Join Whatsapp Group. Join now!
Aster MIMS 10/10/2023

വൈസ്പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസം: അരങ്ങേറുന്നത് നാടകീയ നീക്കങ്ങള്‍

കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ്പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് സിപിഎം അംഗങ്ങള്‍ നോട്ടീസ് Kasaragod, Kuttikol, Panchayath, CPM, BJP, RSP, Congress, Protest.
കാസര്‍കോട്: (www.kasargodvartha.com 17/07/2017) കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ്പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് സിപിഎം അംഗങ്ങള്‍ നോട്ടീസ് നല്‍കിയതോടെ അവിശ്വാസം ജയിപ്പിക്കാനും അവിശ്വാസത്തെ പരാജയപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി. ഏതു വിധേനയും അവിശ്വാസ പ്രമേയം പാസാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം.

ഇപ്പോഴത്തെ ഭരണ സമിതിക്ക് പിന്തുണ നല്‍കുന്ന രണ്ട് അംഗങ്ങളെ അടര്‍ത്തിയെടുക്കാമെന്ന വിശ്വാസത്തിലാണ് സിപിഎം. ഇതിനായി കരുക്കള്‍ നീക്കിയതിനു ശേഷമാണ് അവര്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആര്‍എസ്പി അംഗമായ രാജേഷിന്റേയും സ്വതന്ത്രനായ സുനീഷ് ജോസഫിന്റേയും പിന്തുണ ലഭിക്കും എന്ന പ്രതീക്ഷയിലാണ് സിപിഎം.

Kasaragod, Kuttikol, Panchayath, CPM, BJP, RSP, Congress, Protest

സ്വതന്ത്ര അംഗത്തിന് വൈസ് പ്രസിഡണ്ട് സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. വൈസ്പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസം പാസായാല്‍ സുനീഷ് ജോസഫിനെ വൈസ് പ്രസിഡണ്ട് ആക്കിക്കൊണ്ട് പ്രസിഡണ്ടിനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണം പിടിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

ആര്‍എസ്പി നേതാവ് ഹരീഷ് ബി നമ്പ്യാരുടെഉടമസ്ഥതയിലുള്ള വിദ്യാലയത്തില്‍ പുതുതായി തുടങ്ങിയ അഞ്ചാം ക്ലാസില്‍ പുതിയ അധ്യാപക തസ്തികക്ക് അംഗീകാരം നല്‍കുന്നതിന് സിപിഎം നേതൃത്വം ഇട്ട വിലയാണത്രെ അവിശ്വാസ പ്രമേയത്തിന് ആര്‍എസ്പി അംഗത്തിന്റെ പിന്തുണയെന്നും നാട്ടില്‍ സംസാരമുണ്ട്.

സ്വതന്ത്ര അംഗമായ സുനീഷ് ജോസഫ് അവിശ്വാസത്തെ അനൂലിക്കുമെന്ന കിംവദന്തി പരന്നതോടെ സുനീഷ് ജോസഫിനെതിരെ വാര്‍ഡില്‍ ശക്തമായ പ്രതിഷേധം രൂപപ്പെട്ടു. സ്വതന്ത്രനായി ജയിച്ച് രണ്ട് വര്‍ഷത്തോളം കോണ്‍ഗ്രസ്-ബിജെപി അംഗ ഭരണ സമിതിക്കൊപ്പം നിന്നയാള്‍ സിപിഎമ്മിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞാല്‍ തികഞ്ഞ അവസരവാദ നിലപാടാകുമെന്നും അത്തരമൊരു നീക്കം ആത്മഹത്യാപരമായിരിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ സജീവ പിന്തുണയോടെ തന്നെയായിരുന്നു സുനീഷ് ജോസഫ് സ്വതന്ത്രനായി മത്സരിച്ചത്. ജയിച്ചാല്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ജനങ്ങള്‍ക്ക് സുനീഷ് ജോസഫ് ഉറപ്പ് നല്‍കിയിരുന്നു. ചതുഷ്കോണ മത്സരത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സുനീഷ് ജോസഫ് അവിശ്വാസത്തെ പിന്തുണച്ചാല്‍ അത് വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ അവഹേളിക്കുന്നതിന് തുല്യമാണെന്നുമുള്ള അഭിപ്രായമാണ് വോട്ടര്‍മാര്‍ പങ്കുവെക്കുന്നത്. എന്നാല്‍ താന്‍ ഒറ്റക്ക് ഒരു തീരുമാനം എടുക്കില്ലെന്നും വാര്‍ഡിലെ ജനങ്ങളുടെ യോഗം വിളിച്ച് സംസാരിച്ച് അതിനനുസരിച്ചേ തീരുമാനമെടുക്കൂ എന്നുമാണ് സുനീഷ് ജോസഫ് പറയുന്നത്.

സ്വതന്ത്രനെ വരുതിയിലാക്കാന്‍ ചില ഓഫുകളുണ്ടെന്നും വാര്‍ത്തകളുണ്ട്. അതിനിടെ ശങ്കരംപാടി പ്രദേശത്തുള്ള മുപ്പതിലേറെ രക്ഷിതാക്കള്‍ പടുപ്പിലുള്ള ഒരു കേന്ദ്രത്തില്‍ ഒത്തുചേര്‍ന്നു. ആര്‍എസ്പി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാല്‍ ശങ്കരം പാടി സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളുടെ ടിസി വാങ്ങി മറ്റൊരു വിദ്യാലയത്തില്‍ ചേര്‍ക്കാനാണ് അവരുടെ തീരുമാനം.

കൂടുതല്‍ രക്ഷിതാക്കളെ തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവരാനും ഇവര്‍ ശ്രമം നടത്തുന്നുണ്ട്, പൊതുജന സമ്മതനായ മുന്‍ പഞ്ചായത്തംഗമാണ് രക്ഷിതാക്കളെ ഏകോപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. വാഹനസൗകര്യവും യൂണിഫോമും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാം എന്ന വാഗ്ദാനവും രക്ഷിതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

വിദ്യാലയത്തിലെ മുഴുവന്‍ ഡിവിഷനുകളെയും ഈ തീരുമാനം ബാധിക്കുന്ന അവസ്ഥയാണുള്ളത്. കുറ്റിക്കോല്‍ പഞ്ചായത്ത് വികസന ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആര്‍എസ്പി നേതാവ് ഹരീഷ് ബി നമ്പ്യാരെ പരിഗണിച്ചതിനെതിരെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ സിപിഎം നേതൃത്വത്തില്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിനകത്ത് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിനും മറ്റൊരുപഞ്ചായത്ത് അംഗത്തിനും അടിയേറ്റിരുന്നു.

അന്ന് ഹരീഷ് ബി നമ്പ്യാര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത സിപിഎമ്മിന്റെയൊപ്പം തന്നെ ആര്‍എസ്പി ഭരണത്തിലേറുമോ എന്നും കാത്തിരുന്ന് കാണേണ്ട വസ്തുതയാണ്. 16 അംഗ ഭരണസമിതിയില്‍ നാല് വിമത കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് ബിജെപിയും ഒരു ആര്‍എസ്പി അംഗവും ഒരു സ്വതന്ത്രനും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളും, എല്‍ഡിഎഫില്‍ സിപിഎമ്മിന് ആറും സിപിഐയുടെ ഒരാളും ഉള്‍പ്പെടെ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.

Related News:കുറ്റിക്കോല്‍ പഞ്ചായത്തില്‍ അവിശ്വാസപ്രമേയത്തിന് സിപിഎം നീക്കം; ആര്‍എസ്പി അംഗത്തെയും സ്വതന്ത്രനേയും കൂടെ നിര്‍ത്താനും ശ്രമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kuttikol, Panchayath, CPM, BJP, RSP, Congress, Protest, Dramatic movement on voting for vice president.