city-gold-ad-for-blogger

തിരുവനന്തപുരം പാറശ്ശാല - കാസര്‍കോട് മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്

കാസര്‍കോട്:  (www.kasargodvartha.com 01.10.2018) തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മുതല്‍ കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവ് വരെയുള്ള മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. രണ്ടു ഘട്ടങ്ങളിലായാണ് പാറശ്ശാല മണ്ഡലത്തിലെ മലയോര ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാറശ്ശാല മുതല്‍ കുടപ്പനമൂട് വരെയുള്ള പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാറശ്ശാലയില്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
തിരുവനന്തപുരം പാറശ്ശാല - കാസര്‍കോട് മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്

കാസര്‍കോട് ജില്ലയില്‍ 131 കിലോ മീറ്റര്‍ നീളത്തിലാണ് മലയോര ഹൈവെ കടന്നുപോകുന്നത്. നന്ദാരപ്പടവില്‍ നിന്ന് തുടങ്ങി പുത്തിഗെ, പെര്‍ള, ബദിയടുക്ക, മുള്ളേരിയ, പാണ്ടി, പടുപ്പ്, ബന്തടുക്ക, എരിഞ്ഞിലംകോട്, കോളിച്ചാല്‍, പതിനെട്ടാംമൈല്‍, വള്ളിക്കടവ്, ചിറ്റാരിക്കല്‍ വഴി കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ ചേരും. കേരളത്തിലെ ഏറ്റവും നീളമേറിയ സംസ്ഥാന പാതയാണ് ഇത്. സംസ്ഥാന പാത 59 എന്നും അറിയപ്പെടുന്നു.

പാറശ്ശാല മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 105 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ മലയോര പ്രദേശങ്ങളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും കാര്‍ഷികവിപണി മെച്ചപ്പെടുത്തുന്നതിനുമായി മലയോരങ്ങളെ റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ഈ പദ്ധതി പാറശാല മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റും എന്ന കാര്യത്തില്‍ സംശയമില്ല. ചരക്കു ഗതാഗതത്തിനും കാര്‍ഷിക വിപണിക്കും വമ്പിച്ച നേട്ടമുണ്ടാക്കാനും മലയോര, തീരദേശ, നാഷണല്‍ ഹൈവേകളുടെ സംഗമഭൂമിയായി പാറശാലയെ മാറ്റാനും ഈ സ്വപ്നപദ്ധതിക്ക് സാധിക്കുമെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

സംസ്ഥാനത്തെ 13 ജില്ലകളില്‍ കൂടി 12 മീറ്റര്‍ വീതിയില്‍ 1251 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് മലയോര ഹൈവേ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഏഴു ജില്ലകളിലാണ് 12 മീറ്റര്‍ വീതിയില്‍ റോഡ്  നിര്‍മാണത്തിനായി ഇപ്പോള്‍ സ്ഥലം ലഭ്യമായിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലായി 493 കിലോമീറ്റര്‍ നീളത്തില്‍ മലയോര ഹൈവേ നിര്‍മിക്കുന്നതിന് 1426 കോടി രൂപയ്ക്കുള്ള അനുമതി അംഗീകാരം കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പാറശ്ശാല, കാരക്കോണം, കുടപ്പനമൂട് വരെയുള്ള ഒന്നാം ഘട്ടത്തിന് 54 കോടി രൂപയും കുടപ്പനമൂട്, കുട്ടപ്പൂ, അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, പരുത്തിപ്പള്ളി വരെയുള്ള രണ്ടാം ഘട്ടത്തിന് 51 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഒന്നാം ഘട്ടത്തിനയുള്ള സ്ഥലമേറ്റെടുപ്പ് 80 ശതമാനത്തോളം പൂര്‍ത്തിയായി. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ 7.5 മീറ്റര്‍ വീതിയില്‍ റബറൈസ്ഡ് ടാറിംഗ്, ഇരുവശത്തും നടപ്പാത, ജലനിര്‍ഗമന സംവിധാനങ്ങള്‍, ട്രാഫിക്ക് സുരക്ഷാ സംവിധാനങ്ങള്‍, ബസ്സ് ബേകള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, യുട്ടിലിറ്റി ഡക്ടുകള്‍, ജംഗ്ഷനുകളുടെ നവീകരണം, പാറശാല റെയില്‍വേ മേല്‍പ്പാലം, കള്ളിക്കാട് പാലം എന്നിവയുടെ പുനര്‍നവീകരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തു മാസം കൊണ്ട് ഈ റീച്ചിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായാണ് ശ്രമിക്കുന്നതെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.

മലയോര ഹൈവേയുടെ പാറശാല മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രവൃത്തിയായ കുടപ്പനമൂട്, അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, പരുത്തിപ്പള്ളി ഉള്‍പ്പെടെ ഏഴ് പ്രവൃത്തികളുടെ ടെണ്ടറിനായുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സലൂജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്, വൈസ് പ്രസിഡന്റ് ആര്‍ സുകുമാരി, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ എച്ച് എസ്, ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ബെന്‍ ഡാര്‍വിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍ മഞ്ജുസ്മിത, പാലിയോട് ശ്രീകണ്ഠന്‍, പാറശ്ശാല ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍, പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ പ്രേം, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, പാറശ്ശാല ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍ ബിജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Thiruvananthapuram, Kerala, News, Road, Parashala-Kasargod hill highway working started 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia