Join Whatsapp Group. Join now!
Aster MIMS 10/10/2023

ടോസിടാന്‍ പോലും പ്രസിഡണ്ട് ഒരു രൂപ പോലും തന്നിട്ടുണ്ടാകില്ല; ഇത്തരക്കാരെ കാണുമ്പോഴാണ് പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത്; ഡി.സി.സി. പ്രസിഡണ്ടിനെതിരെ കെ.എസ്.യു. ജില്ലാ പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

ടോസിടാന്‍ പോലും പ്രസിഡണ്ട് ഒരു രൂപ പോലും തന്നിട്ടുണ്ടാകില്ല, ഇത്തരക്കാരെ കാണുമ്പോഴാണ് പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത് എന്ന് തുടങ്ങുന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റുമായിKasaragod, Kerala, news, DCC, president, KSU, Top-Headlines, Political party, Politics, Trending, KSU District president's FB post against DCC President; Controversy
കാസര്‍കോട്: (www.kasargodvartha.com 19.05.2018) ടോസിടാന്‍ പോലും പ്രസിഡണ്ട് ഒരു രൂപ പോലും തന്നിട്ടുണ്ടാകില്ല, ഇത്തരക്കാരെ കാണുമ്പോഴാണ് പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത് എന്ന് തുടങ്ങുന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് രംഗത്ത് വന്നത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും വന്‍ വിവാദത്തിന് തിരികൊളുത്തി. കാസര്‍കോട് ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിലിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫിന്റ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

ഹക്കീം കുന്നിലിന്റെ പേര് പറയാതെയാണ് നോയല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം തൊടുത്ത് വിട്ടത്. രണ്ട് പേരും എ ഗ്രൂപ്പ് നേതാക്കളാണെങ്കിലും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയായിരുന്നു. കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. കോളേജില്‍ കൊടിനാട്ടിയതിന് ക്രൂര മര്‍ദനം ഏറ്റ് ആശുപത്രിയില്‍ കിടന്ന ഞങ്ങളെ നോക്കി പല്ലിളിച്ച് നിനക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ച ഡി.സി.സി. മുതലാളിയുടെ തരം താണ രാഷ്ട്രീയം എനിക്ക് വശമില്ല, രാജപുരം കോളേജില്‍ സമരം നടത്തിയതിന് പരാതിയുമായി സമീപിച്ച മാനേജ്മെന്റിനുവേണ്ടി എനിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് രാഷ്ട്രീയം കളിക്കുന്നത് എനിക്ക് വശമില്ല, കുത്തിത്തിരുപ്പ് രാഷ്ട്രീയം നടത്തി കോണ്‍ഗ്രസ് ഭരിച്ച സഹകരണ ബാങ്ക് ഭരണം നഷ്ടമാക്കിയ രാഷ്ട്രീയം എനിക്ക് വശമില്ല തുടങ്ങിയ കടുത്ത പ്രയോഗങ്ങളാണ് പോസ്റ്റിലുള്ളത്.

ഡി.സി.സി. പ്രസിഡന്റ് കാശ് തരണമെന്ന് പറയുന്നില്ല, പക്ഷെ തരാമെന്നേറ്റ് സമയമാകുമ്പോള്‍ കബളിപ്പിക്കരുത്. പിന്നെ അധ്വാനിച്ച് ഞാന്‍ നടത്തിയ പരിപാടിയുടെ മേല്‍ അവകാശമുന്നയിക്കുന്ന അപ്പന്‍ ചമയല്‍ രാഷ്ട്രീയം നല്ലതല്ല തുടങ്ങിയ വാചകങ്ങളും നോയല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് നോയല്‍ രണ്ടര മണിക്കൂറിനകം പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഹക്കീം ഉള്‍പ്പെടെയുള്ള നേതാക്കളിലേക്ക് ഇതിനകം പോസ്റ്റ് എത്തിയിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ വിവരം അറിഞ്ഞ് ഡി.സി.സി. പ്രസിഡണ്ടുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇടുക്കിയില്‍ കെ.എസ്.യു. ജില്ലാ നേതൃത്വത്തിന്റെ പരിപാടിയില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ ഡി.സി.സി. ഭാരവാഹികള്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സഹകരണം തന്നെ അമ്പരപ്പിച്ചുവെന്നും നോയല്‍ പറയുന്നു. ഇക്കാര്യം താന്‍ ഫേസ്ബുക്കിലിട്ടപ്പോള്‍ ചിലര്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. അതിന് മറുപടി കൊടുക്കുകയാണ് താന്‍ ചെയ്തതെന്നും അത് കടന്നു പോയെന്ന് തോന്നിയപ്പോള്‍ പിന്‍വലിക്കുകയായിരുന്നുവെന്നും നോയല്‍ പറഞ്ഞു. മുന്‍ ഡി.സി.സി പ്രസിഡണ്ട് റോയ് കെ. പൗലോസിനെ പോലുള്ളവരുടെ പ്രവര്‍ത്തനം കാണുമ്പോഴാണ് ഇപ്പോഴത്തെ ഡി.സി.സി. മുതലാളിമാരെ പോലുള്ളവരെ കിണറ്റിലിടാന്‍ തോന്നുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

കാസര്‍കോട് ഡി.സി.സി. പ്രസിഡണ്ടിന്റെ പിന്തുണ കെ.എസ്.യുവിന് കിട്ടുന്നില്ലേയെന്ന ഒരാളുടെ ചോദ്യത്തിന് ഇല്ലെന്ന് നോയല്‍വ്യക്തമായി തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ തുരുമ്പിച്ച് കഴിഞ്ഞ കെ.എസ്.യുവിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും നിരവധി പ്രവത്തനങ്ങള്‍ നടത്തിയതിന്റെ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ട് നോയല്‍ പറയുന്നു. നിരവധി കോളേജുകളില്‍ യൂണിയന്‍ ഭരണം ലഭിച്ചു. യൂണിറ്റ് ഇല്ലാതിരുന്ന പല കോളേജുകളിലും യൂണിറ്റ് ഉണ്ടാക്കി പ്രവര്‍ത്തനം ശക്തമാക്കിയെന്നും കെ.എസ്.യു. ഇനിയും വളരുമെന്നും അതിന് ഡി.സി.സി.യില്‍ നിന്നുമാണ് പിന്തുണ ഉണ്ടാകേണ്ടതെന്നും നോയല്‍ വിവരിക്കുന്നു.

അതേസമയം പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതായും ഇതിനോട് പ്രതികരിക്കാനില്ലെന്നും ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, DCC, president, KSU, Top-Headlines, Political party, Politics, Trending, KSU District president's FB post against DCC President; Controversy< !- START disable copy paste -->