city-gold-ad-for-blogger

കുരുന്നുകളെ നീന്തല്‍ വിദഗ്ധരാക്കാന്‍ ഇത്തവണയും മുഹമ്മദ്് കുഞ്ഞിയുടെ പരിശീലനക്കളരി

മൊഗ്രാല്‍: (www.kasargodvartha.com 10.07.2017) മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ വെള്ളം നിറഞ്ഞാല്‍ പിന്നീടങ്ങോട്ട് കുളം മൊഗ്രാലിന്റെ നീന്തല്‍ താരം എം. എസ്. മുഹമ്മദ് കുഞ്ഞിയുടെ നിയന്ത്രണത്തിലാണ്. മുഹമ്മദ് കുഞ്ഞിയെ തേടിയെത്തുന്ന കുട്ടികള്‍ക്ക് ഇനി സൗജന്യമായി നീന്തല്‍ പഠിച്ച് പോരാം. കഴിഞ്ഞ 28 വര്‍ഷമായി സൗജന്യ നീന്തല്‍ പരിശീലകനാണ് എം. എസ് മുഹമ്മദ് കുഞ്ഞി. ഏകദേശം 3,500 ഓളം കുട്ടികള്‍ക്ക് ഇതിനകം നീന്തല്‍ പരിശീലിപ്പിച്ചു കഴിഞ്ഞു.

ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ പരിശീലനത്തിന്നായി കണ്ടത്തില്‍ പള്ളിക്കുളത്തിലെത്തുമ്പോള്‍ നാട്ടുകാരും സന്നദ്ധസംഘടനകളുമൊക്കെ ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകും. ഒപ്പം വേണ്ടത്ര പ്രോത്സാഹനവും. 1990 ലാണ് എം.എസ് മുഹമ്മദ് കുഞ്ഞി നീന്തല്‍ പരിശീലനത്തിന് തുടക്കം കുറിച്ചത്. ഇതേ പള്ളിക്കുളത്തിലാണ് മുഹമ്മദ് കുഞ്ഞി ആരുടേയും സഹായമില്ലാതെ തന്നെ നീന്തല്‍ അഭ്യസിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ ചാട്ടവും അഭ്യാസവുമൊക്കെ കുട്ടികളെ ആകര്‍ഷിച്ചു തുടങ്ങിയതോടെയാണ് നീന്തല്‍ പഠിക്കാന്‍ കുട്ടികള്‍ താല്പര്യമെടുത്തു തുടങ്ങിയത്. തനിക്കറിയാവുന്ന കാര്യം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു കൊടുക്കുകയെന്ന ലക്ഷ്യവുമായാണ് കഴിഞ്ഞ 28 വര്‍ഷമായി മുഹമ്മദ് കുഞ്ഞി നീന്തല്‍ പരിശീലനം നല്‍കി വരുന്നത്.

ഈ വര്‍ഷത്തെ പരിശീലനം ഈ മാസം 17 മുതല്‍ ആരംഭിക്കുമെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. പരിശീലനത്തിനെത്തുന്നത് എട്ടു വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണേറെയും. വൈകുന്നേരം മൂന്നു മണി മുതല്‍ ആറു മണി വരെയാണ് പരിശീലന സമയം. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ സമയം ലഭിച്ചാല്‍ രാവിലെയും പരിശീലിപ്പിക്കും. നാട്ടിലെ കുട്ടികളെ ലക്ഷ്യമാക്കിയാണ് തുടങ്ങിയതെങ്കിലും സൗജന്യ നീന്തല്‍ പരിശീലനം പത്രമാധ്യമങ്ങളില്‍ കൂടി അറിഞ്ഞതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ എത്തിത്തുടങ്ങിയതോടെ മുഹമ്മദ് കുഞ്ഞി ഏറെ ശ്രദ്ധേയനായി... ഒപ്പം സന്തോഷവും. ഇത് തനിക്ക് കിട്ടിയ വലിയ അംഗീകാരമായി മുഹമ്മദ് കുഞ്ഞി കാണുന്നു.

വൈകുന്നേരമായാല്‍ നീന്തല്‍ കുളം കുട്ടികളെ കൊണ്ട് നിറഞ്ഞു കവിയും. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് തന്നെ കുട്ടികള്‍ നീന്തല്‍ പരിശീലനം നേടുന്നുണ്ടെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നത്. ഇതിനായി മുഹമ്മദ് കുഞ്ഞി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അപേക്ഷാ ഫോമും തയ്യാറാക്കി നല്‍കും. ഇതില്‍ രക്ഷിതാവും കുട്ടിയും പൂര്‍ണ്ണമായ പേരും, അഡ്രസ്സും ഒപ്പും വച്ചു നല്‍കിയാലേ മുഹമ്മദ് കുഞ്ഞി പരിശീലനം നല്‍കൂ.

മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലനത്തിന്റെ 25-ാം വാര്‍ഷികാഘോഷ വേളയില്‍ മുഹമ്മദ് കുഞ്ഞിയെ ജില്ലയിലെ നീന്തല്‍ പരിശീലകനായി നിയമിച്ചു സര്‍ക്കാര്‍ അംഗീകാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ മുഹമ്മദ് അബ്കോ 2014 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ നടപടി സ്വീകരിക്കുന്നതിനായി ഉമ്മന്‍ചാണ്ടി അന്ന് തന്നെ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വൈകിയാണെങ്കിലും നാട്ടുകാരുടെ അംഗീകാരത്തോടൊപ്പം സര്‍ക്കാര്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് കുഞ്ഞി. മത്സ്യത്തൊഴിലാളിയായ മുഹമ്മദ് കുഞ്ഞി ഇശല്‍ ഗ്രാമത്തിലെ ഒരു കലാകാരന്‍ കൂടിയാണ്. കോല്‍ക്കളി, ദഫ്, ബാന്‍ഡ്മേളം എന്നിവയും കുട്ടികള്‍ക്ക് പരിശീലിപ്പിച്ചു വരുന്നു.

കുരുന്നുകളെ നീന്തല്‍ വിദഗ്ധരാക്കാന്‍ ഇത്തവണയും മുഹമ്മദ്് കുഞ്ഞിയുടെ പരിശീലനക്കളരി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Mogral, news, Swimming, Mohammed Kunhi passed 28 years in train swimming for child

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia