Join Whatsapp Group. Join now!
Aster MIMS 10/10/2023

ആന്ധ്രയില്‍ നിന്നും മലയാള മണ്ണിലേക്കിറങ്ങിയ കൃഷിഭവന്‍ ഉദ്യോഗസ്ഥന്‍

കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പൂത്തൂര്‍ കൃഷി ഭവന്‍ ഉദ്യോഗസ്ഥനായ ചവന നരസിംഹലു ജന്മം കൊണ്ട് Kasaragod, News, Agriculture, Andhra Pradesh, Story About Kasaragod Krishi Bhavan Officer Chavana Narasimhalu
കാസര്‍കോട്:  (www.kasargodvartha.com 28.12.2018) കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പൂത്തൂര്‍ കൃഷി ഭവന്‍ ഉദ്യോഗസ്ഥനായ ചവന നരസിംഹലു ജന്മം കൊണ്ട് ആന്ധ്രപ്രദേശുകാരനാണെങ്കിലും കര്‍മപഥത്തില്‍ മലയാളത്തനിമ ചോരാതെ മണ്ണിനെ സ്നേഹിക്കുന്ന കര്‍ഷകന്‍ കൂടിയാണ്. പ്രവൃത്തികളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുകയാണെങ്കില്‍ പാറപ്രദേശവും വളക്കൂറുള്ള കൃഷിഭൂമിയായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് നരസിംഹലു തെളിയിച്ചിരിക്കുന്നത്. മൊഗ്രാല്‍ പുത്തൂരിലെ കൃഷിക്കനുയോജ്യമല്ലാത്ത ചെങ്കല്ലുകള്‍ നിറഞ്ഞ ലാറ്ററൈറ്റ് മണ്ണില്‍ മനക്കരുത്തിന്റെ പിന്‍ബലത്തില്‍ വെറും അഞ്ച് വര്‍ഷം കൊണ്ടാണ് ഇദ്ദേഹം അദ്ഭുതങ്ങള്‍ സൃഷ്ടിച്ചത്.

രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന തന്നിലെ കര്‍ഷക വീര്യത്തെ മലയാളക്കരയുടെ കാര്‍ഷിക സംസ്‌കാരം ഏറെ ഉത്തേജിപ്പിച്ചതിനാലാണ് 1999 മുതല്‍ കാസര്‍കോട് സ്ഥിരവാസമുറപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. പച്ചക്കറികള്‍ വിറ്റഴിച്ചു പണമുണ്ടാക്കുക എന്നതിലുപരി കൃഷിയിലൂടെ ഒരു പ്രദേശത്ത് വികസിക്കുന്ന പരസ്പര സൗഹാര്‍ദ്ദവും സഹകരണ മനോഭാവവുമാണ് തന്നെ ആകര്‍ഷിക്കുന്നതും ഒരു കര്‍ഷകനായി തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ കൃഷി ഒരു തൊഴില്‍ എന്നതിലുപരി സാമൂഹിക-സാംസ്‌കാരിക വ്യവഹാരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ആന്ധ്രപ്രദേശിലെ തിരുപ്പതിക്കടുത്ത റെയില്‍വേ കോഡൂരു എന്ന കര്‍ഷക ഗ്രാമത്തില്‍ 1965 ലാണ് നരസിംഹലു ജനിച്ചത്. പിതാവ് പ്യാരയ്യ വാഴകൃഷിയില്‍ പേരുകേട്ട കര്‍ഷകനായിരുന്നു. ഇവര്‍ ഉത്പാദിപ്പിക്കുന്ന റോബസ്റ്റ് പഴത്തിന് ചെന്നൈയിലും ബംഗളൂരുവിലുമടക്കം ആവശ്യക്കാരേറെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നരസിംഹലു ജിയോളജി ബിരുദത്തിന് ചേര്‍ന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ചിന്റെ (ഐസിഎആര്‍) അന്നത്തെ ന്തഇന്റര്‍സ്റ്റേറ്റ് സ്റ്റുഡന്റ് പോളിസി' പ്രകാരം 1985ല്‍ തൃശ്ശൂരിലെ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നാലു വര്‍ഷ ബി.എസ്സി അഗ്രികള്‍ച്ചര്‍ കോഴ്സിന് പ്രവേശനം നേടി വിജയകരമായി പൂര്‍ത്തീകരിച്ച് തന്റെ കൃഷി ജീവിതത്തിന് പ്രഫഷണല്‍ കാഴ്ചപ്പാട് രൂപീകരിച്ചുവെന്ന് അദ്ദേഹം പറയുന്നു. അതിന് ശേഷം പത്ത് വര്‍ഷത്തോളം നാട്ടില്‍ കൃഷിയിലേര്‍പ്പെട്ടെങ്കിലും പിന്നീട് 1999ല്‍ കേരള പിഎസ്സി വഴി കൃഷി വകുപ്പില്‍ പ്രവേശിച്ചു. ആദ്യ നിയമനം കാസര്‍കോടിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ കുണ്ടാറിലും പിന്നീട് ജില്ലയിലെ തന്നെ ചെര്‍ക്കള, എണ്‍മകജെ, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. നിലവില്‍ വര്‍ഷങ്ങളായി മൊഗ്രാല്‍ പുത്തൂരില്‍ കൃഷി ഭവന്‍ കൃഷി ഓഫീസറാണ്.

കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കാസര്‍കോടന്‍ മേഖലകളിലെ മണ്ണ് ജൈവസമ്പുഷ്ടമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.പാറ പൊടിഞ്ഞുണ്ടായ ലാറ്ററൈറ്റ് മണ്ണിന്റെ വരണ്ട പ്രകൃതം കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്നു. മണ്ണിലെ അവശ്യമൂലകങ്ങളുടെ അഭാവം നികത്താന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ കായികാധ്വാനവും ധനവും ചെലവഴിക്കേണ്ടി വരുന്നു. എന്നിരുന്നാലും ഇവിടത്തെ കര്‍ഷകരുടെ ദൃഢനിശ്ചയം ഈ മണ്ണില്‍ പൊന്ന് വിളയിക്കുന്നു. വാസ്തവത്തില്‍ കാസര്‍കോട്ടെ കര്‍ഷകരെ വളരെയധികം ബഹുമാനിക്കണമെന്നാണ് നരസിംഹലവിന്റെ അഭിപ്രായം. ധന ലാഭ- നഷ്ടം കണക്കിലെടുക്കാതെ വളരെയേറെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും കഠിന പ്രയത്നത്തിലൂടെയാണ് അവര്‍ കൃഷിയെ മുന്നോട്ട് കൊണ്ട് പോവുന്നത്. അതിനാല്‍ തന്നെ മേഖലയിലെ കര്‍ഷകര്‍ക്ക് 'സല്യൂട്ട്' നല്‍കണമെന്നും അദ്ദേഹം പറയുന്നു.

ലാറ്ററൈറ്റ് മണ്ണില്‍ വെറും അഞ്ച് വര്‍ഷം കൊണ്ടാണ് നരസിംഹലു അത്ഭുതം വിളയിച്ചത്. പരിസര പ്രദേശങ്ങളെല്ലാം വരണ്ടു കിടക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ ഒരേക്കര്‍ ഭൂമി ഹരിതാഭ പ്രസരിപ്പിക്കുന്ന തുരുത്താണ്. ഈ ഹരിതോദ്യാനത്തിലേക്കുള്ള പ്രവേശന കവാടം മുതല്‍ വീടു വരെയുള്ള നടപ്പാത മുഴുവനും പാഷന്‍ഫ്രൂട്ട് ചെടികളാല്‍ പന്തല്‍ തീര്‍ത്തിരിക്കുന്നു. ഒരിഞ്ച് സ്ഥലം പോലും ഉപയോഗ്യശൂന്യമായി കിടക്കരുതെന്നാണ് തന്റെ 'പോളിസി' യെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫല വൃക്ഷങ്ങള്‍, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, പൂച്ചെടികള്‍ തുടങ്ങി എല്ലാ തരം കാര്‍ഷിക വിളകളും ഇവിടെ വളരുന്നുണ്ട്. കൂടാതെ മയിലുള്‍പ്പെടെയുള്ള വിവിധയിനം പക്ഷികളും നിത്യ സന്ദര്‍ഷകരാണ്. കാര്‍ഷിക വിളകള്‍ക്ക് പുറമേ ചെറിയൊരു കോഴിഫാമും, അലങ്കാര പക്ഷികളും, മത്സ്യകൃഷിയും വിജയകരമായി മുന്നോട്ട് പോവുന്നുണ്ട്.

എക്കോളജിക്കല്‍ എഞ്ചിനീയറിങിന്റെ സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാണ് നരസിംഹലു കൃഷി വികസിപ്പിക്കുന്നത്. പ്രകൃതിയെയും മനുഷ്യരെയും പരസ്പര പ്രയോജകരായി ദീര്‍ഘവീക്ഷണത്തോടെ പരിസ്ഥിതിയെ സംവിധാനിക്കുന്ന ആധുനിക സങ്കേതമാണ് എക്കോളജിക്കല്‍ എഞ്ചിനീയറിങ്. ഇതിലൂടെ ചെടികളും മരങ്ങളും കുറഞ്ഞ വളപ്രയോഗത്തിലൂടെ പ്രകൃതിയുടെ തന്നെ രീതിയില്‍ സ്വതന്ത്രമായി വളരുന്നു.

വരണ്ട പ്രദേശത്ത് കുറച്ചു കാലം കൊണ്ട് ഉയര്‍ന്നു വന്ന ഹരിതോദ്യാനത്തെ നാട്ടുകാര്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. നാട്ടുകാരുടെ കൃഷി സംബന്ധമായ എന്തു പ്രശ്നങ്ങള്‍ക്കും രാപ്പകല്‍ ഭേദമില്ലാതെ പരിഹാരം നല്‍കാന്‍ ഈ ഉദ്യോഗസ്ഥന്‍ തയ്യാറാണ്. വീടോ കൃഷിയിടമോ പൂട്ടാതെ പുറത്തു പോയാലും നാട്ടുകാര്‍ തങ്ങളുടെ കൃഷി ഓഫീസറുടെ ഹരിതോദ്യാനം കാത്തുസൂക്ഷിച്ചു കൊള്ളും. തിരിച്ചു നാട്ടിലേക്ക് പോകുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കൃഷിയിടത്തിലെ എല്ലാകാര്യങ്ങളും നോക്കി നടത്തുന്ന ഭാര്യ ഉമാദേവിക്കും മലയാളികളുടെ സ്നേഹവായ്പിനെ കുറിച്ചാണ് പറയാനുള്ളത്. ഏക മകന്‍ വിശാഖ് കാസര്‍കോട് എല്‍.ബി.എസ് കോളേജില്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി നിലവില്‍ യു.എ.ഇയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. കൃഷി വിപുലമാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും പ്രദേശത്തെ കാര്‍ഷിക വികസനത്തിന് കൂടുതല്‍ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും നരസിംഹലു വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Agriculture, Andhra Pradesh, Story About Kasaragod Krishi Bhavan Officer Chavana Narasimhalu