Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് വേദിയാകും

28 വര്‍ഷത്തിന് ശേഷം അറുപതാമത് കൗമാര കലോത്സവത്തിന് വേദിയാകുക മഹാകവി പിയുടെ പാദസ്പര്‍ശമേറ്റ കാഞ്ഞങ്ങാടിന്റെ മണ്ണ്. ഇത് രണ്ടാം തവണയാണ് കാസര്‍കോട് Kasaragod, Kerala, news, Kanhangad, Top-Headlines, 2019 State school Kalolsavam will be conducted in Kanhangad
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2018) 28 വര്‍ഷത്തിന് ശേഷം അറുപതാമത് കൗമാര കലോത്സവത്തിന് വേദിയാകുക മഹാകവി പിയുടെ പാദസ്പര്‍ശമേറ്റ കാഞ്ഞങ്ങാടിന്റെ മണ്ണ്. ഇത് രണ്ടാം തവണയാണ് കാസര്‍കോട് ജില്ലയിലേക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിരുന്നെത്തുന്നത്. 1991ല്‍ കാസര്‍കോട്ട് കലോത്സവം നടന്നതിന് ശേഷം ഇതുവരെയും ഈ അത്യുത്തര ദേശത്തെ കലോത്സവ വേദിയായി പരിഗണിച്ചില്ല. പ്രളയം ദുരിതം വിതച്ച ഈ വര്‍ഷം കലോത്സവം ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും മുന്‍ നിശ്ചയപ്രകാരം ആലപ്പുഴയില്‍ തന്നെ മത്സരം നടത്തുകയാണ് ചെയ്തത്.

ജില്ലയുടെ ഈ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടു തന്നെയാണ് അടുത്ത കലോത്സവത്തിന് ജില്ല വേദിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞ കലോത്സവം കാസര്‍കോട്ട് നടത്തിയതിനാല്‍ ഇത്തവണ കലോത്സവം ജില്ലയുടെ മധ്യസ്ഥാനവും സാംസ്‌കാരിക കേന്ദ്രവുമായ കാഞ്ഞങ്ങാട്ട് വേണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനുള്‍പ്പെടെ സര്‍ക്കാറിനോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ ഭരണകൂടം തയ്യാറാവുകയും ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പും ലഭിച്ചുകഴിഞ്ഞതായി അറിയുന്നു.

25 വേദികളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി ഒരുക്കേണ്ടത്. എന്നാല്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി 34 സ്റ്റേജുകള്‍ നിലവിലുണ്ട്. കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരം പ്രധാന വേദിയാക്കിയാല്‍ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, സൗത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബല്ല ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഹൈസ്‌കൂള്‍, നിത്യാനന്ദ പോളിടെക്നിക്, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവക്ക് പുറമെ കാഞ്ഞങ്ങാടിന് തൊട്ടു കിടക്കുന്ന പടന്നക്കാട് സി കെ നമ്പ്യാര്‍ കോളേജ്, നെഹ്റു കോളേജ്, നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി, പള്ളിക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങള്‍ വിവിധ വേദികളോ അനുബന്ധ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയും.

അതോടൊപ്പം തന്നെ വടക്കേ മലബാറിന്റെ ആതിഥ്യ സംസ്‌കാരം അന്യജില്ലക്കാര്‍ക്ക് ബോധ്യപ്പെടുത്തുംവിധം കലോത്സവത്തെ ജനകീയമാക്കി മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വീടുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണവും താമസവും ഉള്‍പ്പെടെ നല്‍കാന്‍ കഴിയുമെന്നാണ് മുന്‍കാല പരിചയം വെച്ച് സര്‍ക്കാറിനെ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ബോധ്യപ്പെടുത്തിയിട്ടുള്ളത്.

ഒട്ടേറെ പരിപാടികള്‍ നടത്തി മികവ് തെളിയിച്ച സംഘാടക മേന്‍മയുടെ നാടാണ് കാഞ്ഞങ്ങാട് എന്നുള്ളതുകൊണ്ട് തന്നെ യാതൊരുവിധ പരാതികള്‍ക്കും ഇടയില്ലാത്തവിധം അറുപതാമത് കലോത്സവത്തെ ചരിത്രമാക്കി മാറ്റാമെന്ന പ്രത്യാശ തന്നെയാണ് കാഞ്ഞങ്ങാടുകാര്‍ക്കുള്ളത്.
വേണ്ടത്ര സൗകര്യങ്ങളില്ലാതിരുന്ന കാലത്താണ് 91ല്‍ ജില്ല സംസ്ഥാന കലോത്സവത്തെ വരവേറ്റത്. താളിപ്പടുപ്പ് മൈതാനം പ്രധാന വേദിയാക്കി പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ യാതൊരു പരിഭവങ്ങളോ പരാതികളോ ഇല്ലാതെ തന്നെ കലോത്സവം വന്‍ വിജയമായി മാറിയിരുന്നു. എന്നാല്‍ ഇന്ന് എല്ലാവിധത്തിലുളള അടിസ്ഥാന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ കലോത്സവ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംഘാടക മികവിന്റെ ഉത്സവമാക്കി അറുപതാമത് കലോത്സവത്തെ മാറ്റാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളത്.

മത്സരാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടെന്നതിന് പുറമെ കണ്ണൂര്‍ വിമാനത്താവളവും പ്രവര്‍ത്തന സജ്ജമായതോടെ മത്സരാര്‍ത്ഥികള്‍ക്കും പ്രമുഖന്മാര്‍ക്കും വേണ്ടത്ര യാത്രാബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ആറുമാസം മുമ്പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയാല്‍ കലോത്സവത്തെ കൈക്കുമ്പിളില്‍ ഒതുക്കാമെന്ന ശുഭാപ്തിവിശ്വാസമാണ് കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുള്ളത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, 2019 State school Kalolsavam will be conducted in Kanhangad
  < !- START disable copy paste -->