Join Whatsapp Group. Join now!
Aster MIMS 10/10/2023

രക്തം ആവശ്യപ്പെട്ട് വ്യാജസന്ദേശം; മൂന്ന് യുവാക്കള്‍ പോലീസില്‍ കുടുങ്ങി, ഒടുവില്‍ പോലീസിന്റെ താക്കീത്

വ്യാജ ഫോണ്‍ സന്ദേശമയച്ച് ബ്ലഡ് ഡോണേര്‍സ് കേരള കോര്‍ഡിനേറ്റര്‍മാരെ മണിക്കൂറുകളോളം കബളിപ്പിച്ച മൂന്ന് യുവാക്കളെ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്ത് കുമാര്‍ താക്കീത് Kasaragod, Kerala, News, Blood Donation, Kannur, Police, Fake Post, 3 Youth, Arrested, Fake call with need of blood; police warn 3
കാസര്‍കോട്: (www.kasargodvartha.com 04.05.2018) വ്യാജ ഫോണ്‍ സന്ദേശമയച്ച് ബ്ലഡ് ഡോണേര്‍സ് കേരള കോര്‍ഡിനേറ്റര്‍മാരെ മണിക്കൂറുകളോളം കബളിപ്പിച്ച മൂന്ന് യുവാക്കളെ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്ത് കുമാര്‍ താക്കീത് നല്‍കി വിട്ടയച്ചു. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ദിനേശ് ബാബു, കമ്പില്‍ സ്വദേശി സഫീര്‍, നടുവില്‍ സ്വദേശി ജുനൈദ് എന്നിവരെയാണ് താക്കീത് ചെയ്ത് വിട്ടയച്ചത്.
Kasaragod, Kerala, News, Blood Donation, Kannur, Police, Fake Post, 3 Youth, Arrested, Fake call with need of blood; police warn 3

സംഭവം നടന്നത് ഇങ്ങനെ. മെയ് ഒന്നിന് രാത്രി 9:30നാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സംസ്ഥാന ജോ. സെക്രട്ടറിയും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ സനലിന്റെ മൊബൈലിലേക്ക് ഫോണ്‍ സന്ദേശം വന്നത്. അര്‍ജുന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പറഞ്ഞത് ഇങ്ങനെ, താനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മാവുങ്കാലില്‍ വെച്ച് അപകടത്തില്‍പെട്ടു, സുധീഷ് എന്ന തന്റെ സുഹൃത്തിനു കുറച്ചു സീരിയസ് ആണ്, കാഞ്ഞങ്ങാട് ദീപ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നില വളരെ ഗുരുതരമാണ്. അടിയന്തിരമായി മൂന്ന് യൂണിറ്റ് എബി നെഗറ്റീവ് രക്തം വേണമെന്ന് അറിയിച്ചു.
ബ്ലഡ് ബാങ്കില്‍ അപേക്ഷ കൊടുത്തോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് കാലിനു പരിക്ക് പറ്റി നടക്കാന്‍ വയ്യ, ചെറുപുഴയാണ് വീട് എന്നും ഇവിടെ സഹായത്തിനു ആരുമില്ല എങ്ങനെയെങ്കിലും സഹായിക്കണം എന്നു കൂടെ പറഞ്ഞു. സനല്‍ അപ്പോള്‍ തന്നെ ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ മറ്റു പ്രവത്തകരെ വിവരം അറിയിക്കുകയും ദാതാക്കളെ കണ്ടെത്താനും കാഞ്ഞങ്ങാട്ടേക്ക് എത്തിക്കാനും നിര്‍ദേശം നല്‍കിയ ശേഷം മടക്കരയില്‍ ഉള്ള ബ്ലഡ് ഡോണേഴ്‌സ് ജില്ലാ കമ്മിറ്റി അംഗം ആകാശിനെയും കൂട്ടി കാഞ്ഞങ്ങാടേക്ക് ബൈക്കില്‍ പുറപ്പെട്ടു. പടന്നക്കാട് എത്തിയപ്പോള്‍ ഫോണ്‍ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു. അപ്പോള്‍ കിട്ടിയ മറുപടി, ആള്‍ക്ക് സീരിയസ് ആണ് മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നുവെന്നും കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ടുവെന്നുമാണ്. പക്ഷെ മറുപടിയില്‍ സംശയം തോന്നിയത് കൊണ്ട് സനലും ആകാശും നേരെ ദീപ ആശുപത്രിയില്‍ ചെന്ന് കാര്യങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ് മനസ്സിലാകുന്നത് ബൈക്ക് അപകടത്തില്‍പെട്ട ആരെയും അവിടെ കൊണ്ടുവന്നിട്ടില്ലെന്ന് അറിഞ്ഞത്.

കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയില്‍ എത്തി അവിടെയും അന്വേഷിച്ചു. അവിടെയും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. അതിനു ശേഷം കാഞ്ഞങ്ങാട്ടുള്ള മുഴുവന്‍ ആശുപത്രിയിലും അന്വേഷിച്ചു. എല്ലായിടത്തു നിന്നും ഒരേ മറുപടി. അപ്പോഴാണ് അതൊരു വ്യാജ സന്ദേശം ആയിരുന്നു എന്ന് മനസിലാകുന്നത്. ഫോണ്‍ വന്ന നമ്പറിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അത് പരിധിക്കു പുറത്തായി. ഈ സമയമത്രയും ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ അംഗങ്ങള്‍ എ.ബി നെഗറ്റീവ് ദാതാക്കളെ കാഞ്ഞങ്ങാട്ടേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ഹരി കൃഷ്ണന്‍ എന്ന ദാതാവ് അപ്പോഴേക്കും അവിടെ എത്തി രക്തം ദാനം ചെയ്തിരുന്നു. ഒരാള്‍ ബ്ലഡ് ബാങ്കില്‍ എത്തുകയും ചെയ്തിരുന്നു. പാലക്കുന്നുള്ള ഒരു ദാതാവിനെയും കൊണ്ട് ബ്ലഡ് ഡോണേഴ്‌സ് പ്രവര്‍ത്തകന്‍ ബൈക്കില്‍ പുറപ്പെടുകയും ചെയ്തു. സന്ദേശം വ്യാജമാണെന്ന് മനസ്സിലായപ്പോഴേക്കും ഏകദേശം 11 മണി കഴിഞ്ഞിരുന്നു.

ഇതിനിടയില്‍ സനലിന്റെ ഫോണിലേക്ക് 11 മണിക്ക്, തളിപ്പറമ്പ് കുറ്റിക്കോലിലുള്ള ദിനേശ് ബാബു എന്നയാളുടെ ഒരു ഭീഷണി സന്ദേശം വന്നു. അപ്പോള്‍ വ്യാജ ഫോണ്‍ കോള്‍ വന്നത് ഏതു വഴിക്കാണെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലഡ് ഡോണേഴ്‌സ് അംഗങ്ങള്‍ വ്യാജ സന്ദേശത്തിന്റെ ഉറവിടം തേടി ഇറങ്ങി. ജുനൈദ് എന്ന ചെറുപ്പക്കാരന്‍ ആണ് ഫോണ്‍ വിളിച്ചത് എന്നും, ദിനേശ് ബാബു, സഫീര്‍ എന്നിവരും ഇതിന്റെ പിറകില്‍ ഉണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇവര്‍ മൂന്നു പേരും ഈ അടുത്ത കാലത്ത് രൂപീകരിച്ച രക്തദാന സംഘടനയിലെ അംഗങ്ങളാണ്.

മെയ് രണ്ടിന് രാവിലെ കാര്യങ്ങള്‍ വിശദീകരിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും മെയ് മൂന്നിന് മുഴുവന്‍ ആള്‍ക്കാരോടും സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷനില്‍ ഹാജരായ ജുനൈദ് കുറ്റം സമ്മതിക്കുകയും അറിയാതെ പറ്റിപോയതാണെന്നും, ഷഫീര്‍ പറഞ്ഞ കളവു വിശ്വസിച്ചു ചെയ്തു പോയതാണെന്നും പറഞ്ഞു. ജുനൈദ്, ഷഫീര്‍, ദിനേശ് ബാബു എന്നിവരെ സ്റ്റേഷനില്‍ വെച്ച് താക്കീതു ചെയ്തു വിട്ടയച്ചു. പയ്യന്നൂരിലുള്ള അര്‍ജുന്‍ എന്ന ചെറുപ്പക്കാരനും ജുനൈദും കൂടെയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത് എന്നും മനസ്സിലായി. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രശ്‌നം ഉണ്ടാക്കിയതിന് ദിനേശ് ബാബു എന്നയാളെ പുറത്താക്കുകയും അതിന്റെ പേരില്‍ ഷഫീര്‍ സനലിനെ വിളിച്ചു ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചു പറഞ്ഞത് ഷഫീറിനു ഇഷ്ട്ടപ്പെടാത്തതുമാണ് വ്യാജ ഫോണ്‍ വിളിക്ക് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമായത്.

ഒരു വ്യാജ ഫോണ്‍ വിളിയെ തുടര്‍ന്ന് വലഞ്ഞത് രക്തദാന രംഗത്തെ സജീവ സാനിധ്യമായ ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്. കാസര്‍കോട് ജില്ലയിലെ രക്ത ആവശ്യങ്ങള്‍ക്ക് ഏതു സമയത്തും സഹായവുമായി എത്തുന്നവരാണ് ബ്ലഡ് ഡോണേഴ്‌സ് കാസര്‍കോടിന്റെ പ്രവര്‍ത്തകര്‍. ഇവരെ കബളിപ്പിച്ചവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Blood Donation, Kannur, Police, Fake Post, 3 Youth, Arrested, Fake call with need of blood; police warn 3