city-gold-ad-for-blogger

മഹാപ്രളയത്തിന് ശേഷവും ദുരിതം വിട്ടുമാറാതെ അപ്പര്‍ കുട്ടനാടന്‍ മേഖല

ഹരിപ്പാട്: (www.kasargodvartha.com 09.10.2018) മഹാപ്രളയത്തിനുശേഷവും ദുരിതം വിട്ടുമാറാതെ അപ്പര്‍ കുട്ടനാടന്‍ മേഖല. മഴയ്ക്ക് ശമനമായെങ്കിലും വെള്ളം ഒഴുകിമാറാന്‍ മാര്‍ഗ്ഗമില്ലാത്തതാണ് ഈ മേഖലയെ ദുരിതത്തിലാക്കുന്നത്. ആറുകള്‍, തോടുകള്‍, പൊതു കുളങ്ങള്‍ പാടശേഖരങ്ങള്‍ എന്നിവയുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ദുരിതമേറേയും. മലിനജലം കെട്ടികിടക്കുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും കൊതുകുകളുടെ ഉപദ്രവം കൂടുതലാണെന്നും വെള്ളക്കെട്ടില്‍ കൂടി നടക്കുമ്പോള്‍ കാല്‍പാദങ്ങള്‍ ചൊറിഞ്ഞു തടിക്കാറുണ്ടെന്നും പ്രദേശവാസികള്‍ സാക്ഷ്യപെടുത്തുന്നു.

ജലജന്യ സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുള്ളതാണ്. ചെറുതന, പള്ളിപ്പാട്, വീയപുരം, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്നപ്രദേശങ്ങളിലെ വെള്ളം ഒഴുകിപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. തോട്ടപള്ളി സ്പില്‍വേയിലൂടെ വെള്ളം ഒഴുകിമാറാന്‍ തടസ്സം നില്‍ക്കുന്നതാണ് ഇതിനുപ്രധാനകാരണം. കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിനുള്ള പൊഴി തുറന്നു കിടക്കുന്നുണ്ടെങ്കിലും നീരൊഴുക്ക് കുറവാണ്. പമ്പാ, അച്ചന്‍കോവില്‍ എന്നീ ആറുകളിലൂടെ ഒഴുകിയെത്തുന്ന കിഴക്കന്‍വെള്ളം തോട്ടപള്ളി സ്പില്‍വെ പാലത്തിന്റെ അടിത്തട്ടില്‍ എത്തിച്ചേരുമെങ്കിലും ഇവിടെ മണല്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ ഒഴുക്ക് നിലക്കാറാണ് പതിവ്.

അതുകൂടാതെ ആറുകള്‍ക്ക് കുറുകെ പാലങ്ങള്‍ നിര്‍മ്മിച്ചതിനാല്‍ ഇതിന്റെ തൂണുകളും നീരൊഴുക്കിന് തടസ്സമാകുകയാണ്. പാടശേഖരങ്ങളില്‍ നിന്നും പുറംതള്ളുന്ന പായലുകളും മറ്റ് മാലിന്യങ്ങളും ഒഴുക്കിന് തടസമാകുന്നുണ്ട്. കൂടാതെ സ്പില്‍വെയുടെ അടിത്തട്ടില്‍ മണല്‍ നിറഞ്ഞിരിക്കുകയാണ്. ഈ മണല്‍ മാറ്റിയാല്‍ കടല്‍ ക്ഷോഭമില്ലെങ്കില്‍ നീരൊഴുക്ക് സുഗമമാകും മുന്‍കാലങ്ങളില്‍ അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിലെ വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടിരുന്നതും ഈ മാര്‍ഗത്തിലൂടെ ആയിരുന്നു. കൃഷിസീസണ്‍ ആരംഭിക്കുന്നതോടെ പാടശേഖരങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇനിയും കൂടാനാണു സാധ്യത. ആയതിനാല്‍ നീരൊഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി വെള്ളപ്പൊക്കത്തില്‍ ആറുകളില്‍ എത്തി കുന്നുകളായിട്ടുള്ള ചെളികളും മണല്‍ കൂനകളും ചെറുതും വലുതുമായ പാലത്തിന്റെ കാലുകളില്‍ കുടുങ്ങിയിട്ടുള്ള മാലിന്യങ്ങളും നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

മഹാപ്രളയത്തിന് ശേഷവും ദുരിതം വിട്ടുമാറാതെ അപ്പര്‍ കുട്ടനാടന്‍ മേഖല

Keywords:  Kerala, Alappuzha, Top-Headlines, Farming, Rain, Upper Kuttanadan natives in dilemma after flood 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia