Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസി കേസ്: സി ബി ഐ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍

ഖാസിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി ബി ഐ സമര്‍പിച്ച മൂന്നാമത്തെ റിപോര്‍ട്ടും വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് തറപ്പിച്ചു പറഞ്ഞ് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി Kasaragod, Kerala, Article, C.M Abdulla Maulavi, Death, CBI, Investigation, Top-Headlines, Siddeeque Nadwi Cheroor, Article: Facts about Khazi case
സിദ്ദീഖ് നദ് വി ചേരൂര്‍

(www.kasargodvartha.com 01.10.2018) ഖാസിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി ബി ഐ സമര്‍പിച്ച മൂന്നാമത്തെ റിപോര്‍ട്ടും വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് തറപ്പിച്ചു പറഞ്ഞ് ഖാസിയുടെ കുടുംബാംഗമായ സിദ്ദീഖ് നദ് വി ചേരൂര്‍ സുപ്രഭാതം ദിനപത്രത്തില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. പുതിയ അന്വേഷണ റിപോര്‍ട്ടും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് അദ്ദേഹം പറയുന്നു. വിശ്വാസ പ്രമാണങ്ങള്‍ മുറുകെ പിടിക്കുന്ന ഖാസി സി എം അബ്ദുല്ല മൗലവിയെ പോലുള്ള ഒരു മഹത് വ്യക്തി ഒരിക്കലും സി ബി ഐ പറഞ്ഞതു പോലുള്ള രീതിയില്‍ മരണം പുല്‍കുകയില്ല. അസുഖം അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ടാകാം. എന്നാല്‍ ഇതിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കാന്‍ മഹാപണ്ഡിതനായ ഒരാള്‍ ശ്രമിക്കുമെന്ന് സി ബി ഐക്കല്ലാതെ മറ്റൊരാള്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേസിന്റെ യഥാര്‍ത്ഥ വസ്തുതകളും സാധ്യതകളും വിവരിച്ചു കൊണ്ട് ഖാസി ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്മാന് കൂടിയായ സിദ്ദീഖ് നദ് വി ചേരൂര്‍ എഴുതിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

ഖാസി കേസില്‍ സിബിഐ ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്നു.

ഒടുവില്‍ ശങ്കിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു. സി ബി ഐ വീണ്ടും സി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പിന്നില്‍ കൊലപാതകമല്ലത്രെ. ആത്മഹത്യാ പ്രേരണയും ഇല്ല. പിന്നെയോ? വയോവൃദ്ധനായ ആ സാത്വിക മുസ്ലിം പണ്ഡിതന്‍ സ്വന്തം ഇഷ്ടത്താലെ കടലില്‍ ചാടി ആത്മഹത്യ ചെയ്തതാണ്!

എന്തിന്? അതവര്‍ക്കറിയില്ല. ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ എന്തെങ്കിലും തെളിവ് അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ? ഇല്ല. ഒരു തെളിവും ഹാജറാക്കാന്‍ കഴിഞ്ഞ രണ്ട് അന്വേഷ്ണ സംഘത്തിനും കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ ആത്മഹത്യ ചെയ്തുവെന്ന് പറയും? അത് അദ്ദേഹത്തിന് കലശലായ മുട്ടുവേദനയെ തുടര്‍ന്നു വിഷാദ രോഗം പിടികൂടിയിരുന്നുവത്രെ!
മുട്ടുവേദനയുണ്ടായിരുന്നുവെന്നത് ശരി. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ആര്‍ക്കും ഉണ്ടാകാവുന്ന വേദന. അതിന്റെ പേരില്‍ നിസ്‌കരിക്കുമ്പോള്‍ ഇരിക്കേണ്ടി വന്നിരുന്നുവെന്ന തൊഴിച്ചാല്‍, നടക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടിരുന്നുവെന്നത് മാറ്റി വെച്ചാല്‍ എന്തെങ്കിലും നീരസമോ വല്ലായ്മയോ അദ്ദേഹം പ്രകടിപ്പിച്ചതായി അദ്ദേഹവുമായി മരണത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇടപഴകിയ ആരും പറയുന്നില്ല. പിന്നെ ഈ കലശലായ വിഷാദ രോഗവിവരം അവര്‍ക്ക് എവിടന്ന് കിട്ടി? അത് കൊലപാതകമാണെന്നതിന് തെളിവ് കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് അവര്‍ ഊഹിച്ചെടുത്തു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് പറഞ്ഞത് പോലെ കൊലയാളികളെ കണ്ടെത്താനായില്ലെങ്കില്‍ പിന്നെ സംഭവം ആത്മഹത്യ തന്നെ! എത്ര ലാഘവബുദ്ധിയോടെയാണിവര്‍ വിഷയത്തെ കാണുന്നത്!മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ഗുരുതരമായ കരള്‍രോഗം ബാധിച്ചിരുന്നു. അതിന്റെ പേരില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയും ശസ്ത്രക്രിയയും നടന്നിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മറ്റൊരു മേജര്‍ ഓപ്പറേഷന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിരുന്നു. പക്ഷെ, അത് വിജയകരമാകാനുള്ള സാധ്യത വിരളമായിരുന്നു. അത് കൊണ്ട് ഓപ്പറേഷന്‍ വേണ്ടെന്ന് അദ്ദേഹം തന്നെ തീരുമാനിക്കുകയായിരുന്നു. മക്കള്‍ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല.

എന്നാല്‍ അതിന് ശേഷമുള്ള കാലത്തും അദ്ദേഹം കര്‍മനിരതനും എല്ലാ മേഖലകളിലും പതിവ് പോലെ സജീവവുമായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസി എന്ന നിലയിലും സമസ്തയുടെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിലും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് എന്ന നിലയ്ക്കുമൊക്കെയുള്ള ഉത്തരവാദിത്തങ്ങളില്‍ യാതൊരു വീഴ്ചയുമുണ്ടായില്ല. ഒരു കര്‍മവേദിയില്‍ നിന്നും ആ മഹാന്‍ ഒഴിഞ്ഞു നിന്നില്ല. മാത്രമല്ല; 'മംഗലാപുരം ഖാസിമാര്‍, ബുര്‍ദ പരിഭാഷ, എന്റെ കഥ; വിദ്യാഭ്യാസത്തിന്റേയും എന്നീ മൂന്ന് പുസ്തകങ്ങള്‍ രോഗം പിടിപെട്ട ശേഷം മരണത്തിന് ഇടയിലുള്ള ഏതാനും മാസങ്ങളില്‍ എഴുതിത്തീര്‍ത്തതാണ്.

മരണത്തിന്റെ തലേ ദിവസം വൈകുന്നേരം റബീഉല്‍ അവ്വല്‍ മാസപ്പിറവിക്ക് സാധ്യതയുള്ള സന്ധ്യയായിരുന്നു. അതിനാല്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കാന്‍ താന്‍ പ്രസിഡണ്ടായ മഹല്ലിന്റെ സെക്രട്ടറിയെ വിളിച്ചു ഏര്‍പ്പാട് ചെയ്തത് ആ സെക്രട്ടറി ഇപ്പോഴും ഓര്‍ക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം വരുന്ന റബീഉല്‍ അവ്വല്‍ ആഘോഷ പരിപാടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. നടപടികള്‍ സ്വീകരിക്കുന്നു. മരിക്കുന്നതിന് ഒന്ന് രണ്ട് മാസം മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ച ഈ ലേഖകനുമായി പല പൊതു വിഷയങ്ങളും സംസാരിക്കുന്നു. അസുഖം ഒരു വിഷയമായി എടുക്കാത്ത വിധമായിരുന്നു, ആ സംസാരവും ചിന്തകളും. അദ്ദേഹവുമായി ഇടപഴകിയ എല്ലാവരും ഏകസ്വരത്തില്‍ സാക്ഷ്യപ്പെടുത്താന്‍ ഇടയുള്ളതാണിക്കാര്യം. ഇതൊന്നും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യക്കെതിരായ തെളിവാകുന്നില്ല. ഒന്നാമത്തെ സി ബി ഐ റിപ്പോര്‍ട്ടു തള്ളിക്കൊണ്ടു 2016ല്‍ എറണാകുളം സിജെഎം കോടതി ജഡ്ജി ഈ വിഷയം പ്രത്യേകം മന:ശാസ്ത്ര അപഗ്രഥനം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണ വേളയില്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടില്ലെന്നാണ് ബന്ധുക്കളും മറ്റും സാക്ഷ്യപ്പെടുത്തുന്നത്.

മറ്റൊന്ന് ആത്മഹത്യക്കെതിരിലുള്ള പൊതുനിലപാടാണ്. ലോകതലത്തില്‍ തന്നെ ആത്മഹത്യാ നിരക്ക് ഏറ്റവും കുറഞ്ഞ വിഭാഗമാണ് മുസ്ലിംകള്‍. അവരില്‍ തന്നെ പണ്ഡിതരില്‍ നിന്ന് ഇത്തരമൊരു നീക്കം അത്യപൂര്‍വമാണ്. ഖാസിയാണെങ്കില്‍ സാധാരണ പണ്ഡിതനും അല്ല. നൂറു കണക്കിന് ശിഷ്യര്‍ക്ക് ഉന്നത ജീവിത മൂല്യങ്ങളുടെ മഹിത മാതൃകയായി ജീവിച്ച മഹാന്‍. നൂറില്‍പ്പരം മഹല്ലുകളിലെ ഖാസിയെന്ന നിലയില്‍ അവിടത്തുകാരുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് മതപരവും പ്രായോഗികവുമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ചു കൊണ്ട് അവരുടെയെല്ലാം അത്താണിയായി പതിറ്റാണ്ടുകള്‍ ജീവിച്ച ഖാസി .

ഇനി ഇതൊക്കെയായാലും അദ്ദേഹം അങ്ങനെ ചെയ്തു എന്നാണ് സിബിഐ ഭാഷ്യമെങ്കില്‍ എന്തിന്? യുക്തവും സ്വീകാര്യവുമായ കാരണങ്ങള്‍ നിരത്താനെങ്കിലും അവര്‍ തയ്യാറാകണം. കൊച്ചു കുട്ടികള്‍ പോലും വിശ്വസിക്കാത്ത വിഷാദ രോഗം പോലുള്ള കല്‍പ്പിത കഥകള്‍ ഒരു കാരണമാക്കി അവതരിപ്പിച്ചാല്‍ അന്വേഷണ സംഘത്തിന്റെ ഉള്ള വിശ്വാസ്യതയും ചോര്‍ന്നു പോകുമെന്നല്ലാതെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അത് മതിയാവില്ല.

ഒപ്പം 'എന്റെ കഥ; വിദ്യാഭ്യാസത്തിന്റേയും' എന്ന പുസ്തകത്തില്‍ അദ്ദേഹം മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രം എഴുതിയ വരികള്‍ മാത്രം മതി തന്റെ മനസിന്റെ വിശുദ്ധിയും നിലപാടിന്റെ ഔന്നത്യവും മനസിലാക്കാന്‍. പ്രസ്തുത പുസ്തകം പേജ് 36 ല്‍
ആറാം അധ്യായം അവസാനിപ്പിക്കുന്നതിങ്ങനെയാണ്:

'മറ്റൊരു കാര്യം ഇത്രത്തോളം ആയെങ്കിലും എന്റെ വ്യക്തിപരവും കുടുംബ പരവുമായ ഉത്തരവാദിത്തങ്ങള്‍ (ഉദാ: വീട് നിര്‍മിക്കല്‍, കുട്ടികളെ പരിപാലിക്കല്‍, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കല്‍, അവരെ വിവാഹം കഴിച്ചു കൊടുക്കല്‍ തുടങ്ങിയവയെല്ലാം) മുറപോലെ നടത്തിയിട്ടുമുണ്ട്. അതിന് വേണ്ടി അന്യസഹായം തേടുകയോ ആരെയെങ്കിലും സമീപിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നത് എന്റെ മനസില്‍ എപ്പോഴും ആശ്വാസത്തിന്റെ കുളിര്‍മ നല്‍കുമായിരുന്നു. അത്തരം ഉത്തരവാദിത്തങ്ങളെല്ലാം തീരുകയും എല്ലാ കുട്ടികളെയും വിവാഹം കഴിച്ചു കൊടുത്തു കഴിഞ്ഞുവെന്നുള്ളതും അതിലേറെ ആശ്വാസമായി. ഇനിയിപ്പോള്‍ വിദ്യാഭ്യാസ രംഗത്തും 'ഖളാഇ' ന്റെ കാര്യത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിലനില്‍ക്കുന്ന സ്ഥിതിയില്‍ തന്നെ അല്ലാഹു വിന്റെ 'വിളി'യും കാത്തു നില്‍പ്പാണ്. അവന്റെ പൊരുത്തത്തിലേക്ക് തിരിച്ചു പോകുവാന്‍ അവന്‍ തൗഫീഖ് നല്‍കട്ടെ'

എത്ര കൃത്യവും അര്‍ഥപൂര്‍ണവുമായ കാഴ്ചപ്പാട് ! സാധാരണ പണ്ഡിതര്‍ക്കിടയില്‍ വലിയ അനൗചിത്യം കാണാത്ത പരസഹായം സ്വീകരിക്കല്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ആത്മാഭിമാനത്തിന്റെ ഉദാത്ത ഭാവങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരപൂര്‍വവ്യക്തിത്വം, മരണത്തെ സ്രഷ്ടാവിന്റെ സവിധത്തിലേക്കുള്ള തിരിച്ചു പോക്കായി മാത്രം കാണുന്ന ഒരു സാത്വികന്‍, അത് അവന്റെ പൊരുത്തത്തിലേക്കായിരിക്കണമെന്ന് ജീവിതം കൊണ്ടും അക്ഷരം കൊണ്ടും സംശയാതീതമായി കുറിച്ചിട്ട ആ ആദര്‍ശ ധീരന്‍, ജീവിതത്തെപ്പറ്റി ഒരു കാഴ്ചപ്പാടുമില്ലാത്ത ഭീരുക്കള്‍ നടത്തുന്ന എടുത്തു ചാട്ടം മാത്രമായ ആത്മഹത്യയില്‍ ചുമ്മാ അഭയം പ്രാപിച്ചുവെന്ന് കുറിച്ചിട്ട് റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ അത് വിശ്വസിച്ച് അടങ്ങിയിരിക്കാന്‍ ഉസ്താദിനെ നേരില്‍ ബോധ്യപ്പെട്ട പതിനായിരങ്ങളുടെ തലച്ചോറുകള്‍ സിബിഐ ഓഫീസില്‍ പണയം വച്ചിട്ടില്ല.

ഇവിടെ പോരാട്ടം അവസാനിക്കുന്നില്ല. പ്രക്ഷോഭകര്‍ അടങ്ങിയിരിക്കാന്‍ പോകുന്നില്ല. സമസ്തയുടെ സമുന്നത നേതാവായിരുന്ന ഒരപൂര്‍വവ്യക്തിയിലേക്ക് ചേര്‍ത്തു പിടിച്ചു ആത്മഹത്യക്ക് മാന്യതയും സ്വീകാര്യതയും നേടിക്കൊടുക്കാനുള്ള സിബിഐ ശ്രമം പൊതു സമൂഹം വകവച്ചു കൊടുക്കാന്‍ പോകുന്നില്ല.  ഈ ദുരാരോപണത്തിന്റെ ദുരന്തഫലത്തെ പറ്റി സമസ്ത നേതാക്കളും ബോധവാന്‍മാരാണ്. വരും നാളുകള്‍ അവരുടെ പോരാട്ടങ്ങള്‍ക്ക്  കൂടി കേരളം വേദിയാകേണ്ടി വന്നാല്‍ അന്വേഷണ രംഗത്തെ അനാസ്ഥയും ഉദാസീനതയുമാണ് അവരെ അതിലേക്ക് വലിച്ചിഴച്ചതെന്ന് പൊതുസമൂഹം വിലയിരുത്തുക തന്നെ ചെയ്യും.

കടപ്പാട്: സുപ്രഭാതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Article, C.M Abdulla Maulavi, Death, CBI, Investigation, Top-Headlines, Siddeeque Nadwi Cheroor, Article: Facts about Khazi case
  < !- START disable copy paste -->