Join Whatsapp Group. Join now!
Aster MIMS 10/10/2023

ആകാശത്തുവെച്ചും അതിക്രമം; പൈലറ്റ് കമാന്‍ഡര്‍ക്കെതിരെ പരാതിയുമായി വിമാനജീവനക്കാരി വനിതാ കമ്മീഷന്‍ അദാലത്തില്‍

പൈലറ്റ് കമാന്‍ഡറുടെ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വിമാന ജീവനക്കാരി വനിതാ കമ്മീഷന്‍ അദാലത്തില്‍. തൊഴില്‍ സ്ഥലത്ത് Thiruvananthapuram, Kerala, Top-Headlines, Pews, Complaint, Pilot Commander
തിരുവനന്തപുരം: (www.kasargodvartha.com 14/11/2017) പൈലറ്റ് കമാന്‍ഡറുടെ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വിമാന ജീവനക്കാരി വനിതാ കമ്മീഷന്‍ അദാലത്തില്‍. തൊഴില്‍ സ്ഥലത്ത് സഹപ്രവര്‍ത്തകരില്‍നിന്നുണ്ടാകുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ ധൈര്യം കാട്ടിത്തുടങ്ങിയെന്നതിന് തെളിവായി ഈ സംഭവം. തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന മെഗാ അദാലത്തിലാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരി പരാതിയുമായി എത്തിയത്. മറ്റ് പല സഹപ്രവര്‍ത്തകരും ഇദ്ദേഹത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന രേഖകളുമായാണ് അവര്‍ അദാലത്തിനെത്തിയത്.


ജീവനക്കാരുടെ വാട്ട്‌സ് അപ് ഗ്രൂപിലൂടെ അപഹസിക്കുകയും ജീവനക്കാരുടെ മുന്നില്‍വെച്ച് വാക്കുകൊണ്ടും നോട്ടം കൊണ്ടും അസഹനീയമാംവിധം അന്തസ്സിന് പരിക്കേല്‍പിക്കുകയും ചെയ്യുന്നതായി അവര്‍ ആരോപിച്ചു. കോക്പിറ്റിലും അല്ലാതെയും തടഞ്ഞുവെച്ചു. ഫ്‌ളൈറ്റ് റിപോര്‍ട്ട് താന്‍ പറയുന്നതു പോലെ എഴുതണമെന്ന് നിര്‍ബന്ധിച്ചു. വിമാനയാത്രക്കിടെ ഭക്ഷണം കഴിക്കാനോ ടോയ്‌ലറ്റില്‍ പോകാനോ അവസരം നല്‍കിയില്ല തുടങ്ങിയ പരാതികളും ജീവനക്കാരി ഉന്നയിച്ചു.

ഇതുസംബന്ധിച്ച് വലിയതുറ പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. സംഭവത്തെക്കുറിച്ച് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ റിപോര്‍ട്ട് 15 ദിവസത്തിനകം നല്‍കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. വലിയതുറ പോലീസിനോടും റിപോര്‍ട്ട് തേടും. ഉത്തരാഖണ്ഡ് സ്വദേശിനിയും ഐ എസ് ആര്‍ ഒ ജീവനക്കാരന്റെ ഭാര്യയുമായ യുവതിയുടെ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. മറ്റൊരു യുവതിയുമായി ബന്ധമുള്ള ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നതായാണ് പരാതി. എതിര്‍കക്ഷി ഹാജരാകാത്തതിനാല്‍ വീണ്ടും നോട്ടീസ് അയക്കും. മനോരോഗ വിദഗ്ധനായിരുന്ന ഡോക്ടര്‍ വിശ്രമജീവിതം നയിക്കുന്നതിനിടെ പരിചരിക്കാനെത്തിയ സഹോദരി ഭാര്യയെ വീട്ടില്‍നിന്ന് അകറ്റിയെന്ന പരാതിയും അദാലത്തിനെത്തി. രഞ്ജിപ്പിനുള്ള നിര്‍ദേശങ്ങള്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ നല്‍കി.

160 കേസുകളാണ് അദാലത്തിന് നിശ്ചയിച്ചിരുന്നതെങ്കിലും നാലു പരാതികള്‍ പിന്‍വലിച്ചതായി അറിയിച്ചു. 87 കേസുകളില്‍ തീര്‍പ്പുണ്ടാക്കി. 59 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആറു കേസുകളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടും. നാലു കേസുകളില്‍ കൗണ്‍സലിംഗ് നല്‍കും. അദാലത്ത് ഇന്നും തുടരും. ചെയര്‍പെഴ്‌സണ്‍ എം.സി ജോസഫൈന്‍, അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Top-Headlines, Pews, Complaint, Pilot Commander.