Join Whatsapp Group. Join now!
Aster MIMS 10/10/2023

30 ചിത്രകാരന്മാരുടെ സംഘം ഉത്തര മലബാറിലെ 15 ടൂറിസം ആകര്‍ഷകങ്ങള്‍ സന്ദര്‍ശിക്കും

ബി.ആര്‍.ഡി.സിയുടെ നേതൃത്വത്തില്‍ ഫോക്ക്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക്ക്‌ലോര്‍ ആന്‍ഡ് കള്‍ച്ചറിന്റെ സഹകരണത്തോടെ നടത്തുന്ന ദ്വിദിന ചിത്രയാത്രയില്‍Kasaragod, Kerala, news, Tourism, 30 Painters will visit 15 tourist places
കാസര്‍കോട്: (www.kasargodvartha.com 07.05.2018) ബി.ആര്‍.ഡി.സിയുടെ നേതൃത്വത്തില്‍ ഫോക്ക്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക്ക്‌ലോര്‍ ആന്‍ഡ് കള്‍ച്ചറിന്റെ സഹകരണത്തോടെ നടത്തുന്ന ദ്വിദിന ചിത്രയാത്രയില്‍ 30 ചുമര്‍ച്ചിത്ര കലാകാരന്മാര്‍ ഉത്തര മലബാറിലെ 15 ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സാംസ്‌കാരിക ടൂറിസം (Cultural Tourism) മേഖലയില്‍ കലാകാരന്മാരുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ചിത്രയാത്ര സംഘടിപ്പിക്കുന്നത്.

മെയ് എട്ടിന് രാവിലെ 9.30ന് ബേക്കല്‍ തച്ചങ്ങാട് കള്‍ച്ചറല്‍ സെന്ററില്‍ ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ചിത്രയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. മന്‍സൂര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ പുണിഞ്ചിത്തായ മുഖ്യാതിഥിയും പ്രസിദ്ധ ചരിത്രകാരന്‍ കെ.കെ. മാരാര്‍ വിശിഷ്ടാതിഥിയും ആയിരിക്കും. കേരള ലളിതകലാ അക്കാദമി എക്്‌സിക്യൂട്ടീവ് മെമ്പര്‍ രവീന്ദ്രന്‍, പ്രശസ്ത ചുമര്‍ച്ചിത്ര കലാകാരന്‍ കെ.ആര്‍. ബാബു എന്നിവര്‍ പങ്കെടുക്കും. ഫോക്ക് ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി ജയരാജന്‍ സ്വാഗത പ്രസംഗവും ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ് പ്രസാദ് നന്ദി പ്രകാശനവും നടത്തും.

ഉദ്ഘാടനത്തിനുശേഷം 10.45ന് ചിത്രകാരന്മാര്‍ ബേക്കല്‍ ഫോര്‍ട്ടിലെത്തും. 12.45 വരെ ചെലവഴിച്ച ശേഷം ഉച്ചക്ക് 1.15ന് തളങ്കര മാലിക് ദീനാര്‍ പള്ളി സന്ദര്‍ശിക്കും. മൂന്നു മണിക്ക് കാസര്‍കോടിന്റെ പ്രത്യേകതയായ 'സുരംഗ' സന്ദര്‍ശിക്കും.  4.15 ന് അനന്തപുരം തടാക ക്ഷേത്രവും, 5.45 ന് ബേക്കല്‍ ബീച്ചും സന്ദര്‍ശിക്കും. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ കലാകാരന്മാരെ അഭിസംബോധന ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും. തുടര്‍ന്ന് കലാകരന്മാര്‍ വലിയപറമ്പിലെത്തും. ബി.ആര്‍.ഡി.സി തുടക്കം കുറിച്ച 'സ്‌മൈല്‍' പദ്ധതി ഹോസ്റ്റേ സംരംഭകരുടെ അതിഥികളാകും.

മെയ് ഒമ്പതിന് രാവിലെ എട്ടു മണിക്ക് ബി.ആര്‍.ഡി.സി.യുടെ ആയിറ്റി അമിനിറ്റി സെന്ററിലെത്തും. ഒമ്പത് മണിക്ക് നീലേശ്വരം പാലസും, ചിറയും സന്ദര്‍ശിക്കും. നീലേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്‍ ഫ്രൊഫ. കെ.പി ജയരാജന്‍ കലാകാരന്‍മാരെ ആശിര്‍വദിക്കും. പ്രാദേശിക കലാകാരന്‍മാരുടെ കൂട്ടായ്മയുമായി സംവദിക്കും. 10 മണിക്ക് കോട്ടപ്പുറം ബി.ആര്‍.ഡി.സി ഹൗസ് ബോട്ട് ടെര്‍മിനലില്‍ നിന്നും കായല്‍ യാത്രക്ക് തുടക്കമാകും. മടക്കരയും, നെല്ലിക്കാതുരുത്തി കഴകവും സന്ദര്‍ശിക്കും. പൂരക്കളി ആസ്വദിക്കാനും ആചാരകസ്ഥാനീയരുമായും സാമൂഹ്യ പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്താനുമുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വലിയ പറമ്പിലെത്തുന്ന കലാകാരന്മാരെ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. അതിനുശേഷം ഇടിയിലക്കാട് കരങ്ങന്‍ ദ്വീപ് സന്ദര്‍ശിക്കും. കാവ് കാണുകയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും, കലാകാരന്‍മാരുടെയും, പ്രദേശ വാസികളുടെയും കൂട്ടായ്മയുമായി സംവദിക്കുകയും ചെയ്യും. തുടര്‍ന്ന് മാടക്കല്‍ സന്ദര്‍ശിച്ചതിനുശേഷം ഹൗസ് ബോട്ട് യാത്ര കവ്വായി ദ്വീപില്‍ അവസാനിക്കും. സമാപന സെഷനില്‍ പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥി ആയിരിക്കും.

ചിത്രയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ സൃഷ്ടികള്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന 'ആര്‍ട്ട് വോക്ക്്' പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിക്കും. പ്രാദേശിക സന്ദര്‍ശകര്‍ക്കൊപ്പം അന്യ നാട്ടില്‍ നിന്നുമുള്ള ടൂറിസ്റ്റുകളെ കൂടി ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയാണ് 'ആര്‍ട്ട് വോക്ക്'. പെയിന്റിംഗുകളും ശില്‍പങ്ങളും നിറഞ്ഞ 400 മീറ്റര്‍ നീളത്തിലുള്ള പാതയാണ് ബേക്കല്‍ ബീച്ചില്‍ നടപ്പാക്കുന്ന 'ആര്‍ട്ട് വോക്ക്' പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Tourism,  30 Painters will visit 15 tourist places < !- START disable copy paste -->