Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇനി ഞാനെന്തു ചെയ്യണം? ഖാസി കേസില്‍ സിബിഐ റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മരണ ദിവസത്തെ കാര്യങ്ങള്‍ വെളിപ്പെടുത്തി റിട്ട. എസ്പി ഹബീബ് റഹ് മാന്‍

ഇനി ഞാനെന്തു ചെയ്യണം? റിട്ട. എസ്പി ഹബീബ് റഹ് മാനാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഖാസി കേസില്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതിന് Kasaragod, Kerala, news, Top-Headlines, CBI, C.M Abdulla Maulavi, Rtd. S P Habeeb Rahman on Khazi case
കാസര്‍കോട്: (www.kasargodvartha.com 01.10.2018) ഇനി ഞാനെന്തു ചെയ്യണം? റിട്ട. എസ്പി ഹബീബ് റഹ് മാനാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഖാസി കേസില്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മരണ ദിവസത്തെ മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ച് കൊണ്ടാണ് റിട്ട. എസ്പി ഹബീബ് റഹ് മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്. ഖാസിയുടെ മരണത്തില്‍ തന്നെ മനപൂര്‍വ്വം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയും ക്രൂശിക്കുകയുമായിരുന്നു ചെയ്തുരുന്നതെന്ന് അദ്ദേഹം പറയുന്നു. ഒമ്പത് മണിക്ക് ശേഷം സ്ഥലത്തെത്തിയ താന്‍ എങ്ങനെ ആറ് മണിക്ക് വീട്ടിലെത്തി തെളിവ് നശിപ്പിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു. എന്റെ മക്കളെ വിവാഹം കഴിച്ചാല്‍ ഖാസിയുടെ ശാപം അവരുടെ മക്കളില്‍ പതിയുമെന്നു പ്രചരിപ്പിച്ചിരുന്നു. ശാപം ഏല്‍ക്കാത്ത ഏതെങ്കിലും കുടുംബം വരട്ടെ എന്ന് വിചാരിച്ചു ഞാനും കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എട്ടു വര്‍ഷമായി എന്നെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഖാസി കേസില്‍ വീണ്ടും സി ബി ഐ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു എന്ന പുതിയ വിവരമാണ് ഇന്നലെ കിട്ടിയത്. എന്ത് കൊണ്ടാണ് ഞാന്‍ വാ തുറക്കാത്തത് എന്ന് എന്നെ അറിയുന്ന പലരും എന്നോട് ചോദിച്ചിരുന്നു. അതിനു സമയമാവട്ടെ എന്ന് സ്‌നേഹപൂര്‍വം അവരോടു മറുപടി പറയുകയാണ് ഞാന്‍ ചെയ്തത്. എന്നെ കൊണ്ട് ആര്‍ക്കും ഒരു വേദന ഉണ്ടാവരുത് എന്ന് വളരെ നിഷ്‌കര്‍ഷയോടെ ആണ് ഞാന്‍ പെരുമാറിയത്. പക്ഷെ എന്റെ മക്കളുടെ വിവാഹ ആലോചന പോലും ചിലര്‍ ഈ വിവാദത്തെ ഉയര്‍ത്തി എനിക്കതിരെ നീക്കം നടത്തിയിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല. എന്റെ മക്കളെ വിവാഹം കഴിച്ചാല്‍ ഖാസിയുടെ ശാപം അവരുടെ മക്കളില്‍ പതിയുമെന്നു പ്രചരിപ്പിച്ചു. ശാപം ഏല്‍ക്കാത്ത ഏതെങ്കിലും കുടുംബം വരട്ടെ എന്ന് ഞാനും വിചാരിച്ചു.

2010 feb 15

ഞാന്‍ പതിവ് പോലെ രാവിലെ നടത്തം കഴിഞ്ഞു സ്റ്റേഷനുകളില്‍ നിന്ന് വിവരം അറിയാന്‍ കാത്തു നില്‍ക്കുന്ന സമയത്താണ് ബേക്കല്‍ SI എന്നെ വിളിച്ചു പറയുന്നത്, ചെമ്പിരിക്ക കടപ്പുറത്തു ഒരു മൗലവിയുടെ മൃതദേഹം മത്സ്യ തൊഴിലാളികള്‍ കണ്ടുവെന്നും അത് എടുത്തു കരക്ക് അടുപ്പിച്ചു വെച്ചുവെന്നും പിന്നീട് അത് ഖാസിയുടെ മൃതദേഹമാണെന്നു പറഞ്ഞു കുറച്ചു പേര്‍ എടുത്തു തൊട്ടടുത്തുള്ള വീട്ടില്‍ വെച്ചിട്ടുണ്ടന്നു പറഞ്ഞു. Si കൈകാര്യം ചെയ്യേണ്ട വിഷയമായതിനാല്‍ വേണ്ട നടപടിക്രമം ചെയ്യാന്‍ വേണ്ടി ഏര്‍പ്പാട് ചെയ്തു. അതിനു ശേഷം എന്റെ സുഹൃത്തു ഹമീദിന്റെ വീട്ടില്‍ കല്യാണത്തിന് പോവാന്‍ പറ്റാത്തത് കൊണ്ട് രാവിലെ പ്രാതല്‍ കഴിക്കാന്‍ വരാം എന്ന് പറഞ്ഞിരുന്നു. ഏകദേശം 8.30ന് അയാളുടെ വീട്ടിലേക്കു പോകുന്ന വഴിക്കാണ് കീഴുര്‍ ജമാഅത് പ്രസിഡന്റ് അത്ത (അബ്ദുല്ല) എന്നെ വിളിക്കുന്നത്. അദ്ദേഹം കരഞ്ഞു കൊണ്ടാണ് എന്നോട് പറഞ്ഞത്, ഞങ്ങളുടെ ഖാളിയാര്‍ച്ച മരിച്ചു പോയി ഇവിടെ എന്തെങ്കിലും പ്രശ്‌നം നടക്കും. നിങ്ങള്‍ വന്നാലേ ജനങ്ങള്‍ അനുസരിക്കു, ഇല്ലെങ്കില്‍ വലിയ പ്രശ്‌നം നടക്കാന്‍ സാധ്യതയുണ്ട്, അത് കൊണ്ട് നിങ്ങള്‍ എത്രയും പെട്ടന്ന് വരണം എന്ന് നിര്‍ബന്ധമായി ആവിശ്യപെടുകയാരുന്നു. ഞാന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ഇറങ്ങുന്ന സമയത്തും ഞാന്‍ അത്തയെ വിളിച്ചു പ്രശ്‌നം വല്ലതുമുണ്ടോ എന്ന് ഒന്ന് കൂടി ഉറപ്പു വരുത്തി. ഇത്‌വരെ ഇല്ല, നിങ്ങള്‍ എത്രയും പെട്ടെന്ന് വരണമെന്നു ഒരിക്കല്‍ക്കൂടി എന്നോട് പറഞ്ഞു.ഞാന്‍ ആദ്യം എന്റെ ci യേ വിളിച്ചു എത്രയും പെട്ടന്ന് ഉള്ള പോലീസുകാരുമായി ചെമ്പിരിക്കയില്‍ എത്താന്‍ ആവശ്യപെട്ടു. അതിനു ശേഷം അന്നത്തെ SP ശ്രീ പ്രകാശിനെ വിവരം അറിയിച്ചു. അദ്ദേഹം കൂടുതല്‍ പോലീസുകാരെ സ്ഥലത്തേക്ക് അയച്ചു. ഞാന്‍ എത്തുമ്പോള്‍ 9 മണി കഴിഞ്ഞിരുന്നു. പലരും ഞാന്‍ 6 മണിക്കെത്തി തെളിവുകള്‍ നശിപ്പിച്ചുവെന്നു ഘോര ഘോരം പ്രസംഗിക്കുന്നത് ഞാന്‍ തന്നെ കേട്ടിരുന്നു. ഞാന്‍ എത്തുമ്പോള്‍ ഖാളിയാര്‍ച്ചയെ അദ്ദേഹത്തിന്റെ ബന്ധു വീട്ടില്‍ കിടത്തിയിരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ഒരു മൃതദേഹത്തിനു ഒരു പോലീസ്‌കാരന്‍ കൊടുക്കേണ്ട ബഹുമാനം അതായതു സല്യൂട്ട് കൊടുത്തു, ആ സമയം അവിടെ ഉണ്ടായിരുന്ന ci, si എന്നിവരോട് കാര്യങ്ങള്‍ അന്വേഷിച്ചു. Inquest si ചെയ്യാന്‍ തുടങ്ങിയിരുന്നു. അപ്പോഴാണ് SP വിളിച്ചത്. അദ്ദേഹം എന്നോട് വിശദമായി ചോദിച്ചു. ഞാന്‍ കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കി. CI ഓട് കേസ് ഏറ്റുടുക്കാന്‍ SP ആവശ്യപ്പെട്ടത് പ്രകാരം കേസ് ഏറ്റുടുക്കാന്‍ സി ഐയോട് പറഞ്ഞു.

അപ്പോഴേക്കും ചെര്‍ക്കളം അബ്ദുല്ലയും മറ്റു നേതാക്കന്മാരും അടുത്തുള്ള ഒരു വീട്ടില്‍ ഉണ്ടെന്നു പറഞ്ഞു. അവിടെ വെച്ച് അദ്ദേഹം എന്നെ കാണണമെന്നു ആഗ്രഹം പ്രകടിപ്പിച്ചത് പ്രകാരം ഞാന്‍ സിഐയും മറ്റു ഉദ്യോഗസ്ഥന്മാരുമായി അദ്ദേഹത്തെ അവിടെ പോയി കണ്ടു. അദ്ദേഹവും അവിടെ ഉള്ളവരും ആദ്യം ആവശ്യപെട്ടത് മൃതദേഹം പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി തരാന്‍പറ്റുമോ എന്നായിരുന്നു. ഞാന്‍ അസന്നിഗ്ദ്ധമായി പറഞ്ഞു. അത് നടക്കില്ല എന്ന്. പിന്നീട് കാസര്‍കോട് വെച്ചു നടത്തി തരുമോ എന്ന് ചോദിച്ചു. അതും പറ്റില്ലാന്ന് പറഞ്ഞു. പോലീസ് സര്‍ജന്‍ തന്നെ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അതിനു തീരുമാനമായി. ബാക്കി കാര്യങ്ങള്‍ സിഐയോട് ചെയ്യാന്‍ പറഞ്ഞു. ഞാനും അവിടെ എത്തിയ അന്നത്തെ RDO , സിഐ, si എന്നിവരുമായി ഖാളിയാര്‍ച്ചയൂടെ വീട്ടിലെത്തി. ബന്ധുക്കളും ചില പത്രക്കാരും അപ്പോഴേക്കും അവിടെ എത്തിയിരുന്നു. ആരെയും അകത്തേക്ക് കയറ്റി വിടരുത് എന്ന് പോലീസുകാരെ ശട്ടം കെട്ടി. ഞങ്ങള്‍ അതായത് ഇന്‍വെസ്റ്റിഗെറ്റിംഗ് ഓഫീസര്‍, സി ഐ, RDO പിന്നെ ഞാന്‍.

ഖാളിയാര്‍ച്ചന്റെ ബന്ധുക്കള്‍ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതിടയില്‍ ഡയറിയില്‍ നിന്ന് ഒരു കടലാസ് കഷ്ണം കിട്ടിയത് ഞാന്‍ നോക്കുന്നത് കണ്ടപ്പോള്‍ അതെന്താണ് എന്ന് RDO ചോദിക്കുകയും അതെടുത്തു അദ്ദേഹത്തിന് കാണിക്കുകയും ചെയ്തു. അത് അവിടെ ഉണ്ടായിരുന്ന ബന്ധുക്കള്‍ കണ്ടു. അദ്ദേഹത്തിന്റെ കവിതാ ശകാലങ്ങളാണ് അതെന്നു അവര്‍ പറഞ്ഞപ്പോള്‍, ശരി നമ്മള്‍ പരിശോധിക്കട്ടെ എന്ന് പറഞ്ഞതാണ് വലിയ അപരാധമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഞാന്‍ അത് ആത്മഹത്യാ കുറിപ്പാക്കി മാറ്റി എന്നായിരുന്നു ആരോപണം. ഞാന്‍ അന്വേഷിക്കാത്ത ഒരു കേസില്‍ ഒരു കടലാസ്സു പോലും എഴുതാത്ത കേസില്‍ ഒറ്റ ദിവസം വന്നു പോയ കേസില്‍ ഞാന്‍ അട്ടിമറിച്ചു എന്ന് പറഞ്ഞാല്‍ പോലീസുമായി ബന്ധമുള്ള ഒരാള്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

പിന്നീടാണ് കഥയുടെ രണ്ടാം ഭാഗം. ഞാന്‍ സ്ഥലത്തു ഏകദേശം പന്ത്രണ്ടു മണി വരെ മാത്രമേ ഉണ്ടായിരിന്നുള്ളു. അത് വരെ
ലോ ആന്‍ഡ് ഓര്‍ഡറില്‍ ശ്രദ്ധിക്കുകയായിരുന്നു. സാമുദായികമായി എന്തെങ്കിലും പ്രശ്‌നമുണ്ടാവാതെ നോക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണന. കാരണം സ്ഥലം സമുദായികമായി വളരെ ദുര്‍ബല പ്രദേശമാണ്. മുമ്പും പല പ്രശ്‌നങ്ങളും നടന്ന സ്ഥലമായതു കൊണ്ട് ഞങ്ങള്‍ വളരെ ജാഗരൂകരായിരുന്നു. വലിയ പ്രശ്‌നമില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു പോയി. അപ്പോഴേക്കും സിഐ ഫിംഗര്‍പ്രിന്റ് മറ്റു ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു.

വൈകുന്നേരത്തോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പ്രശസ്തനായ ഡോ. ഗോപാലകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളേജ് ( പോലീസ് സര്‍ജന്‍) ചില സത്യങ്ങള്‍ പറഞ്ഞു. കൊലപാതകമാവാനുള്ള ഒരു സാധ്യതയും കാണുന്നില്ല. മറിച്ചു ആത്മഹത്യാ ആകാനുള്ള സാധ്യത തള്ളാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നു അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതായി ഞാന്‍ അറിഞ്ഞു. ആ വിവരം ഞാന്‍ സ്വകാര്യ സംഭാഷണത്തില്‍ എന്നോട് അടുപ്പും ഉണ്ടായിരുന്ന ചിലരോട് പറഞ്ഞതാണ് ഞാന്‍ ചെയ്തുപോയ ഒരേ ഒരു തെറ്റ്.

ആ സംഭവം പിന്നീട് കത്തിപ്പടര്‍ത്തിയത് എന്നോട് വ്യക്തി വൈരഗ്യമുണ്ടായിരുന്ന ഒരു പ്രശസ്ത കുടുംബമായിരുന്നു. അതില്‍ ചില സംഘടനകള്‍ വീണു തല ഊരാന്‍ പറ്റാതെ ആയപ്പോള്‍ എനിക്കെതിരെ കുപ്രചരണങ്ങള്‍ പടക്കാന്‍ ചിലര്‍ കച്ച കെട്ടി ഇറങ്ങി. ഈ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോളാണ് എനിക്ക് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാന കയറ്റം കിട്ടുന്നത്. അതും ഈ കേസുമായി കൂട്ടികെട്ടാന്‍ ശ്രമം നടത്തി. എന്റെ പ്രൊമോഷന്‍ തുരങ്കം വെക്കാന്‍ കഠിന ശ്രമം നടത്തി പരാജയപെട്ടു. പിന്നീട് വിജിലന്‍സ് SP ആയി എന്നെ പോസ്റ്റ് ചെയ്തപ്പോള്‍ അതും സഹിക്കാന്‍ പറ്റാണ്ടായി. പിന്നെ സ്‌പെഷ്യല്‍ ഓഫീസറായി പോസ്റ്റ് ചെയ്തപ്പോള്‍ അതും അവര്‍ക്കു കരടായി മാറി. പിന്നീട് അങ്ങോട്ട് എന്നെ ടാര്‍ഗറ്റ് ചെയ്യുക എന്ന ഏക അജണ്ട മാത്രമേ ഈ കേസുമായി ബന്ധപെട്ടു നടന്നിട്ടുള്ളൂ.

ഇനി എനിക്ക് ചോദിക്കാനുള്ളത് ഒരേ ഒരു കാര്യം, ഇനിയെങ്കിലും എന്നെ വെറുതെ വിടുമോ? ഞാന്‍ കാഞ്ഞങ്ങാട് dysp ആയതാണോ പ്രശ്‌നം അതല്ല ഹബീബ് റഹിമാന്‍ dysp ആയതാണോ? ഹബീബ് അല്ല പ്രശ്‌നമെങ്കില്‍ അന്വേഷിച്ച ഉദ്യോഗസ്ഥരെ കുറിച്ചു എന്ത് കൊണ്ടാണ് നിങ്ങള്‍ മിണ്ടാത്തത്? സിഐ, എസ് ഐ എന്നിവരല്ലേ ആദ്യ അന്വേഷകര്‍? തുടര്‍ന്ന് അന്വേഷണം നടത്തിയത് ഡിജിപി സന്ധ്യ മാഡത്തിന്റെ നേത്രത്വ തിലല്ലേ? അവരെയൊന്നും ആരും വിമര്‍ശിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കാരണം മാഡത്തിനെ വിമര്‍ശിച്ചാല്‍ ആരും വിശ്വസിക്കില്ലന്നു അറിയാമായിരിക്കും. ഒരു കടലാസ്സു പോലും സിഡി ഫയലില്‍ കുറിക്കാത്ത ഞാന്‍ ഒരു പ്രതിയെ പോലെ ചിലരുടെ മുന്‍പില്‍ നില്‍ക്കുന്നു. ഒരു സീനിയര്‍ ഉദ്യോഗസ്ഥന്റെ കടമ ചെയ്തു സ്ഥലത്തു സമാധാനം നിലനിര്‍ത്താന്‍ സഹായിച്ച ഞാന്‍ കണ്ണിലെ കരടായി മാറിയത് ഹബീബ് എന്ന പേരും ചിലരുടെ വ്യക്തി വിരോധം മാത്രമല്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് ആവുമോ?

ഒന്ന് മാത്രമേ എനിക്ക് പറയാനുള്ളു, എന്നെയും എന്റെ കുടുംബത്തെയും വെറുതെ വിടുക. വിമര്‍ശിച്ചോളൂ.. തകര്‍ക്കരുത്. സമാധാനം മാത്രം ആഗ്രഹിക്കുന്ന ഒരു കുടുംബത്തെ കലുഷിതമാക്കരുത് പ്ലീസ്.
(കമെന്റുകള്‍ മാന്യമായി പോസ്റ്റു ചെയ്യുമെന്ന് പ്രത്യാശയോടെ )(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, CBI, C.M Abdulla Maulavi, Rtd. S P Habeeb Rahman on Khazi case
  < !- START disable copy paste -->