Join Whatsapp Group. Join now!
Aster MIMS 10/10/2023

90 ശതമാനം കരാറുകാരും നടത്തുന്നത് മികച്ച പ്രവൃത്തി; വന്‍കിട പദ്ധതികളില്‍ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ജനകീയ കമ്മിറ്റികളും; ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കാതെ കരാറുകാര്‍

ജില്ലയിലടക്കം 90 ശതമാനം കരാറുകാരും നടത്തുന്നത് മികച്ച പ്രവൃത്തിയാണെന്ന് Kerala, Kasaragod, News, Road, Bridge, Contractors, Major Projects, Tender
കാസര്‍കോട്: (www.kasargodvartha.com 01/11/2017) ജില്ലയിലടക്കം 90 ശതമാനം കരാറുകാരും നടത്തുന്നത് മികച്ച പ്രവൃത്തിയാണെന്ന് കരാര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. വന്‍കിട പദ്ധതികളില്‍ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എല്ലായിടത്തും ജനകീയ കമ്മിറ്റികളെയും ചുമതലപ്പെടുത്താറുണ്ടെന്ന് കരാറുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം കാസര്‍കോട് വാര്‍ത്ത റോഡിന്റെയും പാലങ്ങളുടെയും ടെണ്ടര്‍ നടപടികളുമായി നല്‍കിയ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കരാറുകാര്‍. നഷ്ടം സഹിച്ച് ഒരാള്‍ പോലും കരാര്‍ ഏറ്റെടുക്കാറില്ല. പ്രവര്‍ത്തിയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയില്ലെങ്കില്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് കരാറുകാര്‍ തന്നെയാണെന്നും ഒരു പ്രമുഖ കരാറുകാരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ടെണ്ടര്‍ നടപടികള്‍ സര്‍ക്കാര്‍ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

കരാറുകള്‍ ബിലോയില്‍ നല്‍കുന്നത് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. വന്‍കിട കരാറുകാര്‍ക്ക് പലപ്പോഴും എല്ലാ മിഷിനറീസും ആവശ്യത്തിന് തൊഴിലാളികളും ഉള്ളതിനാല്‍ കൃത്യമായ രീതിയില്‍ പണി നടത്താന്‍ കഴിയുന്നതിനാല്‍ ബിലോയില്‍ പണി ഏറ്റെടുത്താലും നഷ്ടം വരാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കഴിയുന്നു. പണ്ട് സീലിംഗ് ടെണ്ടറാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് ഇ ടെണ്ടറിലേക്ക് വഴിമാറി. ഒരു തരത്തിലും ടെണ്ടര്‍ നടപടികളില്‍ കൃത്രിമം നടത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. ബിലോ ആയി കരാര്‍ ഏറ്റെടുത്താല്‍ പദ്ധതിയുടെ 10 ശതമാനം കഴിച്ച് മാത്രമേ സെക്യൂരിറ്റി ഡിപോസിറ്റ് കെട്ടിവെക്കേണ്ടതുള്ളൂ.

ബാങ്കുകളില്‍ മികച്ച ടേണ്‍ ഓവറുകളുള്ള കരാറുകാര്‍ക്ക് ചെറിയ പലിശയ്ക്ക് ബാങ്ക് തന്നെ സെക്യൂരിറ്റി ഡെപോസിറ്റ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ 12 ശതമാനം ജിഎസ്ടി രണ്ട് ശതമാനമായി കുറക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിമെന്റ് അടക്കമുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇതിന്റെ ജിഎസ്ടി അടക്കുന്നതിനാല്‍ അത് ഇന്‍പുട്ടായി തങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നുണ്ടെന്നും ഇതുവഴി നല്‍കേണ്ട നികുതിയില്‍ വലിയ കുറവ് വരുത്താന്‍ സാധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പരിശോധിച്ച് ഉറപ്പിച്ചാണ് ഓരോ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. ഇതില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നതാണ് പല പാലങ്ങളും ഗ്യാരണ്ടി പിരീഡ് കഴിഞ്ഞും ഒരു കുഴപ്പവുമില്ലാതെ നിലനില്‍ക്കുന്നതെന്നും കരാര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ നിരവധി പദ്ധതികള്‍ പോലും ഏറ്റെടുത്ത കരാറുകാര്‍ കാസര്‍കോട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തന രംഗത്ത് സൂക്ഷ്മത പുലര്‍ത്തുന്നതിനാലാണ് കാസര്‍കോട്ടെ കരാറുകാര്‍ക്ക് വന്‍കിട കരാറുകള്‍ പോലും ഏറ്റെടുത്തുനടത്താന്‍ കഴിയുന്നതെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കള്ളനാണയങ്ങള്‍ എല്ലാ രംഗത്തുണ്ടെന്നും അത് കരാര്‍ മേഖലയില്‍ മാത്രമല്ലെന്നും കരാറുകാര്‍ പറയുന്നു.

അതിനിടെ ഏഴരക്കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന അഡൂര്‍ പള്ളത്തൂര്‍ പാലത്തിന് സിഎല്‍ റഷീദിന്റെ പേരില്‍ ടെണ്ടര്‍ നല്‍കിയിട്ടില്ലെന്ന് പ്രമുഖ കരാറുകാരനായ റഷീദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെര്‍ക്കള- ജാല്‍സൂര്‍ റോഡ് ഉള്‍പെടെ നിരവധി മികച്ച റോഡുകളും പാലങ്ങളും നിര്‍മിച്ചത് തങ്ങളാണെന്നും 15 വര്‍ഷമായി ഈ റോഡിന് ഒരു കുഴി പോലും വീണിട്ടില്ലെന്നും റഷീദ് കൂട്ടിച്ചേര്‍ത്തു. കോഴിക്കോടിന് ശേഷമുള്ള ജില്ലകളില്‍ കാസര്‍കോട്ടെ കരാറുകാര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് വലിയ മതിപ്പാണ് അവിടുത്തെ ജനങ്ങള്‍ക്കുള്ളതെന്നും തെക്കന്‍ കേരളത്തിലെ കരാറുകാരേക്കാള്‍ കാസര്‍കോട്ടെ കരാറുകാരെ വിശ്വാസമാണെന്നും റഷീദ് പറഞ്ഞു. റോഡിന്റെയും പാലങ്ങളുടെയും ഗുണഭോക്താകളുടെ കമ്മിറ്റികള്‍ പദ്ധതി പരിശോധിക്കുന്നതിനെ കരാറുകാര്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News:
പിന്നെങ്ങനെ ഈ റോഡുകളും പാലങ്ങളും തകരാതിരിക്കും; കരാറുകള്‍ ബിലോ തുകയ്ക്ക് നേടിയെടുക്കുന്നു, 12 ശതമാനം ജിഎസ്ടിയും 3 ശതമാനം സെസും 10 ശതമാനം കരാറുകാരന്റെ ലാഭവും കഴിച്ചാല്‍ പണി നടക്കുന്നത് പകുതി തുകയ്ക്ക്, കോടികളുടെ 4 പ്രവര്‍ത്തികളുടെ കണക്ക് നോക്കാം

Kerala, Kasaragod, News, Road, Bridge, Contractors, Major Projects, Tender, Contractors against Accusations.


Keywords: Kerala, Kasaragod, News, Road, Bridge, Contractors, Major Projects, Tender, Contractors against Accusations.