Join Whatsapp Group. Join now!
Aster MIMS 10/10/2023

നിപാ വൈറസ്; മരണസംഖ്യ 9, വൈറസ് ബാധ തടയുന്നതിന് എല്ലാ മാര്‍ഗവും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി, വൈറസ് പടര്‍ന്നത് കിണര്‍ വെള്ളത്തില്‍ നിന്ന്; പനി ബാധിച്ച് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തിയ വവ്വാലുകളില്‍ നിന്ന് വൈറസ് ജലത്തില്‍ പടര്‍ന്നു

നിപാ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി. സംസ്ഥാനതൊട്ടാകെ ജാഗ്രതാ നിര്‍ദേശം News, Kozhikode, Kerala, health, Medical College, Health-minister, Trending, Treatment,
കോഴിക്കോട്:(www.kasargodvartha.com 21/05/2018) നിപാ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി. സംസ്ഥാനതൊട്ടാകെ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. രോഗം പടരാതിരിക്കാന്‍ ഓരോ ജില്ലയിലും ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. 0495 2376063 എന്നാണ് കണ്‍ട്രോള്‍ റൂം നമ്പര്‍. അവധിയിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരെ തിരികെ വിളിച്ചു. സ്വകാര്യ ആശുപത്രികളോടും അതീവ ജാഗ്രതാ പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

നിപ്പാ വൈറസിനെ തടയുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്ച വന്നിട്ടില്ല. രണ്ടാമത്തെ മരണം സംഭവിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നു. കേന്ദ്ര സംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്. ചൊവാഴ്ച്ച മറ്റൊരു സംഘം കൂടി എത്തുന്നുണ്ട്. അവരും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.കോഴിക്കോട്ടെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനതിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ആണ് മെഡിക്കല്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്.



കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് നിപാ വൈറസ് ബാധിച്ച് മരിച്ച മൂസയുടെ വീട്ടിലെ കിണറില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കിണറ്റില്‍ വാവലുകളെ ചത്ത നിലയില്‍ കണ്ടെത്തി. ഈ വവ്വാലുകളില്‍ നിന്നാണ് വൈറസ് ജലത്തില്‍ പടര്‍ന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കിണര്‍ മൂടിയിട്ടുണ്ട്.

രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം ബാധിച്ചവരെ പ്രത്യേകം മാറ്റി ചികിത്സിക്കും. നിപാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ചതിനെ തുടര്‍ന്ന് നഴ്സിന് രോഗം ബാധിച്ചത് കണക്കിലെടുത്ത് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ മാസ്‌കുകളും കൈയുറകളും നല്‍കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ആവശ്യമെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലെ ഐ.സിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. ആദ്യം ആരോഗ്യ മന്ത്രിയെ കണ്ട് സ്വീകരിച്ച നടപടികള്‍ മനസിലാക്കിയ ശേഷമായിരിക്കും സംഘം സ്ഥലം സന്ദര്‍ശിക്കുക. ഞായറാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ദേശീയ രോഗനിയന്ത്രണ മന്ത്രാലയം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പട്ടിരുന്നു. നിപ ബാധയില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ട സഹായം നല്‍കാനും സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു.

പനിയോടൊപ്പം ശക്തമായ തലവേദന, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ച മങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനെ ആശുപത്രിയിലെത്തി ഉചിതമായ ചികിത്സ തേടണം. ഇത്തരം ലക്ഷണങ്ങളുള്ളവരുടെ രക്തവും സ്രവങ്ങളും പരിശോധിച്ച് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി. മന്ത്രി ടി.പി രാമകൃഷ്ണനും യോഗത്തില്‍ പെങ്കടുത്തു. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.

രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് ഇതുവരെ രോഗം സ്ഥീരീകരിക്കപ്പെട്ടിട്ടുള്ളത്. നിപ വൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍ എന്നിവരുമായി നേരിട്ടുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. പക്ഷികളും മൃഗങ്ങളും കഴിച്ച പഴങ്ങള്‍, വവ്വാലുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ തുറന്നവെച്ച കള്ള് എന്നിവ കഴിക്കാതിരിക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം മലപ്പുറത്ത് മരിച്ച നാലുപേര്‍ക്ക് നിപ ബാധിച്ചിട്ടുണ്ടെന്ന് സ്ഥീരീകരിച്ചിട്ടില്ല. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇപ്പോഴുണ്ടായ രോഗം വായു, വെള്ളം, ഭക്ഷണം ഇവ വഴി പകരുന്നതല്ല. കൊതുകുകള്‍ക്കോ, ഈച്ചകള്‍ക്കോ ഈ രോഗം പകര്‍ത്താന്‍ സാധ്യമല്ല. രോഗം പകര്‍ന്നിട്ടുള്ളത് രോഗിയുടെ ശരീരത്തിലെ 'സ്രവങ്ങള്‍' വഴിയാണ് രോഗം മറ്റുള്ളവര്‍ക്കും പകരുന്നത്.

അതിനിടെ, സൂപ്പിക്കടയില്‍ പനി ബാധിച്ച് മരിച്ച സഹോദരങ്ങളുടെ പിതാവ് മൂസക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പണം അടക്കാത്തതിനാല്‍ വെന്റിലേറ്ററില്‍ കഴിയുന്ന രോഗിക്ക് ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റരുതെന്നും വേണ്ട ചികിത്സ നല്‍കണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, health, Medical College, Health-minister, Trending, Treatment,9 Dead From Mysterious Nipah Virus In Kerala