Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മയെയും മകനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി; ശിക്ഷ വെള്ളിയാഴ്ച വിധിക്കും

വെള്ളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മയെയും മകനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. Kasaragod, Kerala, news, Attack, court, Top-Headlines, Murder, Crime, Murder case; accused found guilty
കാസര്‍കോട്: (www.kasargodvartha.com 20.12.2018) വെള്ളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മയെയും മകനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പനത്തടി കല്ലപ്പള്ളി പാത്തിക്കാലിലെ രാമണ്ണയുടെ മകന്‍ മുദ്ദപ്പഗൗഡ (52)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ടി സി ലളിത (45), മകന്‍ പി.സി നിഥിന്‍ (19) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2011 മാര്‍ച്ച് 14നാണ് കൊലപാതകം നടന്നത്. മുദ്ദപ്പഗൗഡയുടെ സഹോദരന്‍ ചന്ദ്രശേഖരയുടെ ഭാര്യയാണ് ടി.സി ലളിത. കുളത്തില്‍ നിന്നു ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ മുദ്ദപ്പഗൗഡയെ ഒന്നാം പ്രതി ലളിത വാക്കത്തി കൊണ്ട് വെട്ടിയും രണ്ടാം പ്രതി നിഥിന്‍ പലക കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. വെള്ളരിക്കുണ്ട് സി.ഐമാരായിരുന്ന കെ പി സുരേഷ് ബാബു, ആര്‍ മനോജ് കുമാര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിനു ശേഷം എം വി അനില്‍ കുമാര്‍ സി ഐ ആയിരുന്നപ്പോഴാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ടി കെ നിര്‍മിലയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണന്‍ ഹാജരായി. 23 സാക്ഷികളില്‍ 12 സാക്ഷികളെയാണ് വിസ്തരിച്ചത്.

കൊല്ലപ്പെട്ട മുദ്ദപ്പഗൗഡയുടെ മകന്‍ വിശ്വനാഥന്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുദ്ദപ്പഗൗഡയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, court, Top-Headlines, Murder, Crime, Murder case; accused found guilty
  < !- START disable copy paste -->