Join Whatsapp Group. Join now!
Aster MIMS 10/10/2023

ജോര്‍ജ് കൊല്ലപ്പെട്ടത് നായാട്ടു സംഘത്തിന്റെ വെടിയേറ്റ്; 3 വെടിയുണ്ട ശരീരത്തില്‍ തുളഞ്ഞുകയറി, വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കര്‍ണാടക വനാതിര്‍ത്തിയില്‍ മുണ്ടറോട്ട് റേഞ്ചിലെ താന്നിത്തട്ടില്‍ തയ്യേനി സ്വദേശിയായ ജോര്‍ജ് താന്നിക്കല്‍ Chittarikkal, Murder-case, Death, Fire, Kasaragod, News, George's murder; Body sent for Postmortem
കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 12.12.2018) കര്‍ണാടക വനാതിര്‍ത്തിയില്‍ മുണ്ടറോട്ട് റേഞ്ചിലെ താന്നിത്തട്ടില്‍ തയ്യേനി സ്വദേശിയായ ജോര്‍ജ് താന്നിക്കല്‍ കൊച്ച് (50) വെടിയേറ്റു കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കി. ജോര്‍ജിനു വെടിയേറ്റത് നായാട്ടുസംഘത്തില്‍ നിന്നാണെന്ന് കേസ് അന്വേഷിക്കുന്ന കര്‍ണാടക ബാഗമണ്ഡലം പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ജോര്‍ജിന്റെ മൃതദേഹം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ബുധനാഴ്ച വൈകിട്ടോടെ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജോര്‍ജും സുഹൃത്തുക്കളായ താന്നിത്തട്ടിലെ ചന്ദ്രന്‍, അശോകന്‍ എന്നിവര്‍ ചേര്‍ന്ന് നായാട്ടിനായി കര്‍ണാടക തയ്യേനി നിബിഢ വനത്തിലേക്ക് പോയത്. വൈകിട്ട് 4.30 മണിയോടെയാണ് ഇവര്‍ക്കു നേരെ നായാട്ടുസംഘമെന്ന് കരുതുന്ന അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഉയരം കൂടിയ ജോര്‍ജ് മുന്നിലും പൊക്കം കുറവുള്ള ചന്ദ്രനും അശോകനും പിന്നിലുമായിരുന്നു ഉണ്ടായിരുന്നത്. ജോര്‍ജിന്റെ ശരീരത്തിലേക്ക് ഒരേ സമയം മൂന്ന് വെടിയുണ്ട തുളഞ്ഞുകയറുകയായിരുന്നു. വലതു നെഞ്ചിലും കൈക്കും മറ്റുമാണ് വെടി കൊണ്ടത്.
Chittarikkal, Murder-case, Death, Fire, Kasaragod, News, George's murder; Body sent for Postmortem

പന്നിയെ വെക്കാന്‍ ഉപയോഗിക്കുന്ന നാടന്‍ തോക്കില്‍ മൂന്ന് തിരകളെങ്കിലും നിറക്കാന്‍ കഴിയും. ഒരു വെടിവെച്ചാല്‍ മൂന്നു വെടിയുണ്ടയും ഒരേസമയത്ത് പോകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആറ് തിര വരെ നിറക്കുള്ള നാടന്‍ തോക്കുകള്‍ സാധാരണ ഉപയോഗിക്കാറുണ്ടെന്ന് പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ജോര്‍ജിന് വെടിയേറ്റ സ്ഥലത്തെ മരത്തിലും മറ്റും വെടിയുണ്ട തുളഞ്ഞുകയറിയതിന്റെ പാടുണ്ടായിരുന്നു. ഒന്നിലധികം പേര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തതായാണ് സംശയിക്കുന്നത്.

ഉച്ചത്തില്‍ നിലവിളിച്ച് ജോര്‍ജ് മരിച്ചു വീണതോടെ കൂടെയുണ്ടായിരുന്ന ചന്ദ്രനും അശോകനും അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. രാത്രിയോടെയാണ് ഇവര്‍ ചിറ്റാരിക്കാലിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞത്. നാട്ടുകാര്‍ കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെയും ബാഗമണ്ഡലം പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. തങ്ങളെ വെടിവെച്ചത് വനപാലകരാണെന്നാണ് രക്ഷപ്പെട്ടെത്തിയവര്‍ സംശയം പ്രകടിപ്പിച്ചിരുന്നത്. രാത്രിയായതിനാല്‍ നിബിഢ വനത്തിലേക്ക് പോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരെയും അനുവദിച്ചില്ല. ബുധനാഴ്ച രാവിലെ ചന്ദ്രനെയും അശോകനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ജോര്‍ജിനെ വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. താന്നിത്തട്ടിന് സമീപം വനത്തിനുള്ളില്‍ 300 ഏക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റുണ്ട്. ഇവിടെ ഇടയ്ക്കിടെ ജോര്‍ജും സംഘവും ജോലിക്കു പോകാറുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് കാട്ടിലേക്കുള്ള വഴിയെല്ലാം കൃത്യമായി അറിയാമെന്നാണ് പോലീസ് പറയുന്നത്. പുളിങ്ങോം ഭാഗത്തു നിന്നും നിരവധി പേര്‍ ഈ എസ്റ്റേറ്റില്‍ ജോലിക്ക് വരാറുണ്ട്.

അതേസമയം വേട്ടക്കാര്‍ തമ്മിലുള്ള കുടിപ്പകയാണ് ജോര്‍ജ് വെടിയേറ്റ് മരിച്ചതിന് കാരണമെന്നാണ് ബാഗമണ്ഡലം പോലീസ് സൂചിപ്പിക്കുന്നത്. ജോര്‍ജിനെ വെടിവെച്ചവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വനാതിര്‍ത്തിയിലുള്ള സി സി ടി വി ദൃശ്യങ്ങളും മറ്റും പോലീസ് ശേഖരിച്ചുവരുന്നുണ്ട്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് ജോര്‍ജിനെ വെടിവെച്ചു കൊന്നതെന്ന് വ്യക്തമായതോടെ വനം വകുപ്പല്ല ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് വ്യക്തമായി കഴിഞ്ഞു. വനംവകുപ്പിന്റെ തോക്കില്‍ നിന്നുള്ള നിറയല്ല ജോര്‍ജിന്റെ ശരീരത്തിലുണ്ടായ മുറിവെന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. കേരള പോലീസും സ്ഥലത്തെത്തി സംഭവത്തിന്റെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ചന്ദ്രനെയും അശോകനെയും ബാഗമണ്ഡലം പോലീസ് വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chittarikkal, Murder-case, Death, Fire, Kasaragod, News, George's murder; Body sent for Postmortem