Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെലവുകുറഞ്ഞ ത്രീഡി ബയോണിക് കൃത്രിമ കൈയുമായി തലസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ്

വിപണിയിലുള്ളതിന്റെ പത്തിലൊന്നു മാത്രം വിലയില്‍ ത്രീഡി പ്രിന്റിംഗിലൂടെ ബയോണിക് കൃത്രിമകൈ തലസ്ഥാനത്തെ ഓണ്‍ബിസ് എന്ന സ്റ്റാര്‍ട്ടപ് വികസിപ്പിച്ചെടുത്തു Thiruvananthapuram, Kerala, Technology, Top-Headlines, News, Sophisticated bionic hand ‘holds’
തിരുവനന്തപുരം: (www.kasargodvartha.com 05.07.2017) വിപണിയിലുള്ളതിന്റെ പത്തിലൊന്നു മാത്രം വിലയില്‍ ത്രീഡി പ്രിന്റിംഗിലൂടെ ബയോണിക് കൃത്രിമകൈ തലസ്ഥാനത്തെ ഓണ്‍ബിസ് എന്ന സ്റ്റാര്‍ട്ടപ് വികസിപ്പിച്ചെടുത്തു. മുറിച്ചുമാറ്റപ്പെട്ട കൈയുടെ ബാക്കിയുള്ള ഭാഗം നല്‍കുന്ന നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഈ ബയോണിക് കൈയുടെ ഡെമൊണ്‍സ്‌ട്രേഷന്‍ പാര്‍ക്കില്‍ ബുധനാഴ്ച നടന്ന ഫയാ80 ചര്‍ച്ചാസമ്മേളനത്തില്‍ ശ്രദ്ധ നേടി.


നിലവില്‍ വിപണിയില്‍ ലഭ്യമായ ബയോണിക് കൃത്രിമകൈകള്‍ക്ക് 10 ലക്ഷത്തിന് മുകളില്‍ ചെലവ് വരുമ്പോള്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത ഉത്പ്പന്നത്തിന് വിപണിയിലെത്തുമ്പോഴേക്കും പരമാവധി ഒന്നേകാല്‍ ലക്ഷം രൂപ മാത്രമേ വില വരുന്നുള്ളുവെന്ന് ഓണ്‍ബിസ് സി ഇ ഒ സഞ്ജു മാത്യു പറഞ്ഞു. ചെലവുകുറഞ്ഞതും തനതായി വികസിപ്പിച്ചെടുത്തതുമായ സാങ്കേതികവിദ്യ കാരണമാണ് ഇത്ര വിലക്കുറവില്‍ നല്‍കാനാവുന്നതെന്ന് സഞ്ജു പറഞ്ഞു. മറ്റ് ഉത്പ്പന്നങ്ങളേക്കാള്‍ ഉപഭോക്തൃ സൗഹൃദവും തനത് ഉപയോഗത്തിന് അനുയോജ്യവുമാണിത്.

ഐടിയുടെ ഭാവി ഗതിവിഗതികളെക്കുറിച്ച് ടെക്‌നോപാര്‍ക്കില്‍ നാലുവേദികളിലായി ബുധനാഴ്ച നടന്ന ഏകദിന ചര്‍ച്ചാസമ്മേളനമായ 'ഡിസ്‌റപ്റ്റ് കേരള 2017'ന്റെ ഭാഗമായി നടന്ന തത്സമയ ഡെമൊണ്‍സ്‌ട്രേഷനിലാണ് ബയോണിക് കൃത്രിമകൈയുടെ രണ്ടാംതലമുറ മാതൃകയായ ഉത്പ്പന്നം പ്രദര്‍ശിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം), നാസ്‌കോം, ഐസിഫോസ് എന്നിവരാണ് ഫായ : 80 ഡിസ്‌റപ്റ്റ് കേരള 2017 ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചത്.

കൈമുട്ടിലെ പ്രവര്‍ത്തനക്ഷമമായ പേശികളിലും ഞരമ്പുകളിലും നിന്ന് വയറുകളിലുടെ സന്ദേശങ്ങള്‍ മൈക്രോപ്രോസസറിലേയ്ക്കു നല്‍കുകയും അവിടെനിന്നു ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇലക്‌ട്രോഡുകള്‍ക്കു നല്കിയുമാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ചലനം തത്സമയല്ലെങ്കിലും സന്ദേശങ്ങളും പ്രവര്‍ത്തനവും തമ്മിലുള്ള ഇടവേള ഇനിയും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ വികസനപ്രക്രിയയ്‌ക്കൊപ്പം നടക്കുന്നുണ്ട്. 2010ല്‍ ആശയാവിഷ്‌കാരം നടത്തിയ കൃത്രിമകൈയുടെ മൂന്നാം തലമുറ മാതൃക 2018ല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനത് രീതിയില്‍ മാറ്റിയെടുക്കാവുന്ന പ്ലാറ്റ്‌ഫോം അധിഷ്ഠിതമായി ആന്തരിക ഹാര്‍ഡ്‌വെയറും കമ്യൂണിറ്റി വികസിത സോഫ്റ്റ്‌വെയറിന്റെ ഉപയോഗം സാധ്യമാക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റവും സംയോജിപ്പിച്ചുള്ള നൂതന രൂപകല്‍പ്പനയാണ് ബയോണിക് കൈക്കുള്ളത്.

വളരെ കുറച്ച് സജ്ജീകരണങ്ങള്‍ മാത്രമുള്ള അടിസ്ഥാന മാതൃക ലഭ്യമാക്കുകയും കൂടുതല്‍ സജ്ജീകരണങ്ങള്‍ നല്‍കുന്നതിന് പിന്നെയും പണം ഈടാക്കുകയും ചെയ്യുന്ന ക്ലോസ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം മാതൃകകളില്‍നിന്ന് വിഭിന്നമായി, തങ്ങളുടെ ഉത്പ്പന്നത്തില്‍, വെബ് അധിഷ്ഠിത വിപണിയില്‍നിന്ന് ഉപയോക്താവിന് ആവശ്യമുള്ള സൗകര്യങ്ങള്‍ തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതിനായി ഗ്രാഫിക്കല്‍ ഇന്റര്‍ഫേയ്‌സ് ലഭ്യമാക്കിയിട്ടുള്ളതായി സഞ്ജു മാത്യു പറയുന്നു.

ഓണ്‍ബിസിന്റെ നൂതനമായ സ്ലിപ് സെന്‍സര്‍ സംവിധാനമാണ് കൃത്രിമകൈയുടെ ചിലവുകുറയ്ക്കാനുള്ള മറ്റൊരു കാരണം. 400 രൂപ വിലവരുന്ന ഈ സെന്‍സര്‍ സംവിധാനം ആറ് സെന്‍സറുകള്‍ ഉപയോഗിച്ച് വിവിധ വസ്തുക്കള്‍ പിടിക്കേണ്ടതിന് ആവശ്യമായ ബലം കണ്ടെത്തും. ഈ ഉത്പ്പന്നത്തിലൂടെ ഭാവിയിലെ മെച്ചപ്പെടുത്തലുകള്‍ക്കായി കമ്പനിക്ക് പണം മാറ്റിവയ്‌ക്കേണ്ടിവരുന്നില്ലെന്ന് സഞ്ജു പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പാക്കല്‍ മുതല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിങ് വരെയുള്ള ആപ്ലിക്കേഷനുകള്‍ ഡവലപ്പര്‍ സമൂഹം വികസിപ്പിക്കുന്നുണ്ട്. 3ഡി പ്രിന്റിങ് സാധ്യതയും റിപ്പയര്‍ ചെയ്യാനുള്ള സാധ്യതയും കാരണം ഉത്പ്പന്നത്തിന്റെ കുറഞ്ഞ നിര്‍മാണ ചെലവു പരിഗണിക്കുമ്പോള്‍ ഉപയോക്താവിന് മികച്ച വിലക്കുറവ് നല്‍കാനാകുമെന്ന് സഞ്ജു കൂട്ടിച്ചേര്‍ത്തു.

അടുത്ത പതിപ്പായി ഇറങ്ങുന്ന മൂന്നാം തലമുറ ബയോണിക് കൃത്രിമകൈയില്‍ വയര്‍ലെസ് ഉപയോഗം, ചാര്‍ജിങ് സൗകര്യം, എടുത്തുമാറ്റാവുന്ന ബാറ്ററി, മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെയുള്ള ബാറ്ററി ശേഷി തുടങ്ങിയവയുണ്ടായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Technology, Top-Headlines, News, Sophisticated bionic hand ‘holds’ benefits, savings for users.