Join Whatsapp Group. Join now!
Aster MIMS 10/10/2023

പഴയ പള്ളിയുടെ അകത്ത് ഇന്നും മുക്രിച്ച ഉണ്ടെന്ന് തോന്നുന്നു

തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരം ജനനിബിഢമാണിപ്പോള്‍. മാലിക് ദീനാര്‍ (റ) വിന്റെ മഖ്ബറ സിയാറത്ത് ചെയ്ത് പുണ്യം നേടാനെത്തുന്ന പതിനായിരങ്ങള്‍ ആത്മീയ നിര്‍വൃതിയോടെയാണ് Kasaragod, Kerala, Remembrance, Article, Machampady Abbas Musliyar remembrance
അനുസ്മരണം/ ശഹീദ് ഹാദി ഹിമമി ചെണ്ടത്തോടി

(www.kasargodvartha.com 05.11.2017) തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരം ജനനിബിഢമാണിപ്പോള്‍. മാലിക് ദീനാര്‍ (റ) വിന്റെ മഖ്ബറ സിയാറത്ത് ചെയ്ത് പുണ്യം നേടാനെത്തുന്ന പതിനായിരങ്ങള്‍ ആത്മീയ നിര്‍വൃതിയോടെയാണ് മടങ്ങുന്നത്. പഴമയും പൈതൃക സ്മരണയും നിലനിര്‍ത്തിക്കൊണ്ട്  പുതുക്കിച്ചേര്‍ത്ത മസ്ജിദിന്റെ വിസ്മയ കാഴ്ച വിശ്വാസികളെ കൂടുതല്‍ ആനന്ദത്തിലാക്കുന്നു. പുരാതന പള്ളിയെ ഓര്‍ക്കുമ്പോള് അവിടെ അകത്ത് ഒരു പള്ളി പരിപാലകനെയും ഓര്‍മ്മ വരുന്നു.

അകത്തെ പള്ളിയില്‍ അങ്ങുമിങ്ങും നടക്കുന്ന ഒരു വയോധികന്‍, അരനൂറ്റാണ്ടോളം കാലം മാലിക് ദീനാര്‍ പള്ളിയില്‍ മുഅദ്ദിനായി സേവനമനുഷ്ടിച്ച് തളങ്കരയിലേയും സമീപദേശങ്ങളിലെയും ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠനേടിയ മര്‍ഹൂം മച്ചമ്പാടി അബ്ബാസ് മുസ്ലിയാരുടെ അസാന്നിധ്യം ഇതിനിടയില്‍ പലരും വേദനയോടെയാണ് അനുഭവിക്കുന്നത്. നീണ്ട 45 വര്‍ഷത്തോളം കാലം തളങ്കരയുടെ ചരിത്ര ഭൂമികയെ നിരന്തരം തട്ടി തലോടിയ മധുര ബാങ്കൊലിയുടെ ഉടമയായിരുന്ന അബ്ബാസ് മുസ്ലിയാര്‍ മാലിക് ദീനാര്‍ ഉറൂസ് സംഗമങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. പള്ളിയും മഖ്ബറയുമടക്കം നാലു ദിക്കുകളിലും ഓടിയെത്തി കാര്യങ്ങള്‍ വിലയിരുത്താനും എല്ലാം കൃത്യതയോടെ സംഘടിപ്പിക്കാനായി. ആസൂത്രണങ്ങള്‍ നടത്താനും നാട്ടുകാരുടെ പ്രിയപ്പെട്ട 'മുക്രിയുസ്താദ്' ഉണ്ടായിരുന്നു.

1967 നായിരുന്നു ആദ്യമായി അബ്ബാസ് മുസ്ലിയാര്‍ തളങ്കരയില്‍ മുഅദ്ദിനായി സേവനമാരംഭിക്കുന്നത്. അദ്ദേഹം സേവനം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഉറൂസ് 1969 ലായിരുന്നു. അന്ന് മുതല്‍ വിട പറയുന്ന 2011 വരെയുള്ള കാലയളവിനിടയില്‍ നടന്ന മുഴുവന്‍ ഉറൂസുകളിലും വിവിധ ദിക്കുകളില്‍ നിന്നെത്തുന്ന പതിനായിരങ്ങളെ തികഞ്ഞ ലാളിത്യത്തോടെ സ്വീകരിക്കാനും ആശിര്‍വദിക്കാനും അദ്ദേഹം തയ്യാറായി.
സേവനമാരംഭിച്ചതിന് ശേഷമുള്ള ആദ്യ കാലങ്ങളില്‍ മിക്ക സേവനങ്ങളും അദ്ദേഹം ഒറ്റക്ക് തന്നെ ചെയ്യുമായിരുന്നു. ബാങ്ക് വിളി, പള്ളി മഖാം പരിപാലനം, നേര്‍ച്ച വാങ്ങല്‍, റസീറ്റ് നല്‍കല്‍, സൂക്ഷിപ്പ് തുടങ്ങിയ നിരവധി ജോലികള്‍ ഒറ്റക്ക് തന്നെ ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുമായിരുന്നു.

അന്ന് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാറായിരുന്നു ജുമുഅ ഖുതുബയും ഖുതുബക്ക് ശേഷമുള്ള പ്രഭാഷണവുമൊക്കെ നിര്‍വ്വഹിച്ചിരുന്നത്. പല മഹല്ലുകളിലും മേല്‍നോട്ട ചുമതലയുള്ള അവറാന്‍ മുസ്ലിയാരുടെ അഭാവത്തില്‍ ഈ ദൗത്യം കൂടി അബ്ബാസ് മുസ്ലിയാര്‍ക്കായിരുന്നു. അങ്ങിനെ ഒരേ സമയം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ ഖതീബും മുദരിസും മുക്രിയുമൊക്കെയായി അവര്‍ സേവനം തുടര്‍ന്നു.

കൃത്യതയും സൂക്ഷ്മതയും അദ്ദേഹത്തിന്റെ പര്യായമായിരുന്നു. ആഴ്ചയിലെ നിര്‍ണ്ണിതമായൊരു ദിവസത്തിലായിരുന്നു നാട്ടിലേക്കുള്ള യാത്ര. ഖാസി ഇല്ലാത്ത സമയങ്ങളിലാണെങ്കില്‍ ലീവ് രാത്രി യാത്രകളിലൊതുക്കും. ഇശാഅ് നിസ്‌കാരം കഴിഞ്ഞ് വാതിലുകള്‍ അടച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകും. ട്രെയിന്‍ കയറി മഞ്ചേശ്വരത്തിറങ്ങും. മൂന്നിലധികം കിലോമീറ്ററുകള്‍ നടന്ന് വീട്ടിലെത്തും. സുബഹി ബാങ്കിന് മുമ്പായി അതേ വഴിയിലൂടെ വന്ന് പള്ളിയിലെത്തും. അപ്പോഴും ആരോടും പരിഭവം പറയാതെ അദ്ദേഹം സേവനത്തില്‍ ആനന്ദം കണ്ടെത്തി.

1972 മുതല്‍ മാലിക് ദീനാര്‍ മസ്ജിദില്‍ ഖുതുബക്കും ദര്‍സിനുമായി ബാപ്പുട്ടി മുസ്ലിയാര്‍ നിയോഗിതനായി. ബാപ്പുട്ടി ഉസ്താദിന്റെ അസാന്നിധ്യത്തിലും ദര്‍സും ഖുതുബയും മുക്രിയുസ്താദിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു. കിട്ടുന്ന വേതനത്തെ അളവു കോലില്‍ വെച്ചളന്ന് കൃത്യപ്പെടുത്തേണ്ട ഉദ്യോഗമല്ല മുഅദ്ദിനെന്ന് അദ്ദേഹം മനസ്സിലാക്കി. ആ ബോധ്യം അദ്ദേഹത്തെ കൂടുതല് നിസ്വാര്‍ത്ഥനാക്കി.

ആരെങ്കിലും പന്ത്രണ്ട് വര്‍ഷം ബാങ്ക് വിളിച്ചാല്‍ അദ്ദേഹത്തിന് സ്വര്‍ഗം നിര്‍ബന്ധമായെന്ന പുണ്യ പ്രവാചകരുടെ തിരുവചനമോര്‍ക്കുകയാണ്. അപ്പോള്‍ അബ്ബാസ് മുസ്ലിയാര്‍ പരലോകത്തേക്ക് വേണ്ടി കൊയ്‌തെടുത്ത പ്രതിഫലമെത്രയായിരിക്കുമെന്നറിയുമ്പോള്‍ ആ മഹാനോട് കൂടുതല്‍ ആദരവ് തോന്നുന്നു. ഏത് നേരവും പഴയ പള്ളിയില്‍ ആരാധനയിലായി കഴിച്ചുകൂട്ടിയ അദ്ദേഹത്തോട് നാട്ടുകാര്‍കൊക്കെ മതിപ്പും സ്‌നേഹവുമായിരുന്നു. ആ വലിയ മനുഷ്യനില്ലാത്ത മാലിക് ദീനാര്‍ മസ്ജിദ് പലര്‍ക്കും സങ്കല്‍പിക്കാനായില്ല. അവസാന സമയത്ത് ക്ഷീണം കാരണം മാസങ്ങളോളം വീട്ടില്‍ വിശ്രമത്തിലായിരുന്നപ്പോഴും പകരക്കാരനെ നിശ്ചയിക്കാതെ നാട്ടുകാര്‍ മുക്രിയുസ്താദിനെയും കാത്തിരുന്നു. പക്ഷേ, പടച്ച റബ്ബിന്റെ വിധിക്ക് കീഴടങ്ങി 2011 ഓഗസ്റ്റ് മാസം വിശുദ്ധ റമദാനിന്റെ പുണ്യ ദിനത്തില്‍ അദ്ദേഹം വിട പറഞ്ഞു. നാലു പതിറ്റാണ്ടിലധികം കാലം തളങ്കരയെ തട്ടി വിളിച്ച ആ മധുര ബാങ്കൊലി ഇനി കേള്‍ക്കാനില്ലെന്നറിഞ്ഞതോടെ ഒരു ദേശം ഒന്നടങ്കം തേങ്ങി കരഞ്ഞു. സയ്യിദുനാ മാലിക് ദീനാര് (റ) വിന്റെ ഉറൂസിനോടനുബന്ധിച്ച് മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദിന്റെ ചരിത്രം സ്മരിക്കപ്പെടുമ്പോള്‍ ഈ ചരിത്ര ശകലങ്ങള്‍ ഹൃദയത്തില്‍ പ്രോജ്വലിച്ച് നില്‍ക്കും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Remembrance, Article, Machampady Abbas Musliyar remembrance