Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിന് എച്ച്‌ഐവിയെന്ന് സ്വകാര്യ ലാബ് റിപ്പോര്‍ട്ട്, യുവാവും ബന്ധുക്കളും പരിശോധിച്ച നഴ്‌സും കൊടിയ മാനസിക സമ്മര്‍ദ്ദത്തില്‍; വീണ്ടും പരിശോധിച്ചപ്പോള്‍ റിപ്പോര്‍ട്ട് തെറ്റ്, മാപ്പു പറഞ്ഞ് ലാബ് അധികൃതര്‍

ഹീമോഫീലിയ ബാധിതനായ 21കാരന്റെ രക്തം പരിശോധിച്ച് എച്ച് ഐ വി പോസിറ്റീവ് എന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബ് Kasaragod, Kozhikode, Family, Nurse, Report, Youth, News, Kerala.
കോഴിക്കോട്: (www.kasargodvartha.com 08/07/2017) ഹീമോഫീലിയ ബാധിതനായ 21കാരന്റെ രക്തം പരിശോധിച്ച് എച്ച് ഐ വി പോസിറ്റീവ് എന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബ് അധികൃതര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുടുംബം. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ യുവാവും കുടുംബവുമാണ് നടപടിക്കായി അധികൃതരെ സമീപിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആലിയ ഡയഗ്‌നോസ്റ്റിക്‌സ് ആന്റ് റിസര്‍ച്ച് സെന്റര്‍ ലാബില്‍ നിന്നാണ് യുവാവിന്റെ രക്തം പരിശോധിച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്.

ഹീമോഫീലിയ രോഗത്തെ തുടര്‍ന്ന് 17 വര്‍ഷമായി ചികിത്സ തുടരുന്ന കുടുംബത്തിന് ബുധനാഴ്ചയാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ഹിമോഫീലിയ ചികിത്സയുടെ ഭാഗമായി രക്തം മാറാന്‍ ബുധനാഴ്ച വൈകിട്ടാണ് പിതാവിനൊപ്പം യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത്. ഇയാളുടെ ദേഹത്ത് സിറിഞ്ച് കുത്തുന്നതിനിടയില്‍ പുരുഷ നഴ്‌സിന്റെ കൈയില്‍ അബദ്ധത്തില്‍ സൂചി കൊണ്ടു മുറിവുണ്ടായി. നഴ്‌സ് ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോള്‍ പരിശോധനയ്ക്ക് വന്ന യുവാവിന് എലിസ ടെസ്റ്റ് നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ലാബ് അടച്ചതിനാല്‍ സ്വകാര്യ ലാബായ ആലിയിലാണ് രക്തം പരിശോധിച്ചത്. എച്ച് ഐ വി പോസിറ്റീവ് എന്ന ഫലമാണ് അവര്‍ നല്‍കിയത്. എച്ച് ഐ വിയുടെ കൂടിയ അളവായ 5.32 ആണ് രേഖപ്പെടുത്തിയിരുന്നത്.

Kasaragod, Kozhikode, Family, Nurse, Report, Youth, News, Kerala, Wrong HIV report makes legal action

ഫലം കണ്ട നഴ്‌സ് ആശങ്കയിലായി. ഇതോടെ ഡോക്ടര്‍ വീണ്ടും യുവാവിന്റെ രക്തപരിശോധനയ്ക്ക് നിര്‍ദേശിച്ചു. രക്തഫല റിപ്പോര്‍ട്ടറിഞ്ഞ യുവാവും കുടുംബവും ഈ സമയം കടുത്ത മാനസിക സമ്മര്‍ദത്തിലായി. ശേഷം മറ്റൊരു സ്വകാര്യ ലാബില്‍ രക്തം വീണ്ടും പരിശോധിച്ചപ്പോള്‍ എച്ച് ഐ വി നെഗറ്റീവാണെന്നായിരുന്നു ഫലം. വ്യാഴാഴ്ച വീണ്ടും മെഡിക്കല്‍ കോളജിലെ തന്നെ ജ്യോതിസ് ലാബില്‍ രക്തം പരിശോധിച്ച് എച്ച് ഐ വി ഇല്ലെന്ന് സ്ഥിരീകരിച്ചു.

അതിനിടെ, യുവാവിന് സിറിഞ്ച് കുത്തുന്നതിനിടയില്‍ അബദ്ധത്തില്‍ സൂചിയേറ്റ് മുറിവുണ്ടായ പുരുഷ നഴ്‌സ് എച്ച് ഐ വി ബാധയേല്‍ക്കുമോ എന്ന ഭയത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി. ഇതേ തുടര്‍ന്ന് ആറു മണിക്കൂറിനകം കഴിക്കേണ്ട എച്ച് ഐ വി പ്രതിരോധ മരുന്നായ ആന്റി റിട്രോ എന്ന മരുന്ന് കോഴിക്കോട് ലഭ്യമല്ലാത്തതിനാല്‍ ഉടനെ പെരിന്തല്‍മണ്ണയില്‍നിന്ന് സംഘടിപ്പിച്ച് കഴിക്കുകയുമുണ്ടായി. കഴിഞ്ഞദിവസം പരിശോധനാ റിപ്പോര്‍ട്ട് മാറിയെന്നു വ്യക്തമായതോടെയാണ് ഇരുവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമായത്. അപ്പോഴും പ്രതിരോധ മരുന്ന് കഴിച്ചതിന്റെ പാര്‍ശ്വഫലവും മറ്റും ഇവരെ വേട്ടയാടുകയാണ്.

ലാബിനെതിരെ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഉപഭോക്തൃ കോടതി എന്നിവയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പരാതി നല്‍കിയതായി യുവാവിന്റെ പിതാവ് പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കും പരാതി നല്‍കുമെന്ന് ഇദ്ദേഹം അറിയിച്ചു. അതിനിടെ, തെറ്റായ ലാബ് റിപ്പോര്‍ട്ട് നല്‍കിയ ജീവനക്കാരനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായി ആലിയ ലാബിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സുജേഷ് പറഞ്ഞു.

ഇരകളുടെ മനോവിഷമത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. 38 ലക്ഷം രൂപ മുടക്കി വാങ്ങിയ മെഷീനിലെ സ്‌ക്രീനില്‍ തെളിഞ്ഞ റിപ്പോര്‍ട്ടാണ് ടെക്‌നീഷ്യന്‍ നല്‍കിയത്. പക്ഷേ, എച്ച് ഐ വി പോസിറ്റീവ് ആണെന്നു തെളിഞ്ഞാല്‍ അത് ക്രോസ്‌ചെക്ക് ചെയ്യേണ്ട ഉത്തരവാദിത്ത്വവും ബന്ധപ്പെട്ടവരെ റിപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്ത്വവും ഞങ്ങള്‍ക്കുണ്ടായിരുന്നു. അത് പാലിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം സമ്മതിച്ചു.

എയ്ഡ്‌സ് ഉണ്ടെന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബിനെതിരെ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് ഡി എം ഒ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ ദേവി പറഞ്ഞു. ലാബിനെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പിന് അധികാരമില്ലെന്നും അവര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kozhikode, Family, Nurse, Report, Youth, News, Kerala, Wrong HIV report makes legal action