Join Whatsapp Group. Join now!
Aster MIMS 10/10/2023

മകന്റെ ഘാതകര്‍ക്ക് ശിക്ഷ ലഭിക്കാന്‍ പിതാവ് ഗോപാലന്‍ അലഞ്ഞത് 17 വര്‍ഷം; ഒടുവില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയപ്പോള്‍ ആത്മസംതൃപ്തി

മകന്റെ ഘാതകര്‍ക്ക് ശിക്ഷ ലഭിക്കാന്‍ പിതാവ് ഗോപാലന്‍ അലഞ്ഞത് 17 വര്‍ഷം. ലോക്കല്‍ പോലീസില്‍ നിന്നും നീതി ലഭിക്കാതായതോടെ സിബിഐ അന്വേഷണം നടത്തുന്നതിനായി Kasaragod, Kerala, news, Top-Headlines, court, Balakrishnan's murder; Father's 17 year Legal battle won
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.05.2018) മകന്റെ ഘാതകര്‍ക്ക് ശിക്ഷ ലഭിക്കാന്‍ പിതാവ് ഗോപാലന്‍ അലഞ്ഞത് 17 വര്‍ഷം. ലോക്കല്‍ പോലീസില്‍ നിന്നും നീതി ലഭിക്കാതായതോടെ സിബിഐ അന്വേഷണം നടത്തുന്നതിനായി ഗോപാലന്‍ നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതാണ്. 2001 സെപ്തംബര്‍ 18നാണ് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഡിടിഎസ് കൊറിയര്‍ സ്ഥാപന ഉടമയുമായ ബാലകൃഷ്ണനെ (38) വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി ചെമ്മനാട് കടവത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.

ബാലകൃഷ്ണന്റെ സുഹൃത്തുക്കളായ ചട്ടഞ്ചാല്‍ കൂളിക്കുന്ന് പാദൂര്‍ റോഡിലെ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാലും കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ് ഹനീഫ എന്ന ജാക്കി ഹനീഫയുമാണ് വീട്ടില്‍ നിന്നും ബാലകൃഷ്ണനെ ഇറക്കിക്കൊണ്ടുപോയത്. മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് പ്ലാന്‍ ചെയ്ത് ക്വട്ടേഷന്‍ സംഘം ഏറ്റെടുത്തത്. പെണ്‍കുട്ടിയുടെ പിതാവ് ഉപ്പള മണ്ണംകുഴിയിലെ അബൂബക്കറടക്കം അഞ്ചു പേരായിരുന്നു പ്രതികള്‍. എന്നാല്‍ കേസിലെ ഒന്നും രണ്ടും പ്രതികളായ ഇഖ്ബാലിനെയും ജാക്കി ഹനീഫയെയും മാത്രമാണ് സിബിഐ പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊല നടത്തിയ ശേഷം മുഖ്യപ്രതികളടക്കം ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇവരെ പിടികൂടാന്‍ ലോക്കല്‍ പോലീസിന് കഴിയാതിരുന്നതോടെയാണ് പിതാവ് ഗോപാലന്‍ നിയമപോരാട്ടം ആരംഭിച്ചത്.

മകന്റെ കൊലപാതകത്തിന് പിന്നില്‍ കാസര്‍കോട്ടെ ഉന്നതരടക്കമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ ഗൂഢാലോചനയോ മറ്റോ തെളിയിക്കാന്‍ യാതൊരു തെളിവും ബാക്കിയുണ്ടായിരുന്നില്ല. സെപ്തംബര്‍ 18ന് രാത്രി എട്ടു മണിയോടെയാണ് ബാലകൃഷ്ണനെ കൂട്ടിക്കൊണ്ടുപോയത്. ചെമ്മനാട് വെച്ച് കുത്തേറ്റ ബാലകൃഷ്ണന്‍ തൊട്ടടുത്ത പള്ളി വരെ ഓടിയെത്തിയിരുന്നു. പിന്നീട് ബാലകൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോലീസും നാട്ടുകാരുമെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗള്‍ഫിലുണ്ടായിരുന്ന പ്രതികളെ നാട്ടിലെത്തിക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെയടക്കം സഹായം തേടിയിരുന്നു.

മകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗോപാലന്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ മാതാപിതാക്കളായ ജി. ഗോപാലനും ഭാര്യ എം കമലാക്ഷിക്കും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. കാഞ്ഞങ്ങാട് കസ്റ്റംസ് ഓഫീസിന് സമീപം മകന്‍ വേണുവിന്റെ വീട്ടിലാണ് മാതാപിതാക്കള്‍ കഴിഞ്ഞിരുന്നത്.കമലാക്ഷി രണ്ടരമാസം മുമ്പ് മരിച്ചു. മകന്റെ മരണത്തിനു ശേഷം പഴയ ബസ് സ്റ്റാന്‍ഡിലെ കൊറിയര്‍ സ്ഥാപനം കുറേക്കാലം പിതാവ് ഗോപാലനാണ് നടത്തിവന്നിരുന്നത്. പ്രായാധിക്യം കാരണം പിന്നീട് ഗോപാലന്‍ സ്ഥാപനം ഒഴിവാക്കുകയും വിദ്യാനഗര്‍ പന്നിപ്പാറയിലുള്ള വീടും സ്ഥലവും വില്‍പന നടത്തി കാസര്‍കോട് നിന്നു തന്നെ മാറിത്താമസിക്കുകയുമായിരുന്നു.

പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ചയാണ് കോടതി വിധിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികളെയും ജാമ്യം റദ്ദാക്കി എറണാകുളം സബ്ജയിലില്‍ അടച്ചിരിക്കുകയാണ്.

Related News:
കൊറിയര്‍ സര്‍വീസ് ഉടമയായ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, court,  Balakrishnan's murder; Father's 17 year Legal battle won< !- START disable copy paste -->