് ജീപ്പ് ഡ്രൈവര്‍ ഇല്‍ഷാദ് പരിക്കുകളോടെ ഓടി രക്ഷപ്പെട്ടാണ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. ബേക്കല്‍ എസ്.ഐ കെ പി വിനോദ് കുമാറും സംഘവും എത്തുമ്പോള്‍ ചോരയില്‍ കുളിച്ച് എ എസ് ഐ റോഡില്‍ വീണ് കിടക്കുകയായിരുന്നു. ഉടന്‍ ഉദുമ നേഴ്‌സിംഗ് ഹോമില്‍ എത്തിച്ച് പ്രഥമ ശുശൂഷയ്ക്ക് ശേഷം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കളനാടിന് പുറത്തുള്ളവരാണ് അക്രമികളെന്നാണ് സൂചന. അക്രമിസംഘത്തിലെ ഒരാള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ എ എസ്.ഐയും എ.ആര്‍.ക്യമ്പിലെ സനീഷ് എന്ന പോലീസുകാരനും ജീപ്പ് ഡ്രൈവറും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. ഇതിന് തൊട്ടുമുമ്പ് ഉദുമയില്‍ വെച്ച് ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസുകാരന്‍ ബൈക്ക് സ്റ്റേഷനില്‍ എത്തിക്കാന്‍ പോയതായിരുന്നു. കളനാട് ജംഗ്ഷനില്‍ എത്തുമ്പോള്‍ എ.എസ്.ഐയും ജീപ്പ് ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. എട്ടംഗ സംഘം റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് പുതുവത്സരദിനത്തില്‍ നൃത്തം ചെയ്യുന്നത് കണ്ട് ഇവരെ റോഡ് സൈഡിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമം നടന്നത്.

എ.എസ്.ഐ യുവാക്കളുടെ ചിത്രം മൊബൈലില്‍ എടുക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റ പോലീസ് ജീപ്പ് ഡ്രൈവറെ ഉദുമ നേഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവറുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുക്കുമെന്ന് ബേക്കല്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംഭവം അറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബേക്കലിലെത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, news, Uduma, Jeep, Police, Attack, Road, New year, ASI attacked by gang in New year day
  < !- START disable copy paste -->