Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ മതിലിന് ഇനി മൂന്നു ദിവസം; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍, ഒരുലക്ഷം വനിതകള്‍ അണിനിരക്കും

കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും 3 Days for Vanitha Mathil, Kasaragod, News, Vanitha Mathil.
കാസര്‍കോട്:  (www.kasargodvartha.com 28.12.2018) കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ 2019 ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വനിതാമതിലിനു ജില്ലയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഇനിയുള്ള മൂന്നു ദിവസം വനിതമതിലിന്റെ പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കുവാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.


വനിതാ മതില്‍ ആരംഭിക്കുന്ന ജില്ലയെന്ന നിലയില്‍ പ്രത്യേക മുന്നൊരുക്കങ്ങളാണു നടക്കുന്നത്. ജില്ലയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സര്‍ക്കിളില്‍ നിന്ന് ആരംഭിക്കുന്ന മതിലില്‍ വനിത ശിശുക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ ആദ്യമായി അണിനിരക്കും. ജില്ലയിലെ സാമൂഹ്യ-വിദ്യാഭ്യാസ- സാംസ്‌ക്കാരിക-രാഷ്ട്രീയ-നവോത്ഥാന മേഖലകളിലെ പ്രമുഖ വനിതകള്‍ തുടര്‍ന്ന് അണിനിരക്കും.

പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളില്‍ നിന്ന് ആരംഭിച്ച് പ്രസ്‌ക്ലബ് ജംങ്ഷന്‍ വഴി കെഎസ്ടിപി റോഡിലേക്കു പ്രവേശിച്ച് കാലിക്കടവ് വരെയാണു ജില്ലയില്‍ മതിലൊരുക്കുന്നത്. 44 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ലക്ഷംപേരാണ് ജില്ലയില്‍ അണിനിരക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു.

38 പഞ്ചായത്തുകളില്‍ നിന്നും മൂന്നു നഗരസഭകളില്‍ നിന്നുമായി കുറഞ്ഞത് 2500 പേരെ വീതം പങ്കെടുപ്പിക്കാന്‍ കഴിയും. വനിതാ മതിലില്‍ പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.30നകം എത്തിച്ചേരണം. 3.50ന് ട്രയലും നാലിന് പ്രതിജ്ഞയോടെ വനിതാ മതിലും ഒരുക്കും.

നിലവില്‍ വനിതാ മതിലിന്റെ പ്രചരാണാര്‍ത്ഥം ജില്ലയില്‍ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു നടന്നുവരുന്നത്. ജില്ലയില്‍ വിവിധ ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, സര്‍വീസ് സംഘടനകള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍,വനിതാ സംഘടനാ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വനിതാമതില്‍ പ്രചരാണാര്‍ത്ഥം നവോത്ഥാന സദസ്, ഗൃഹസന്ദര്‍ശനം, വനിതാ ബൈക്ക് റാലി, പോസ്റ്റര്‍ പ്രചാരണം, ഫ്ളാഷ് മോബ്, പ്രതീകാത്മക മതില്‍ തുടങ്ങിയവയും നടന്നുവരുകയാണ്.  അവലോകന യോഗത്തില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡീനാ ഭരതന്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, വിവിധ നവോത്ഥാന, യുവജന, സര്‍വീസ് സംഘടനാ ഭാരവാഹികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ വനിതാ മതില്‍ 44 കിലോമീറ്റര്‍; കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ കാലിക്കടവ് വരെ

വനിത മതിലില്‍ ജില്ലയില്‍ അണിനിരക്കേണ്ട വിധം താഴെ പറയുന്നപോലെയാകും.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സര്‍ക്കിള്‍ മുതല്‍ പരവനടുക്കം വരെ നാലര കിലോമീറ്റര്‍ ദൂരത്തില്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ നിന്നും, മധൂര്‍, ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള വനിതകള്‍ പങ്കെടുക്കണം.

അതിനുശേഷം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, പൈവളിഗ, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കണം.

തുടര്‍ന്നു ചളിയന്‍ങ്കോട് പാലം വരെ അരകിലോമീറ്റര്‍ ദൂരത്തില്‍ കുമ്പള,പുത്തിഗെ, എന്‍മകജെ, ബദിയടുക്ക ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് അണിനിരക്കേണ്ടത്.

മേല്‍പ്പറമ്പ് ടൗണിനു സമീപത്തെ ഇടവുങ്കാല്‍ ക്ഷേത്രം വരെയുള്ള രണ്ടു കിലോമീറ്റര്‍ കാറഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍, ദേലംമ്പാടി, മുളിയാര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ അണിനിരക്കണം.

തുടര്‍ന്ന് കോട്ടിക്കുളം വരെയുള്ള നാലേകാല്‍ കിലോമീറ്റര്‍ ദൂരം ചെമ്മനാട്, ഉദുമ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കണം.
കോട്ടിക്കുളം മുതല്‍ ബേക്കല്‍ ജംങ്ഷന്‍ വരെ കുറ്റിക്കോല്‍, ബേഡകം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പൂച്ചക്കാട് പള്ളിവരെയുള്ള മൂന്നേകാല്‍ കിലോമീറ്റര്‍ ദൂരം പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള വനിതകള്‍ പങ്കെടുക്കണം.

 പൂച്ചക്കാട് പള്ളി മുതല്‍ ചാമുണ്ഡിക്കുന്ന് വരെ പനത്തടി, കോടോം-ബേളൂര്‍, കള്ളാര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള വനിതകള്‍ അണിനിരക്കണം.  തുടര്‍ന്ന് പുതിയകോട്ട താലൂക്ക് ഓഫീസ് മുന്നിലെ ആല്‍ത്തറ വരെ ഏഴര കിലോമീറ്റര്‍ ദൂരം കാഞ്ഞങ്ങാട് നഗരസഭയിലെയും, അജാനൂര്‍, പുല്ലൂര്‍, പെരിയ ഗ്രാമ പഞ്ചായത്തുകളിലേയും വനിതകള്‍ പങ്കെടുക്കണം.

തുടര്‍ന്ന്  അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡിന് ശേഷമുള്ള പെട്രോള്‍ പമ്പ് വരെയുള്ള ഒന്നരകിലോമീറ്റര്‍ ദൂരം ബളാല്‍, ഈസ്റ്റ്-എളേരി, വെസ്റ്റ് - എളേരി ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ അണിനിരക്കണം.

പടന്നക്കാട് ടോള്‍ ബൂത്ത് വരെയുള്ള മൂന്നുകിലോമീറ്റര്‍ മടിക്കൈ, കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പടന്നക്കാട് ടോള്‍ ബൂത്ത് മുതല്‍ നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം കയ്യൂര്‍-ചീമേനി, പടന്ന ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരുമാകണം വനിതാ മതിലിനായി പങ്കെടുക്കേണ്ടത്.

നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷന്‍ മുതല്‍ പള്ളിക്കര റെയില്‍വേ ഗേറ്റ് വരെ രണ്ടരകിലോമീറ്റര്‍ ദൂരം നീലേശ്വരം നഗരസഭ അതിര്‍ത്തിയിലുള്ളവരും പള്ളിക്കര റെയില്‍വേ ഗേറ്റ് മുതല്‍ ചെക്ക് പോസ്റ്റ് വരെയുള്ള ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരം തൃക്കരിപ്പൂര്‍, വലിയപറമ്പ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പങ്കെടുക്കണം.

ചെക്ക് പോസ്റ്റ് മുതല്‍ ഞാണങ്കൈ വരെയുള്ള രണ്ട്കിലോമീറ്റര്‍ ദൂരം ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ളവരും ഞാണങ്കൈ മുതല്‍ കാലിക്കടവ് ജില്ലാ അതിര്‍ത്തി വരെയുള്ള ഏകദേശം മൂന്നരകിലോമീറ്റര്‍ ദൂരം പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ളവരും അണിനിരക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 3 Days for Vanitha Mathil, Kasaragod, News, Vanitha Mathil.