Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ക്കടകമെത്തി; രാമായണ മാസത്തിന്റെ പ്രാധാന്യം അറിയാം

ഇത് കര്‍ക്കടകം. കര്‍ക്കിടകം എന്നാണ് മിക്കവരും എഴുതാറെങ്കിലും കര്‍ക്കടകമാണ് കൂടുതല്‍ Article, Prathibha-Rajan, Ramayana, Food.
നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 17.07.2017)
ഇത് കര്‍ക്കടകം. കര്‍ക്കിടകം എന്നാണ് മിക്കവരും എഴുതാറെങ്കിലും കര്‍ക്കടകമാണ് കൂടുതല്‍ ശരി. കൃന്തനം ചെയ്യുന്നത് എന്ന അര്‍ത്ഥത്തിലായിരിക്കണം അങ്ങനെ പേരു വന്നത്. കൃന്തനം എന്നാല്‍ പിളര്‍ക്കുക, ഇറുക്കുക, മുറിക്കുക, നുള്ളുക, കാര്‍ന്നു തിന്നുക എന്നൊക്കെ അര്‍ത്ഥം. ഞണ്ടിന്റെ സ്വഭാവമാണ് കര്‍ക്കടകത്തിന്. കര്‍ക്കിടകം രാശിയും ഞണ്ടും തമ്മിലുള്ള ബന്ധം വിവരിക്കേണ്ടതില്ലല്ലോ. പട്ടിണി കാര്‍ന്നു തിന്നുന്ന വറുതിയുടെ പഞ്ഞ മാസമാണിത്. ഞെങ്ങിഞെരുങ്ങി, പുറത്തിറങ്ങാന്‍ വഴി കാണാതെ, തൊടിയില്‍ വിളയുന്ന ഇല നുള്ളി കറിയാക്കാന്‍ പോലും പാടില്ലാത്ത വറുതിയുടെ കാലം.

പ്രകൃതി തന്നെ നിസ്സഹായാവസ്ഥയിലെത്തുന്ന ഈ ദശാസന്ധിയില്‍ ആത്മ ധൈര്യം കൈവരണം. അതിന് ശ്രീരാമന്റെ കഥയോളം പോന്ന മറ്റൊന്നില്ല. രാമന്റെയും സീതയുടെയും കഥ വായിച്ച് ആത്മ ധൈര്യം ആര്‍ജ്ജിക്കുവാനുള്ള ആഹ്വാനമാണ് കര്‍ക്കടകത്തിലെ രാമായണ മാസാചരണം. തമിഴര്‍ക്ക് ഇത് ആടിമാസം.

സൂര്യന്‍ ദക്ഷിണായന രാശിയിലെത്തുന്നത് കര്‍ക്കടകത്തിലാണ്. ദേവന്മാരുടെ രാശിയാണിത്. ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമായി ജ്യോതിഷം കണക്കാക്കുന്നു. ജീവജാലങ്ങളുടെ രക്ഷകര്‍ത്താക്കളായ ദേവന്മാര്‍ അടക്കം, സൂര്യനു പോലും ശക്തി ക്ഷയിക്കുമ്പോള്‍ ഭൂമിയുടെ കൂടി ചൈതന്യത്തിന് ലോപം സംഭവിക്കുന്നു. ജലരാശിയായ കര്‍ക്കടകത്തിന്റെ ഉദയമെന്നാല്‍ സൂര്യനെപ്പോലും നിഷ്പ്രഭമാക്കാന്‍ കഴിയുന്ന ശക്തി സ്രോതസെന്ന് സാരം. കള്ളക്കര്‍ക്കടകമെന്നും, പഞ്ഞമാസമെന്നും പറഞ്ഞ് നമ്മെ ഈ ചിന്ത ഭയപ്പെടുത്തുകയാണ്.

Article, Prathibha-Rajan, Ramayana, Food, Importance of month of Ramayana.

തുള്ളിക്കൊരു കുടം പേമാരി, ജലരാശി കൂടിയായ കര്‍ക്കടകത്തിലുടെ സൂര്യന്‍ സഞ്ചരിക്കുന്ന, തേജസ് കുറയുന്ന കാലത്തിലൂടെയുള്ള യാത്രക്കിടയില്‍ നാം മരിച്ചു പോയവരെ വരെ ഓര്‍ത്തു പോകുന്നു. ചത്തോര്‍ക്കു കൊടുക്കലെന്ന പേരിലുള്ള വെച്ചു വിളമ്പി പടിഞ്ഞാറ്റയില്‍ മീത് വെക്കുന്നതിനു പിന്നിലും കര്‍ക്കടകത്തില്‍ പ്രേതാത്മാക്കള്‍ക്കു പോലും രക്ഷയില്ലെന്ന സങ്കല്‍പ്പമാണുള്ളത്. പരേതാത്മാക്കളെ വരെ ഭജിക്കുന്ന കാലമാണിത്. തൊടിയില്‍ വിരിയുന്ന പച്ചിലകളുടെ കറിക്കൂട്ടുകള്‍ക്ക് പുലയാണെന്നും കര്‍ക്കടകത്തില്‍ അവ വര്‍ജ്യമെന്നും അമ്മൂമ്മമാര്‍ പറഞ്ഞു തരുന്നതിന് നിദാനം സൂര്യന്‍ പോലും ക്ഷീണിതനാകുന്നതിനാലാണ്. ദുഷ്ച്ചേഷ്ടകള്‍ പെറ്റു പെരുകുന്ന കാലം. ഭൂമിക്കു തന്നെ വന്നു പെട്ടിരിക്കുന്ന അപജയത്തില്‍ നിന്നുമുള്ള കരകയറലാണ് വിശ്വാസികള്‍ക്ക് രാമായണ പാരായണം. രാമനേപ്പോലെ പ്രതിസന്ധികളെ നേരിട്ട വേറേതു വീരപുരുഷനുണ്ട് നമുക്ക്.

സ്‌നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ അനുവര്‍ത്തിച്ചതിനു ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണം ഉരുവിടണമെന്നാണ് വിധി. രാവിലെ ദശപുഷ്പങ്ങള്‍ വച്ച് കുറഞ്ഞു കൊണ്ടിരിക്കുന്ന ഐശ്യര്യത്തെ വീട്ടിലേക്ക് ആവാഹിക്കും. കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി, കിണ്ടിയില്‍ വെള്ളവും തുളസിക്കതിരും, താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും രാമായണ ഗ്രന്ഥവും പുതുവസ്ത്രവും വച്ചു പൂജിക്കൂം. വൈകീട്ടേ ഇത് എടുത്തു മാറ്റൂ. ചിങ്ങം പിറക്കുന്നതു വരെ ഇതു തുടരും. മലബാറില്‍ ഫാഷന്‍ വന്നു കേറിയതോടെ ഇതിനൊക്കെ മങ്ങലേറ്റിട്ടുണ്ട്.

കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കടകം. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നും പഥ്യമാണ്. ഉഴിച്ചലിനും, പിഴിച്ചലിനും പറ്റിയ മാസം. അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം. രാമനെ മനുഷ്യ പക്ഷത്തു നിര്‍ത്തി നമുക്ക് വാല്‍മീകി രചിച്ച രാമായണ കഥ ഉരുവിടാം. ദേവപക്ഷത്തു നിര്‍ത്തിയുള്ള വായനക്ക് ആദ്ധ്യാത്മ്യ രാമായണമായിരിക്കും ഉചിതം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Ramayana, Food, Importance of month of Ramayana.