Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇതര സംസ്ഥാന തൊഴിലാളികളുടെ പുകയില ഉപഭോഗം: നിര്‍മാണ മേഖലയ്ക്ക് ദോഷകരമാകുമെന്ന് പഠനം

കേരളത്തിലെ ഇതര സംസ്ഥാന നിര്‍മാണ തൊഴിലാളികളുടെ ആരോഗ്യം പുകയില ഉല്പന്നങ്ങളുടെ ഉപഭോഗം കാരണം അപകടത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് പുതിയ പഠനം. രണ്ടായിരത്തിലേറെ Kochi, Kerala, News, Top-Headlines, Health, Kerala’s construction sector may be hit by tobacco, cautions
കൊച്ചി: (www.kasargodvartha.com 21.10.2017) കേരളത്തിലെ ഇതര സംസ്ഥാന നിര്‍മാണ തൊഴിലാളികളുടെ ആരോഗ്യം പുകയില ഉല്പന്നങ്ങളുടെ ഉപഭോഗം കാരണം അപകടത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് പുതിയ പഠനം. രണ്ടായിരത്തിലേറെ പേരെ ഉള്‍പെടുത്തി നടത്തിയ പഠനത്തിലെ 90.25 ശതമാനം പേരും പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതായും ഇവരില്‍ 42.27 ശതമാനം പേരില്‍ കാന്‍സറിന് മുന്നോടിയായി വായില്‍ വ്രണത്തിന്റെ സാന്നിധ്യമുള്ളതായും കണ്ടെത്തി.


ഇതര സംസ്ഥാന നിര്‍മാണ തൊഴിലാളികളില്‍ പുകയില മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇതാദ്യമായാണ് പഠനം നടന്നത്. 1982 പുരുഷന്മാരും 181 സ്ത്രീകളുമായി 2163 പേരില്‍ നടത്തിയ പഠനത്തില്‍ 14 മുതല്‍ 55 വയസുവരെയുള്ള നിര്‍മാണ തൊഴിലാളികളാണ് പങ്കെടുത്തത്. പുകയില ഉപയോഗിക്കുന്നവരില്‍ 84.74 ശതമാനം പേര്‍ പുരുഷന്മാരും 5.51 ശതമാനം പേര്‍ സ്ത്രീകളുമാണ്. പങ്കെടുത്തവരില്‍ ഏകദേശം 35 ശതമാനത്തോളം പേര്‍ ആറുമുതല്‍ പത്തുവര്‍ഷം വരെയായി പുകയില ഉപയോഗിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.

എറണാകുളത്തെ സെന്റ്. ഗ്രിഗോറിയസ് ഡെന്റല്‍ കോളെജിന്റെ പൊതുജനാരോഗ്യ ഡെന്‍ടിസ്ട്രി വകുപ്പ്, കണ്ണൂര്‍ ഡെന്റല്‍ കോളെജ് എന്നിവ സംയുക്തമായി എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ എന്നീ മുനിസിപ്പാലിറ്റികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രബന്ധം ജേണല്‍ ഓഫ് കണ്‍ടെംപററി ഡെന്റല്‍ പ്രാക്റ്റീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പകുതിയിലേറെപ്പേര്‍ (52.3 ശതമാനം) കേരളത്തില്‍ നിരോധിച്ചിരിക്കുന്ന പാന്‍ മസാല (പാന്‍ പരാഗ്) ഉള്‍പ്പെടെയുള്ള പുകരഹിത പുകയില ഉത്പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. പുകവലിക്കുന്നവരില്‍ 15.93 ശതമാനം പേര്‍ സിഗററ്റും 12.76 ശതമാനം പേര്‍ ബീഡിയും ഉപയോഗിക്കുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ കാല്‍ഭാഗത്തിലേറെ പേര്‍ (28.64 ശതമാനം) പുകയുള്ളതും ഇല്ലാത്തതുമായ പുകയില ഒരേസമയം ഉപയോഗിക്കുന്നു.

88.83 ശതമാനം പേര്‍ ഒരിക്കലും പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ശ്രമിക്കാത്തതായും 58.09 ശതമാനം പേര്‍ പുകയില ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തതുമായാണ് പഠനത്തിന്റെ മറ്റൊരു പ്രധാന കണ്ടെത്തല്‍. പ്രവാസത്തോടനുബന്ധിച്ച് ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളാണ് ഇവരില്‍ പുകയില ഉപയോഗം ഉയര്‍ന്ന അളവില്‍ കണ്ടുവരാന്‍ കാരണമായി പഠനം പറയുന്നത്. ഈയിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍പരിശീലനം നേടിയ ചോദ്യകര്‍ത്താക്കള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് പുകവലി ശീലത്തിന്റെ ദൈര്‍ഘ്യവും തരവും, പുകയില ഉപേക്ഷിക്കാനുള്ള ശ്രമങ്ങളും അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചത്.

കേരളത്തിലെ നിര്‍മാണ മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, കഠിനമായ ജോലി, ദാരിദ്ര്യം, സാക്ഷരതക്കുറവും അതോടൊപ്പം ഉണ്ടാകുന്ന വിവരക്കുറവും തുടങ്ങിയ തൊഴില്‍ജന്യ പ്രശ്‌നങ്ങളുടെ ഇരകളാണെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവും സെന്റ് ഗ്രിഗോറിയസ് കോളെജിലെ സീനിയര്‍ ലക്ചററുമായ ഡോ. അന്‍സില്‍ കെ.എസ്. അലി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ മാതൃഭാഷയില്‍ തയ്യാാക്കിയതും, ശീലമാറ്റം കൃത്യമായ ലക്ഷ്യമിട്ടുള്ളതുമായ ബോധവത്കരണം അനിവാര്യമാണ്. 25 മുതല്‍ 34 വരെ പ്രായമുള്ള യുവാക്കളില്‍ ഖൈനി ഉപയോഗത്തിന് താത്പര്യം കണ്ടുവരുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പുകരഹിത പുകയില ഉത്പ്പന്നങ്ങളുടെ മേലുള്ള നിരോധനം കര്‍ശനമായി നടപ്പാക്കണമെന്നും ഡോ. അന്‍സില്‍ ആവശ്യപ്പെട്ടു.

നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 40 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Top-Headlines, Health, Kerala’s construction sector may be hit by tobacco, cautions study.