Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തി വന്നതിനു പിന്നില്‍ വന്‍ റാക്കറ്റ്; രണ്ട് പരാതികളിലായി മൂന്ന് കരാറുകാര്‍ക്കെതിരെ കേസെടുത്തു, ജില്ലാ പഞ്ചായത്തിലടക്കം 5 പഞ്ചായത്തുകളിലും 3 ബ്ലോക്ക് പഞ്ചായത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തി, അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീമിനെ നിയമിക്കണമെന്ന് ആവശ്യം ശക്തം, ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ അടിച്ചതിനു പിന്നിലാര്?

വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തി വന്നതിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചതായി പോലീസിന് Complaint against Fake Fixed deposit certificate of Contractors, kasaragod, news, Top-Headlines, Police, Contractors, Certificates.
കാസര്‍കോട്: (www.kasargodvartha.com 21.11.2018) വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തി വന്നതിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചതായി പോലീസിന് സൂചന ലഭിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ റോഡ് നിര്‍മാണ പ്രവൃത്തിയില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഇപ്പോള്‍ വ്യാപകമായ പരിശോധന ആരംഭിച്ചിരിക്കുന്നത്. നിര്‍മാണ പ്രവൃത്തിയുടെ അടങ്കല്‍ തുകയുടെ നിശ്ചിത ശതമാനം തുക സര്‍ക്കാരിലേക്ക് കെട്ടിവെക്കണമെന്ന നിബന്ധനയാണ് വ്യാജസര്‍ട്ടിഫിക്കറ്റും റസീപ്റ്റും നല്‍കി സര്‍ക്കാരിനെ കബളിപ്പിച്ചു വന്നത്.

കരാറുകാരായ ചെര്‍ക്കള ബേവിഞ്ചയിലെ മുഹമ്മദ് സൈദ്, ചട്ടഞ്ചാല്‍ തെക്കിലിലെ ഖാദര്‍ കുഞ്ഞി എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കാസര്‍കോട്ട് ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്ന് പ്രവൃത്തികളില്‍ വ്യാജസ്ഥിര നിക്ഷേപം നല്‍കിയതായുള്ള പരാതിയില്‍ ചട്ടഞ്ചാല്‍ തെക്കിലിലെ സയ്യിദ് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസും കേസെടുത്തു. വര്‍ഷങ്ങളായി വ്യാജസ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിക്കുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. പള്ളിക്കര പഞ്ചായത്ത് എല്‍ എസ് ജി ഡി എഞ്ചിനീയര്‍ എന്‍ ഡി ബാബുരാജന്റെ പരാതിയിലാണ് രണ്ട് കരാറുകാര്‍ക്കെതിരെ കേസെടുത്തത്. ഇതിനു പിന്നാലെയാണ് കാസര്‍കോട്ടും സമാനമായ തട്ടിപ്പിന് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
Complaint against Fake Fixed deposit certificate of Contractors, kasaragod, news, Top-Headlines, Police, Contractors, Certificates.

പഞ്ചായത്തിന്റെ ഒമ്പത് റോഡ് പ്രവൃത്തികളുടെ പണി ഏറ്റെടുക്കുന്നതിനായി പണയപ്പെടുത്തിയ 12 സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകളും കളര്‍ പ്രിന്റ് പകര്‍പ്പുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റാണ് കരാറുകാര്‍ നല്‍കേണ്ടത്. ഒമ്പത് പ്രവര്‍ത്തിക്കളില്‍ മൂന്നെണ്ണത്തിന്റെ ബില്ല് കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. 2015-16, 2016- 17 വര്‍ഷത്തില്‍ അനുവദിച്ച 10 ലക്ഷം രൂപ ഇവര്‍ കൈപറ്റിയിട്ടുണ്ട്. 2017- 18, 2018-19 വര്‍ഷത്തെ അഞ്ച് പ്രവര്‍ത്തികള്‍ കരാര്‍ ഒപ്പു വെക്കുകയും പണി തുടങ്ങാനിരിക്കുകയുമാണ്. ഇവയുടെ കരാര്‍ റദ്ദാക്കി അപേക്ഷ നല്‍കിയ അടുത്ത കരാറുകാരന് നല്‍കാനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തി ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയോട് എഞ്ചിനീയറിംഗ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പെരിയ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പേരിലുള്ള സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റാണ് വ്യാജമായി നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് വ്യാജനാണോ എന്നറിയാന്‍ ബാങ്ക് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും ബേക്കല്‍ എസ് ഐ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട്, കാസര്‍കോട്, പരപ്പ ബ്ലോക്ക് പഞ്ചായത്തുകള്‍, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കാഞ്ഞങ്ങാട്ട് ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുക കൈപറ്റിയെങ്കിലും സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും തിരിച്ചുവാങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സ്ഥിര നിക്ഷേപമാണെന്ന് കണ്ടെത്തിയത്. കാസര്‍കോട്ട് ട്രഷറിയുടെ പേരിലും ബാങ്കിന്റെ പേരിലും വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതായി കാസര്‍കോട് ടൗണ്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അസി. എഞ്ചിനീയറുടെ പേരിലാണ് ട്രഷറിയിലോ ബാങ്കിലോ സ്ഥിര നിക്ഷേപം നടത്തി അതിന്റെ സര്‍ട്ടിഫിക്കറ്റ് റോഡ് നിര്‍മാണ പ്രവൃത്തിയുടെ ടെന്‍ഡറിനൊപ്പം നല്‍കേണ്ടത്. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കരാര്‍ തുക കൈപറ്റിയാല്‍ മാത്രമേ സ്ഥിര നിക്ഷേപം മടക്കിക്കൊടുക്കുകയുള്ളൂ. കൂടുതല്‍ അന്വേഷണത്തില്‍ നിരവധി തട്ടിപ്പുകള്‍ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബന്താട്- തെക്കില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനം, ബദിയടുക്ക പഞ്ചായത്തിലെ റോഡ് നിര്‍മാണം, ചട്ടഞ്ചാല്‍ പറമ്പില്‍ റോഡ് എന്നിവയുടെ പ്രവര്‍ത്തിക്കാണ് വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എല്‍ എസ് ജി ഡി അസി. എഞ്ചിനീയര്‍ അനിതയുടെ പരാതിയിലാണ് കാസര്‍കോട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്ലായിടത്തും വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയത് ഒരേ സംഘമാണെന്നാണ് പോലീസ് കരുതുന്നത്. ഇതാരാണെന്ന് കണ്ടെത്തണമെങ്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കരാറുകാരെ അറസ്റ്റു ചെയ്താല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. മുമ്പ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പ് നടത്തിയ ചിലരെയും പോലീസിന് സംശയമുണ്ട്.

കാസര്‍കോട് ടൗണ്‍ അഡീ. എസ് ഐ ബവീഷിനാണ് കാസര്‍കോട്ടെ കേസിന്റെ അന്വേഷണം. വരും ദിവസങ്ങളില്‍ കൂടുതല്‍ തട്ടിപ്പ് പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ കുറിച്ച് റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നുവരുന്നുണ്ട്. പ്രശ്‌നത്തില്‍ ഭരണപക്ഷത്തെ ഒരു എം എല്‍ എ ഇടപെട്ടതായും വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിക്കുന്നു. സര്‍ക്കാരിനെ വഞ്ചിക്കുന്ന സമീപനമാണ് കരാറുകാരുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ കേസിനെ അത്യന്തം ഗൗരവത്തോടെയാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം വലിയ റാക്കറ്റ് തന്നെ തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരത്തെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരെ പുറത്തു കൊണ്ടുവരണമെന്നും സത്യസന്ധരായി ജോലി ചെയ്യുന്ന കരാറുകാരെ പോലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഈ സംഭവം ഇടവെച്ചിട്ടുണ്ടെന്ന് ഒരു പ്രമുഖ കരാറുകാരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Complaint against Fake Fixed deposit certificate of Contractors, kasaragod, news, Top-Headlines, Police, Contractors, Certificates.