Join Whatsapp Group. Join now!
Aster MIMS 10/10/2023

മനോഹരം തെയ്യം കല: പക്ഷെ അവിടേയും പലതുണ്ട് അനാചാരങ്ങള്‍

പാലക്കുന്നിനടുത്തുള്ള ഒരു വീട്ടില്‍ നേര്‍ച്ചക്കോലം കെട്ടിയാടുകയുണ്ടായി. സമീപത്തെ ബാങ്ക് ജീവനക്കാരന്‍ Article, Theyyam, Religion, Prathibha-Rajan,
തെയ്യങ്ങള്‍ വിശ്വാസങ്ങള്‍ക്കുമപ്പുറത്തേക്ക് വാള്‍ വീശുമ്പോള്‍- ഭാഗം രണ്ട്
(www.kasargodvartha.com 12/05/2018) പാലക്കുന്നിനടുത്തുള്ള ഒരു വീട്ടില്‍ നേര്‍ച്ചക്കോലം കെട്ടിയാടുകയുണ്ടായി. സമീപത്തെ ബാങ്ക് ജീവനക്കാരന്‍ കൂടിയായിരുന്നു തെയ്യക്കാരന്‍. ഉദ്ദേശം 35 വര്‍ഷം മുമ്പെ താന്‍ യുവാവായിരിക്കുമ്പോള്‍ നേര്‍ന്നതാണ്, 70ാം വയസിലാണ് നിറവേറ്റാനായത്. നേര്‍ച്ച ബാക്കിയാക്കി മരിച്ചു പോകുമോ എന്ന ഭയം നീക്കാന്‍ പണം കണ്ടെത്തിയായിരുന്നു അദ്ദേഹം തന്റെ ആഗ്രഹ സാഫല്യത്തിനായി തുനിഞ്ഞിറങ്ങിയിരുന്നത്.

തെയ്യം അരങ്ങിലെത്തി.

ഭക്തന്റെ മനസിന് ശാന്തി പകരേണ്ടതിനു പകരം തെയ്യക്കോലം കോപിച്ചു. നിമിത്തങ്ങള്‍ പറഞ്ഞ് ഭയപ്പെടുത്തി. ആടിയത് തൃപ്തിയായില്ലെന്നും, ഒരു തവണ കൂടി വേണം കളിയാട്ടമെന്നും, ഇല്ലേല്‍ കുലം തന്നെ മുടിച്ചു കളയുമെന്നും ആജ്ഞാപിച്ചു. തേങ്ങാ ഉടച്ച് നിമിത്തം നോക്കുന്ന പതിവുണ്ട് . അതും പ്രതികൂലമായി. അദ്ധ്വാനിയും ബലവാനുമായിരുന്ന ആ മനുഷ്യന്റെ ആരോഗ്യം അതോടെ ഇല്ലാതായിരിക്കണം. ക്ഷയിച്ചു തുടങ്ങി, രോഗിയായി, പിന്നെ കുറേ കാലമുണ്ടായില്ല. വിശ്വാസം ശരിയായോ, തെറ്റായോ എന്നത് ഇരിക്കട്ടെ, വാക്കുര പലപ്പോഴും വിശ്വാസിയെ ഭയപ്പെടുത്തുന്നു. ജീവന്‍ തന്നെ അപഹരിക്കപ്പെടുന്നു. അത്രയധികം ശക്തിയുണ്ട് അതിന്. ദോഷം ഭയന്ന്, പിന്നീട് അദ്ദേഹത്തിന്റെ അഭാവത്തില്‍ വീണ്ടും ആ കുടുംബം തെയ്യം കെട്ടിയാടിച്ചു.

ഇതിനിടെ മടിക്കൈ ഒരു ഗുളികന്‍ ക്ഷേത്രത്തില്‍ ഗുളികന്റെയും ചെഗ്വേരയുടേയും ഫോട്ടോ ഇരുവശത്തും പതിച്ച് ഭക്തരായ ചില സഖാക്കള്‍ ഫ്ലക്സ് അടിച്ചു തൂക്കിയതായി വാര്‍ത്തയുണ്ടായി. പാര്‍ട്ടിക്കുള്ളില്‍ വിവാദമായി. ഉല്‍സവപ്പറമ്പില്‍ പാര്‍ട്ടി അംഗങ്ങളാണ് എന്നു കരുതട്ടെ, ചിലര്‍ ഒത്തു കൂടി. തെയ്യം അരങ്ങത്തു വന്നപ്പോള്‍ അവര്‍ പ്രാര്‍ത്ഥനയായി മൊഴി പറഞ്ഞത് ഇങ്ങനെ.

Article, Theyyam, Religion, Prathibha-Rajan,Article about Theyyam part 2

'അങ്ങയേയും, ചെഗ്വേരയേയും ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചത് ചില അജ്ഞാനികള്‍ക്ക് പിടിച്ചിട്ടില്ല. അത്തരക്കാര്‍ അത് ചോദ്യം ചെയ്തിരിക്കുന്നു. അതിനുള്ള ശിക്ഷ അവര്‍ക്കു കിട്ടണം. വരും ആണ്ട് തെയ്യം അരങ്ങത്തു വരുന്നതിനു മുമ്പായി കൈ ചീഞ്ഞു പോകണം. നാവ് ഉള്‍വലിഞ്ഞു പോകണം'ഇതായിരുന്നു പ്രാര്‍ത്ഥന.

ഉദ്ദേശം ഒരു സംവല്‍സരം കഴിഞ്ഞു കാണണം, അന്ന് പാടിയില്‍ തെയ്യം കെട്ടു മഹോല്‍സവം നടന്നപ്പോള്‍ ചെര്‍ക്കളയില്‍ ചെഗ്വേരയുടെ പേരില്‍ ഒരു ആശംസാ ബോര്‍ഡ് ഉയര്‍ന്നു. ഇതു ജനം ശ്രദ്ധിച്ചപ്പോള്‍ മാതൃഭുമി ആഴ്പ്പതിപ്പില്‍ സചിത്ര ലേഖനമുണ്ടായി. പിന്നീട് പാര്‍ട്ടി ഇടപെട്ട് ബോര്‍ഡു സ്ഥാപിച്ചവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിച്ചു എന്നാണ് കേള്‍വി. ഇന്ന് കാലം മാറും തോറും വിശ്വാസങ്ങളുടെ പോക്ക് മടിക്കൈ അടയാളപ്പെടുത്തുകയാണ്. മാര്‍ക്‌സിയന്‍ ഭൗതികവാദ സിദ്ധാന്തം പോലും അന്ധവിശ്വാസത്തിനും അനാചാരത്തിനും മേല്‍ അടയിരിക്കുന്നതിനിടയിലൂടെ വേണം അന്ത വിശ്വാസത്തിനെതിരെ പോരാടുന്നവര്‍ക്ക് സഞ്ചരിക്കാന്‍.

കല്ലും മുള്ളും, അള്ളും നിറഞ്ഞതാണ് ആ വഴി. ബഹുമുഖ കോലങ്ങള്‍ നമമുടെ നാട്ടില്‍ ദൈവങ്ങളായുണ്ട്. ചെമ്പു കാണാന്‍ പാടില്ലാത്ത തെയ്യം, ചെമ്പ് പാത്രം തള്ളി കടലിലിട്ടതും, ഉഗ്രമൂര്‍ത്തിയാണെന്നു കാണിക്കാന്‍ ഇരുന്നിടത്തു വന്ന് മുടികൊണ്ട് അടിച്ചു വീഴ്ത്തുന്നതും പച്ചക്കൊഴിയെ കടിച്ചു തിന്നുന്നതും, ചുടുചോര മോന്തുന്നതും നാം നിത്യേന കണുന്ന പ്രകടനങ്ങളാണ്. ഉഗ്രമൂര്‍ത്തികളായ തെയ്യങ്ങളെ കരുതിയിരിക്കണമെന്ന് പഴമക്കാര്‍ പറഞ്ഞു തരുന്നത്. തെയ്യം എന്ന ദൈവകലയെ ഭയപ്പെടുത്തിക്കൊണ്ടു തന്നെയാണ് നമ്മുടെ തലമുറ വളരുന്നത്. 'ഗുണം വരണം' എന്നു പറയുന്നതിനപ്പുറത്തുള്ള ഭീക്ഷണിയും ഭയപ്പെടുത്തലും തകൃതിയായി നടക്കുന്നതിനെ ആരും ചോദ്യം ചെയ്യാത്തതും ഭയം ഒന്നു കൊണ്ടു തന്നെയാകണം.

തെയ്യം കെട്ടിയ കലാകാരനെ വന്ദിച്ചില്ലെങ്കില്‍ ദോഷവും, ദോഷം വന്നാല്‍ അതു തീര്‍ക്കാന്‍ ലക്ഷവും വേണമെന്ന് അജ്ഞാനികളായ ഭക്തരെ ഏത്രയോ കാലമായി വിശ്വാസങ്ങള്‍ പറഞ്ഞു ഫലിപ്പിച്ചു കൊണ്ടിരിക്കുന്നു. വര്‍ത്തമാന കാലത്ത് അത് വാളുകൊണ്ട് കാലിനു വെട്ടുന്ന അവസ്ഥയിലേക്കു വരെ വന്നെത്തിച്ചേര്‍ന്നിരിക്കുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞുടച്ച് ദൂരെ വലിച്ചെറിഞ്ഞാലും, കാലിനു വെട്ടിയാലും വിശ്വാസം രക്ഷിച്ചു കൊള്ളുമെന്ന നില വന്നിരിക്കുന്നു. ഇത്തരം ചെയ്തികളെ ന്യായീകരിക്കാനും ഏതിര്‍ക്കാനും കക്ഷി രാഷ്ട്രീയം കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്.രാഷ്ട്രീയമല്ല, ഇവിടെ സജീവമാകേണ്ടത് സാമുഹ്യ പരിഷ്‌ക്കര്‍ത്താക്കളാണ്. അവര്‍ രാഷ്ട്രീയത്തിനപ്പുറത്തെ ഉയര്‍ന്ന ബോധത്തോടെ ഒരു പായയില്‍ ഇരുന്നു ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യന്‍ സാഹചര്യം ഒരുങ്ങണം. പൊതു ആഘോഷം നടക്കുന്നിടത്ത് കാവിയും, ചുവപ്പും മറ്റു നിറങ്ങളും കൊടി തോരണങ്ങള്‍ നാട്ടുമ്പോള്‍ അടി നടക്കുന്നതിനുള്ള കാരണങ്ങളിലെ ആത്മീയത ചര്‍ച്ചക്കെടുക്കണം.

ഉത്തര കേരളത്തില്‍ മാത്രമാണ് ഈ അനുഷ്ഠാന കല. കേരളം ശാസ്ത്രീയമായി അംഗീകരിച്ച കലകളില്‍ തെയ്യം പെടുന്നില്ല. ഇതര ശാസ്ത്രീയ കലകളില്‍ എന്നതു പോലെ തെയ്യത്തില്‍ നിശ്ചിതങ്ങളും അംഗീകരിക്കപ്പെട്ടതുമായ ചുവടുകളോ, ഭാവങ്ങളോ, താളങ്ങളോ നിര്‍ബന്ധമില്ല. തെയ്യക്കാരന് തോന്നുന്നതു പോലെ ഭാവിച്ച് ഭക്തരെ ഭയപ്പെടുത്തിയാല്‍ മാത്രം മതി. കാണികള്‍ ഭയപ്പെടണം. അപ്പോള്‍ തെയ്യം ഉഷാറാകുന്നു. തിറയ്ക്കും, തെയ്യത്തിനും തമ്മില്‍ സമാനതകള്‍ക്ക് പുറമെ, വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ട്.

തെയ്യക്കോലങ്ങള്‍ എല്ലാം ഭീഭത്സങ്ങളാവാന്‍ കാരണം അവ പിറവി കൊള്ളുന്ന കാലത്തെ വരേണ്യ വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ തന്നെയായിരിക്കണം . അസുരതാളവും ഭീഭത്സമായ മുഖവും തീഷ്ണവര്‍ണ്ണങ്ങളും അട്ടഹാസങ്ങളും താണ്ഡവ നൃത്തങ്ങളും ചുവടു വെച്ച് തെയ്യം അഥവാ ദൈവം തെയ്യമായി വന്ന് ഭക്തരെ ഭയപ്പെടുത്തുമ്പോള്‍ ഭക്തര്‍ ഭയത്താല്‍ ഭക്തിരസത്തിന് അടിമയാകുന്നു. തുടര്‍ന്ന് നേര്‍ച്ചയും വഴിപാടും ഉണ്ടാകുന്നു. ഭക്തന്‍ ഭയത്താല്‍ പതുങ്ങേണ്ടത് തമ്പ്രാന്റെയും, നാടുവാഴിയുടേയും കൂടി ആവശ്യമാണ്. തെയ്യം അവതരണത്തില്‍ സുക്ഷിച്ചു നോക്കിയാല്‍ ഹിപ്പ്നോട്ടീസത്തിന്റെ ശേഷിപ്പുകള്‍ കാണാം. വൈശ്യ വിഭാഗത്തില്‍ പെട്ട വാണിയ സമുദായം ആരാധിച്ചു പോരുന്ന മുച്ചിലോട്ടു ഭഗവതി പോലുള്ള ചില കോലങ്ങള്‍ ഒഴിച്ചാല്‍ മറ്റു മിക്ക കോലങ്ങളും ശാന്തസ്വരത്തില്‍ ഭക്തരോട് അരുളി ചെയ്യുകയോ, അനുകമ്പ കാട്ടുകയോ ചെയ്തു കാണാറുള്ളത് വിരളമായ സമയങ്ങളില്‍ മാത്രം.

തെയ്യമായി വേഷപ്പകര്‍ച്ച സിദ്ധീച്ചു എന്നു കരുതുന്ന ദൈവം തന്നെ മൂക്കു മുട്ടെ മദ്യപിക്കുക, മദ്യപിച്ച് അട്ടഹസിക്കുക, എന്നെയും എന്റെ കര്‍ത്താവിനെയും ഭയഭക്തിയോടെ ആരാധിച്ചില്ലെങ്കില്‍ സര്‍വ്വനാശം വിതക്കും, ഇതിനു മാപ്പില്ലെന്ന് ആക്രോശിക്കുക, ഇങ്ങനെ പോകും ഭീഷണി സ്വരത്തിലുള്ള അരുളപ്പാടുകള്‍. പൂവെച്ച് അലങ്കരിച്ചുള്ള ചാരായവും, വിദേശ മദ്യവും കലശമായും പ്രസാദമായും, കോഴി അറവ് തുടങ്ങിയവയിലെ ഗോത്ര വര്‍ഗ ആചാരങ്ങളും ഇപ്പോള്‍ പരിഷ്‌ക്കാരങ്ങളായി തീര്‍ന്നിട്ടുണ്ട്. ആട്ടക്കാരനും ജാതി വ്യവസ്ഥ പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയിലാണ്. ഇവയ്ക്കിടയില്‍ നിന്നു വേണം സാമുഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ക്ക് മാറ്റത്തിനു ശ്രമിക്കാന്‍. ഇനിയൊരു നവോദ്ധാന പ്രക്രിയക്കു കൂടി തുടക്കമിടാന്‍ പുതുസമൂഹം മുന്നോട്ടു വരാന്‍ കാലമായിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Theyyam, Religion, Prathibha-Rajan,Article about Theyyam part 2