Join Whatsapp Group. Join now!
Aster MIMS 10/10/2023

വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പിണറായിയുടെ ഫ്ളക്‌സ്; അണികളില്‍ ചര്‍ച്ച കൊഴുക്കുന്നു

ജില്ലയിലെ തന്നെ ഏറ്റവും വലിയ സിപിഎം ആസ്ഥാനമായ നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായിKerala, kasaragod, Nileshwaram, CPM, Flex board, Politics, Political party, VS Auto Stand, Inauguration, VS Achudhananthan, Pinarayi vijayan
നീലേശ്വരം: (www.kasargodvartha.com 30.10.2017) ജില്ലയിലെ തന്നെ ഏറ്റവും വലിയ സിപിഎം ആസ്ഥാനമായ നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേല്‍ക്കാന്‍ പാര്‍ട്ടികേന്ദ്രങ്ങള്‍ ഒരുങ്ങി. ഹൈവേ ജംഗ്ഷന്‍ മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെ ചെങ്കൊടികളും തോരണങ്ങളും ഒരുക്കിയാണ് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെമ്പട്ടണിയിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഏരിയാ കമ്മിറ്റി ആസ്ഥാനമായി പാലക്കാട്ട് നിര്‍മ്മിച്ച ഇ എം എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. പാര്‍ട്ടിക്കകത്ത് നിലനിന്നിരുന്ന രൂക്ഷമായ വി എസ്- പിണറായി ഗ്രൂപ്പ് പോര് ഒതുങ്ങി പാര്‍ട്ടി ഒറ്റക്കെട്ടായതിനു ശേഷം വി എസ് അച്യുതാനന്ദന്റെ തട്ടകമായ നീലേശ്വരത്ത് ആദ്യമായി എത്തുന്ന പിണറായി വിജയനെ വരവേല്‍ക്കാന്‍ എല്ലാം മറന്ന് പാര്‍ട്ടി അണികളും വര്‍ഗ്ഗ- ബഹുജന സംഘടനകളും രാപ്പകലില്ലാതെ കൈമെയ് മറന്നുള്ള പ്രവര്‍ത്തനത്തിലാണ്.

നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചുകൊണ്ട് വി എസിന്റെ തട്ടകമായ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ സിഐടിയു അണികളും പിണറായി വിജയനെ വരവേല്‍ക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ്. വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ അണികള്‍ സ്ഥാപിച്ച വി എസിന്റെ പൂര്‍ണകായ ഫ്ളക്‌സ് ബോര്‍ഡിന്റെ സമീപത്തായി പിണറായി വിജയന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്നുകൊണ്ട് നീലേശ്വരം വി എസ് ഓട്ടോ സ്റ്റാന്‍ഡ് പ്രവര്‍ത്തകര്‍ പിണറായിയുടെ ചിത്രത്തോടുകൂടിയ ഫ്ളക്‌സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. 'സഖാവ് പിണറായിക്ക് ചുവന്ന മണ്ണിലേക്ക് സ്വാഗതം' എന്ന വരികളോടെയാണ് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതില്‍ വി എസ് അച്ചുതാനന്ദന്‍, പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ എം എസ് നമ്പൂതിരിപ്പാട് എന്നിവരുടെ ചിത്രങ്ങളും പതിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തിനെത്തുന്ന പിണറായിയെയും നേതാക്കളെയും ഏരിയയിലെ പുരുഷ വനിതാ ചുവപ്പ് വളണ്ടിയര്‍മാരുടെയും ബാന്‍ഡ്‌മേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിക്കുക. പൊതുസമ്മേളനം നടത്താനായി രാജാ റോഡിലെ കൊട്ടുമ്പുറത്ത് റെയില്‍വെ മേല്‍പ്പാലത്തിന് സമീപം കാട് മൂടി കിടന്ന സ്ഥലം വെടിപ്പാക്കി വേദി ഒരുക്കി പതിനായിരം പേര്‍ക്ക് ഇവിടെ ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി അധ്യക്ഷനാകും. ആധുനിക സജ്ജീകരണങ്ങളോടെയാണ് ഓഫീസ് നിര്‍മിച്ചത്.

നീലേശ്വരത്തെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപക നേതാവ് എന്‍ ഗണപതി കമ്മത്തിന്റെ സ്മാരകസ്തൂപം ഓഫീസ് അങ്കണത്തില്‍ പൂര്‍ത്തിയായി. മുന്‍ ഏരിയാസെക്രട്ടറി കെ ചിണ്ടേട്ടന്റെ സ്മരണക്കായുള്ള സമ്മേളന ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, പഠനകേന്ദ്രം, ഡൈനിംഗ് ഹാള്‍, നവമാധ്യമ സെല്‍ തുടങ്ങിയവ ഓഫീസ് സമുച്ചയത്തില്‍ ഒരുങ്ങി. പാര്‍ട്ടിക്ക് സ്വന്തമായുള്ള 18 സെന്റ് സ്ഥലത്താണ് ഇരുനില കെട്ടിടം. 75 ലക്ഷത്തോളം ചെലവ് വരുന്ന ഓഫീസിനാവശ്യമായ ഫണ്ട് പാര്‍ട്ടി അംഗങ്ങളില്‍നിന്നും അനുഭാവികളായ ജീവനക്കാരില്‍നിന്നും വര്‍ഗ ബഹുജന സംഘടനകളില്‍നിന്നും അഭ്യുദയകാംക്ഷികളില്‍നിന്നുമാണ് ശേഖരിച്ചത്.

ഉദ്ഘാടനത്തിന് മുന്നോടിയായി ഏരിയയിലെ തലമുതിര്‍ന്ന നേതാവ് പി അമ്പാടി ഓഫീസ് അങ്കണത്തില്‍ പതാക ഉയര്‍ത്തും. മണ്‍മറഞ്ഞുപോയ നേതാക്കളുടെ ഫോട്ടോകള്‍ ജില്ലാസെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അനാഛാദനം ചെയ്യും. എന്‍ ജി കമ്മത്ത് സ്മൃതിസ്തൂപം സംസ്ഥാനകമ്മിറ്റി അംഗം കെ കുഞ്ഞിരാമനും ചിണ്ടേട്ടന്‍ സ്മാരക ഹാള്‍ സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണനും ലൈബ്രറി പഠനകേന്ദ്രം എം രാജഗോപാലന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന് മുന്നോടിയായി പകല്‍ 2.30ന് വിപ്ലവ ഗാനമേളയും അരങ്ങേറും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Nileshwaram, CPM, Flex board, Politics, Political party, VS Auto Stand, Inauguration, VS Achudhananthan, Pinarayi vijayan, Pinarayi Vijayan's flex in VS Auto stand, Controversy.