Join Whatsapp Group. Join now!
Aster MIMS 10/10/2023

പൂവണിയുന്നത് ചിരകാലസ്വപനം; അച്ചാംതുരുത്തി- കോട്ടപ്പുറം പാലം ഉദ്ഘാടനത്തിനൊരുങ്ങി

തീരദേശജനതയുടെ ചിരകാല സ്വപ്നമായ അച്ചാംതുരുത്തികോട്ടപ്പുറം പാലം ഉദ്ഘാടനത്തിനൊരുങ്ങി. ഇതോടെ തീരദേശം അതിരറ്റ ആഹ്ലാദത്തിലാണ്. പാലത്തിന്റെ നിര്‍മ്മാണം Kasaragod, Kerala, news, inauguration, Neeleswaram, Kottappuram Bridge construction in final stage
നീലേശ്വരം: (www.kasargodvartha.com 13.10.2017) തീരദേശജനതയുടെ ചിരകാല സ്വപ്നമായ അച്ചാംതുരുത്തികോട്ടപ്പുറം പാലം ഉദ്ഘാടനത്തിനൊരുങ്ങി. ഇതോടെ തീരദേശം അതിരറ്റ ആഹ്ലാദത്തിലാണ്. പാലത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. അപ്രോച്ച് റോഡിന്റെ അവസാനഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷം അവസാനത്തോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്.

പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ദേശീയപാതയ്ക്ക് സമാന്തരമായി നീലേശ്വരം മുതല്‍ പയ്യന്നൂര്‍ വരെ തീരദേശപാതയും നിലവില്‍വരും. 2010 ജൂണ്‍ 17ന് അന്നത്തെ എല്‍ ഡി എഫ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി പി ജെ ജോസഫാണ് പാലത്തിന് തറക്കല്ലിട്ടത്. 296 മീറ്റര്‍ നീളവും എട്ടുജോഡി സ്പാനുകളും തൂണുകളുമുള്ള ജില്ലയിലെ ഏറ്റവും നീളംകൂടിയ റോഡുപാലംകൂടിയായിത്തീരും അച്ചാംതുരുത്തികോട്ടപ്പുറം പാലം. ഒന്നരമീറ്റര്‍ നടപ്പാതയുമുണ്ട്.

പാലത്തിന് അച്ചാംതുരുത്തിഭാഗത്ത് 120 മീറ്ററും കോട്ടപ്പുറംഭാഗത്ത് 60 മീറ്ററും നീളത്തില്‍ സമീപനറോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയായ ഗാബിയം വാള്‍കൊണ്ടാണ് സമീപനറോഡിന്റെ സംരക്ഷണഭിത്തി തീര്‍ത്തിരിക്കുന്നത്. ഇരുമ്പുകമ്പിവലയില്‍ കരിങ്കല്ലുകൊണ്ടാണ് ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. മടക്കര മത്സ്യബന്ധന തുറമുഖം, വിനോദസഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പുറം, വലിയപറമ്പ്, കുളങ്ങാട്ട് മല, പ്രസിദ്ധമായ കോട്ടപ്പള്ളി മഖാം, നെല്ലിക്കാതുരുത്തി കഴകം, കോട്ടപ്പുറം പള്ളി, വൈകുണ്ഠ ക്ഷേത്രം, നീലേശ്വരം തളിയില്‍ ക്ഷേത്രം മന്ദംപുറത്ത് കാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ചെറുവത്തൂര്‍ മടക്കര ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് നീലേശ്വരം കാഞ്ഞങ്ങാട് നഗരങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്തിപ്പെടാനും കഴിയും. നിലവില്‍ ചെറുവത്തൂര്‍ വഴിയാണ് ഈ ഭാഗങ്ങളിലുള്ള ആളുകള്‍ നീലേശ്വരം, കാഞ്ഞങ്ങാട് നഗരങ്ങളില്‍ എത്തുന്നത്. പള്ളിക്കര റെയില്‍വെ ഗേറ്റില്‍ കൂടി കുടുങ്ങുന്നതോടെ അനുഭവിക്കുന്ന ദുരിതത്തിനാണ് കോട്ടപ്പുറം പാലം യാഥാര്‍ത്ഥ്യമാകുന്നോടെ അവസാനമാകുന്നത്.

വികസനത്തിന് പാലം മുതല്‍ക്കൂട്ടാകും. കൂടാതെ ചെറുവത്തൂര്‍, പടന്ന, വലിയപമ്പ് പിലിക്കോട്, തൃക്കരിപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും പാലം വഴിയൊരുക്കും. 22 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ആദ്യം പാലം പ്രവൃത്തി ഏറ്റെടുത്തത്. തുടര്‍ന്ന് ഇവര്‍ കൊച്ചിയിലെ തന്നെ പി.ടി മത്തായി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് സബ് കോണ്‍ട്രാക്ട് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിനാല്‍ ഇയാളെ മാറ്റുകയും പ്രവൃത്തി ജി.എം എഞ്ചിനീയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഇങ്ങനെ കരാറുകാരനെ ഇടയ്ക്കു മാറ്റേണ്ടി വന്നതും പുതിയ കരാറുകാരനെ ഏല്‍പിച്ചതില്‍ വന്ന സാങ്കേതികമായ കാലതാമസവുമാണ് പ്രധാനമായും നിര്‍മാണം വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ക്വാറി സമരം, പ്രതികൂല കാലാവസ്ഥയില്‍ പുഴയില്‍ പൈലിങ് ചെയ്യാനെടുത്ത അധിക സമയം എന്നിവയും വൈകാന്‍ കാരണമായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, inauguration, Neeleswaram, Kottappuram Bridge construction in final stage