Join Whatsapp Group. Join now!
Aster MIMS 10/10/2023

റിയാസ് മൗലവി കൊലക്കേസ്സ്: സാക്ഷികള്‍ കൂറുമാറുന്നത് അന്വേഷിക്കണം;എ. അബ്ദുല്‍ റഹ്മാന്‍

പഴയ ചൂരി ജുമാ മസ്ജിദ് മുഹദ്ദിന്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് അതിക്രൂരമായി കുത്തിNews, Kasaragod, Kerala, Muslim-league, Investigation,
കാസര്‍കോട്:(www.kasargodvartha.com 31/12/2018) പഴയ ചൂരി ജുമാ മസ്ജിദ് മുഹദ്ദിന്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസ്സിലെ വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറിയതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

News, Kasaragod, Kerala, Muslim-league, Investigation,Abdul Rahiman on Riyas Moulavi murder case

റിയാസ് മൗലവി കൊലചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിനും, കേസ്സ് അന്വേഷണം വഴിതെറ്റിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ ശ്രമം നടന്നിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരുന്നതില്‍പ്പോലും ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഒളിച്ചുകളി വിവാദമായിരുന്നു. കാസര്‍കോട് നടന്ന മിക്ക വര്‍ഗ്ഗീയ കൊലപാതക കേസുകളിലെ പ്രതികളെയും വെറുതെ വിട്ടത് പ്രധാന സാക്ഷികളുടെ കൂറുമാറ്റം കൊണ്ടും അന്വേഷണത്തിലെ പിഴവു കൊണ്ടുമായിരുന്നുവെന്ന് കേസുകളുടെ വിധിന്യായത്തില്‍ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷികളായ സര്‍ക്കാര്‍ ജീവനക്കാര്‍പ്പോലും കൂറുമാറുന്നത് ഗൗരവമായി കാണേണ്ടതാണ്.

കുറ്റവാളികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ജീവനു നേരെ ഭീഷണി ഉയര്‍ത്തിയും, സാമുദായികമായി പ്രലോഭനം നടത്തിയും, സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുമാണ് സാക്ഷികളെ കൂറുമാറ്റുന്നത്. ഇതിനായി കാസര്‍കോട്ട് ബി.ജെ.പിയുടെ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നാടിനെ നടുക്കിയ മിക്ക വര്‍ഗ്ഗീയ കൊലപാതക കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായി വാദിക്കുന്നത് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ: ശ്രീധരന്‍പിള്ളയാണ് . അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബി.ജെ.പി. യുടെ പങ്ക് വ്യക്തമാണ്. വര്‍ഗ്ഗീയ കൊലപാതക കേസ്സുകളിലെ പ്രതികളെ വെറുതെ വിടുന്നതിന് വേണ്ടി ബി.ജെ.പി. നടത്തുന്ന ഹീനമായ പ്രവര്‍ത്തി കൊലയാളികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്.

കാസര്‍കോട് നടന്ന വര്‍ഗ്ഗീയ കേസ്സുകളിലെ വിചാരണ വേളയില്‍ പ്രധാന സാക്ഷികളെ കൂറുമാറ്റി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവരെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെയും കൂറു മാറുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Muslim-league, Investigation,Abdul Rahiman on Riyas Moulavi murder case