Join Whatsapp Group. Join now!
Aster MIMS 10/10/2023

സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ അവിശുദ്ധ ബന്ധം; പടയൊരുക്കത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടും: വി.ഡി സതീശന്‍

കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘടിKasaragod, Kerala, news, Press Club, Press meet, CPM, BJP, V.D Satheeshan against CPM and BJP
കാസര്‍കോട്: (www.kasargodvartha.com 31.10.2017) കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പടയൊരുക്കം പരിപാടിയില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയും അവിശുദ്ധ ബന്ധങ്ങളും ജനങ്ങള്‍ക്കു തുറന്നുകാട്ടുമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇരു ഗവണ്‍മെന്റുകള്‍ക്കുമെതിരെ ഒരു കോടി ജനങ്ങളുടെ ഒപ്പ് ശേഖരിക്കുകയും ചെയ്യും. 22,000 ബൂത്ത് തലങ്ങളിലാണ് ഇതിന്റെ ക്യാമ്പെയിന്‍ പ്രവര്‍ത്തനം നടന്നുവരുന്നത്. മൂന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ബാനറിലാണ് ജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ സിഗ്നേച്ചര്‍ ക്യാമ്പെയിനായി ഇതിനെ മാറ്റും. ബിജെപിയുടെ ജാഥ കഴിഞ്ഞു. എല്‍ഡിഎഫിന്റെ ജാഥ ബുധനാഴ്ച സമാപിക്കാനൊരുങ്ങിയിരിക്കുകയാണ്. ഇതിനിടയിലാണ് ഈ രണ്ട് യാത്രകളും ജനങ്ങളില്‍ നിന്ന് ദയനീയമായി പരാജയപ്പെട്ടിടത്തു നിന്ന് യുഡിഎഫ് പടയൊരുക്കം പരിപാടി നടത്തുന്നത്.

ബിജെപിക്കെതിരെയുള്ള മെഡിക്കല്‍ കോഴ കേസ് കത്തിനില്‍ക്കുമ്പോഴാണ് ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനായി തിരുവനന്തപുരത്ത് ബിജെപി ഓഫീസ് കത്തിക്കുകയും ആക്രമം നടത്തുകയും ചെയ്തത്. തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കലാശിച്ച ഈ അക്രമത്തിലൂടെ ബിജെപിയുടെ അഴിമതി ആരോപണത്തിന്റെ ശക്തി കുറക്കുകയാണ് ചെയ്തത്. മസ്‌കറ്റ് ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്തേക്ക് കടത്തി അടച്ചിട്ട് രഹസ്യ ചര്‍ച്ചയിലൂടെ പിന്നീട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന- ദേശീയ നേതാക്കള്‍ക്കു വരെ ബന്ധമുള്ള വിജിലന്‍സ് തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊടുത്തയാളും ഇത് വാങ്ങിയയാളും ഡല്‍ഹിയിലേക്ക് പണം കൈമാറ്റം ചെയ്തയാളും കോഴക്കഥ തുറന്നുപറഞ്ഞിട്ടും തെളിവില്ലെന്ന് പറഞ്ഞ് ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.

സിപിഎം വിട്ടതിന്റെ പേരില്‍ ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലുകയും ഇടത് മുന്നണി വിട്ട എന്‍.കെ പ്രേമചന്ദ്രന്‍ എംപിയെ കൊല്ലത്ത് പരനാറിയെന്ന് വിളിക്കുകയും ചെയ്ത സിപിഎം അവരുടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കുകയാണ് ചെയ്തത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പാലമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രമന്ത്രി കണ്ണന്താനത്തെയാണ് ഉപയോഗിക്കുന്നത്. മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ഭരണഘടനാ സ്ഥാപനമായ എ.ജി ഓഫീസിനെ പോലും ഉപയോഗിച്ചു. ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും ലഭിക്കാത്ത ഇളവാണ് തോമസ് ചാണ്ടിക്ക് ലഭിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ റിപോര്‍ട്ട് നല്‍കിയിട്ടും മന്ത്രിയെ അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കുകയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫ് പടയൊരുക്കം കാസര്‍കോട് ഉപ്പളയില്‍ നവംബര്‍ ഒന്നിന് വൈകിട്ട് നാല് മണിക്ക് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലെ 30 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയോടു കൂടി തിരുവനന്തപുരത്ത് സമാപിക്കും.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരെ ശക്തമായ പ്രചരണമായിരിക്കും പടയൊരുക്കം നടത്തുന്നത്. രാജ്യത്ത് വര്‍ഗീയതയെ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യു ഡി എഫ് സ്വീകരിക്കും. ഒന്നര വര്‍ഷമായി  അധികാരത്തിലിരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത നിഷ്‌ക്രിയമായ പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രചാരണവും ജാഥയിലൂടെ നടക്കും.

നവംബര്‍ എട്ടിന് കോഴിക്കോട് കടപ്പുറത്ത് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകര്‍ സംബന്ധിക്കുന്ന റാലി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കള്‍ പങ്കെടുക്കും. നവംബര്‍ 17ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്യും.

ദേശീയ നേതാക്കളായ ഗുലാംനബി ആസാദ്, ശരത് യാദവ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്ദീന്‍, പി ചിദംബരം, ജയറാം രമേശ്, മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരയണ സ്വാമി, സച്ചിന്‍ പൈലറ്റ്, മണിശങ്കര്‍ അയ്യര്‍ തുടങ്ങിയ ദേശീയനേതാക്കള്‍ വിവിധ ജില്ലകളിലെ യോഗങ്ങളില്‍ പങ്കെടുക്കും.

വി ഡി സതീശന്‍, ബെന്നി ബെഹന്നാന്‍, ഡോ എം കെ മുനീര്‍, വി കെ ഇബ്രാഹിം കുഞ്ഞ്, കെ പി മോഹനന്‍, ഷിബു ബേബി ജോണ്‍,എസ് ഷാനിമോള്‍, ജോണി നെല്ലൂര്‍, സി പി ജോണ്‍, വി രാംമോഹന്‍ തുടങ്ങിയവരാണ് ജാഥാംഗങ്ങള്‍. പടയൊരുക്കം വിജയിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും സ്വാഗത സംഘങ്ങള്‍ രൂപികരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. വിപുലമായ പ്രചാരണ പരിപാടികള്‍ വടക്കന്‍ ജില്ലകളില്‍ ആരംഭിച്ചുകഴിഞ്ഞു. ജാഥ എത്തുന്നതിന്റെ തലേദിവസം നിയോജക മണ്ഡല ആസ്ഥാനങ്ങളില്‍ വിളംബര ജാഥകള്‍ സംഘടിപ്പിക്കും. ബി ജെ പിയും ഇടതു മുന്നണിയും നടത്തിയ രണ്ടു ജാഥകളെയും പ്രചാരണം കൊണ്ടും ആശയപരമായും മറികടക്കുന്നതായിരിക്കും യു ഡി എഫ് പടയൊരുക്കമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Kasaragod, Kerala, news, Press Club, Press meet, CPM, BJP, V.D Satheeshan against CPM and BJP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Press Club, Press meet, CPM, BJP, V.D Satheeshan against CPM and BJP