Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് പോലീസിനെതിരെ ആഞ്ഞടിച്ച് മുന്‍ എസ് പി; സ്‌കൂളില്‍ നടന്ന ചെറിയ പ്രശ്‌നം പോലീസ് നര നായാട്ടാക്കി മാറ്റിയതായി ആരോപണം, ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യം

കാസര്‍കോട് പോലീസിനെതിരെ ആഞ്ഞടിച്ച് മുന്‍ എസ് പി ഹബീബ് റഹ് മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌പോര്‍ട് ദിനത്തില്‍ Kasaragod, Kerala, news, Top-Headlines, Social-Media, Ex SP against Kasaragod Police
കാസര്‍കോട്: (www.kasargodvartha.com 19.09.2018) കാസര്‍കോട് പോലീസിനെതിരെ ആഞ്ഞടിച്ച് മുന്‍ എസ് പി ഹബീബ് റഹ് മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌പോര്‍ട് ദിനത്തില്‍ നടന്ന ചെറിയ പ്രശ്‌നം പോലീസ് നര നായാട്ടാക്കി മാറ്റിയതായാണ് അദ്ദേഹം ആരോപിക്കുന്നത്. കുട്ടികളാണെന്നുള്ള യാതൊരു പരിഗണനയും അവരോട് കാണിച്ചില്ലെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെ കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് അടിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും കമ്മിറ്റിക്കുമെതിരെയും പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സ്‌കൂള്‍ നടത്താന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാരിനെ ഏല്‍പിക്കണമെന്നു പോലും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ഒരു പോലീസുകാരന്റെ ആത്മഗതം
സംഭവിക്കാന്‍ പാടില്ലാത്ത പോലീസിന്റെ നര നായാട്ടിനെ കുറിച്ചാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. പോലീസ് എങ്ങനെ ആവാതിരിക്കണം എന്ന് ഒന്നുകൂടി നമ്മളെക്കൊണ്ട് പറയപ്പിച്ചിരുക്കുന്ന ഒരു ദാരുണമായ സംഭവമാണ് ഇന്നലെ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നത്. ഇന്നലെ സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ ആയിരുന്നു. കുട്ടികള്‍ വളരെ ആവേശത്തോടെ കാലാ കാലമായി കൊണ്ടാടി കൊണ്ടിരിക്കുന്ന ഒരു കായിക ഉത്സവമാണ് സ്‌പോര്‍ട്‌സ് ഡേ.

ചെമ്മനാടും അതിനു വിരുദ്ധമായിരിക്കാന്‍ സാധ്യതയില്ലല്ലോ. ഇന്നലെ വിജയച്ചിതിന്റെ ആവേശത്തില്‍ കുട്ടികള്‍ പടക്കം പൊട്ടിച്ചിരുന്നു. കാലേ കൂട്ടി പ്രശ്‌നമുണ്ടാവും എന്ന് കണക്കു കൂട്ടി പോലീസും ജാഗരൂകരായിരുന്നു. പടക്കം പൊട്ടിയതോടെ പോലീസ് ക്യാമ്പസില്‍ പ്രവേശിച്ചു. ഒരു കുട്ടിയെ പിടികൂടി. അവന്റെ കയ്യില്‍ പടക്കം ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതില്‍ പ്രകോപിതരായ കുട്ടികള്‍ സ്‌കൂള്‍ ഗേറ്റ് അടച്ചു പോലീസിനെ പ്രതിരോധിച്ചു. തുടര്‍ന്ന് നടന്നത് എന്താണെന്ന് പോലീസിന് പോലും വ്യക്തമായി അറിയാതെ പോയി. അതിക്രൂരമായ നരനായാട്ടാണ് പിന്നെ നടന്നത്. പിഞ്ചു കുഞ്ഞുങ്ങള്‍ പോലും അടി കൊണ്ട് ബോധരഹിതരായി. ഒരു പതിമൂന്നു വയസ്സുകാരന്‍ തലക്കടിയേറ്റ് ഇപ്പോള്‍ തീവ്ര പരിചരണത്തിലാണ് എന്നാണ് അയാളുടെ പിതാവ് എന്നോട് പറഞ്ഞത്.

പോലീസിന് വളരെ തന്മയത്വത്തോടെ പരിഹരിക്കാന്‍ പറ്റുമായിരുന്ന ഒരു ചെറിയ സംഭവത്തെ ഇത്രയും വഷളാക്കിയതിനു ആരെ കുറ്റം പറയും ?. നേതൃപരമായ പരാജയമാണ് ഇന്നലെ ഉണ്ടായത്. പോലീസിനെ നിയന്ത്രിക്കേണ്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പിഞ്ചു കുട്ടികളെ അടിക്കാന്‍ ആവശ്യപ്പെടുന്ന നിഷ്ടൂരമായ കാഴ്ചയാണ് കണ്ടത് എന്നാണ് പലരും പറഞ്ഞത്. പോലീസിന് അവരുടെ ഭാഗം ന്യായീകരിക്കാന്‍ ഒരുപാട് കാരണങ്ങള്‍ കാണും. പക്ഷെ ഇവിടെ പരിക്ക് പറ്റിയവരില്‍ ഭൂരിഭാഗവും പതിമൂന്നും പതിനാലും പതിനഞ്ചും വയസ്സുള്ള കുട്ടികളാണ് എന്ന് എന്റെ പ്രിയപ്പെട്ട പോലീസുകാര്‍ ഒരു നിമിഷത്തേക്ക് മറന്നു പോയി എന്നാണ് മനസ്സിലായത്.

അടികൊണ്ടു ചെളിയില്‍ വീണുപോയ ഒരു പതിമൂന്നുകാരനെ പോലീസിനെ പേടിച്ചു മൂന്നു കിലോമീറ്റര്‍ ചുമന്നു പോലീസ് കാണാത്ത വഴിയിലൂടെ കുട്ടികള്‍ ഒരു സ്ഥലത്ത് എത്തിച്ചു. ശേഷം പിതാവിനെ അറിയിച്ച് ഹോസ്പിറ്റലില്‍ എത്തിക്കുകയാരുന്നു. കുട്ടികളെ പോലീസ് കിലോമീറ്ററുകളോളും പിന്തടര്‍ന്നു അടിക്കുകയായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാനും ഈ ഡിപ്പാര്‍ട്‌മെന്റില്‍ മുപ്പത്തി രണ്ടു കൊല്ലം ചിലവഴിച്ച വ്യക്തി തന്നെ അല്ലേ എന്ന് വായനക്കാര്‍ സന്ദേഹപ്പെടുന്നുണ്ടാകും. (ശരിയാണ് ഞാനും ഒരുപാട് ലാത്തിചാര്‍ജ് ചെയ്തിട്ടുണ്ട്. കോളേജ് ക്യാമ്പസ്സില്‍ കയറി അടിച്ചിട്ടുണ്ട്. അതൊക്ക ശരിയായി പരിശോധിച്ച് പ്രിസിപ്പലിന്റെ അനുമതിക്ക് ശേഷം മിതമായ രീതിയില്‍ കുട്ടികളെ നേരിട്ടിട്ടുണ്ട്. പക്ഷെ ഒരിക്കലും പിഞ്ചു കുട്ടികളെ തല്ലിയിട്ടില്ലെന്നു നെഞ്ചത്ത് കൈവെച്ചു പറയാന്‍പറ്റും).

ഇവിടെ നടന്നത് പോലീസിന് പോലും ന്യായീകരണം നിരത്താന്‍ പറ്റാത്ത കാര്യങ്ങളാണ്. ഇത് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വേണ്ട നടപടികള്‍ അടിയന്തരമായി എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. സ്‌കൂള്‍ അധികൃതര്‍ ചെയ്തതും അക്ഷന്ത്യമായ തെറ്റാണു. എല്ലാ കാര്യത്തിനും പോലീസിനെ ക്യാമ്പസിലേക്ക് വിളിച്ചു വരുത്തുന്നത് ഒരു സ്‌കൂളിനും ഭൂഷണമല്ല. സ്‌കൂള്‍ നടത്താന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചു മിണ്ടാതെ നില്‍ക്കുക. ഇല്ലെങ്കില്‍ തളങ്കര മുസ്ലിം സ്‌കൂള്‍ നടത്തിപ്പുകാരെ കണ്ട് സ്‌കൂള്‍ എങ്ങിനെ നടത്തണമെന്ന് ജമാഅത്ത് സ്‌കൂള്‍ അധികൃതര്‍ കണ്ട് മനസിലാക്കുക. ആണും പെണ്ണും കെട്ട കളി ഇനിയെങ്കിലും നിര്‍ത്തുക. ഒരു കാലത്തു മലബാറിന്റെ സാംസ്‌കാരിക കേന്ദ്രവും കായികവും വിദ്യാഭ്യാസപരമായും ഉന്നതിയില്‍ നിന്നിരുന്ന ഒരു സ്ഥലമായിരുന്നു ചെമ്മനാട്. ഒരുപാട് സ്വപ്നമാണ് ഇവിടെ തകര്‍ന്നു കൊണ്ടിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Ex SP against Kasaragod Police
  < !- START disable copy paste -->